Monday, September 27, 2010

കറുത്ത മഴവില്ല് !!!

                                                      Abhilash



കറുത്ത മഴവില്ല് !!!

കൂട്ടുകാരാ പോകയോ നീ -
പാതി വഴിയില്‍ പറയാതെ;
പാട്ട് പൂര്‍ണമാക്കാതെ നിന്‍ -
കഥയ്ക്ക്‌ പേര്‌ കുറിക്കാതെ .

അമ്മതന്‍ കണ്ണുകള്‍ എരിയും തിരിയായ്
എണ്ണയില്ലാതെ നീറുമ്പോള്‍ .
പെങ്ങളുണ്ടരികില്‍ മറ്റൊരു കോണില്‍
വിറച്ചു വിറച്ചു വിതുമ്പുന്നു .

അച്ഛന്റെ കല്ലറയ്ക്കരികില്‍ നിന്‍ ചുരുളുകള്‍
പുക തീര്‍ത്തു വാനില്‍ പടരുമ്പോള്‍ .
മഴതോര്‍ന്ന വീടിനെ കരയാന്‍ തനിച്ചാക്കി
പാദങ്ങള്‍ ഓരോന്നായ്‌ വിടചൊല്ലി .

ഞങ്ങളീസ്നേഹിതര്‍ ഈ പാവം മനസ്സുകള്‍
വിങ്ങുന്ന നെഞ്ചുമായ്  പിരിയുന്നു  .
മഴ വീണു കുതിര്‍ന്നോരീ ചെമ്മണ്ണുപാതയില്‍
നീയില്ലാതെ മടങ്ങുന്നു  .

നല്ലൊരു നാളില്‍ നിന്‍ പുഞ്ചിരി കോര്‍ത്തൊരു
മഴവില്ല് നല്‍കി നീ കടന്നു വന്നു .
പിന്നൊരു നാളില്‍ കരിനിഴല്‍ വീഴ്ത്തി നീ
ആരോടും പറയാതെ കടന്നു പോയി .

മനസ്സില്‍ നിറയുന്ന മൌനവും  നൊമ്പര-
 പൂക്കളും ഓര്‍മ്മയില്‍ ബാക്കിയാക്കി .
ഈറനാം കണ്ണുനീര്‍ മുത്തുകള്‍ കോര്‍ത്തു
നിന്‍ അവസാന യാത്രയില്‍ യാത്രാമൊഴി .

Wednesday, August 4, 2010

കൊലുസ്സ് .




കൊലുസ്സ് .

കുളക്കടവില്‍ നോക്കി ...
വലിച്ചെറിഞ്ഞ മഞാടി മണികള്‍ പടവില്‍ തന്നെ ഉണ്ട് .
ഊഞ്ഞാല്‍ ചുവട്ടിലെ കരിയിലകള്‍ മാറ്റിയിട്ടില്ല...
മണ്ണിന്‍ ചിരട്ടയും പ്ലാവില കരണ്ടിയും മഴനനഞ്ഞ് കിടപ്പുണ്ട്.
കാവിലും ആല്‍ തറയിലും ഒറ്റയ്ക്ക് പോകില്ല ...
തണുത്ത്‌ വിറയ്ക്കുന്ന താടിയും നനഞ്ഞൊട്ടിയ നിക്കറുമായി തൊടിയിലൊക്കെ തിരഞ്ഞു .
പിന്നെ പുഴക്കരയിലെ കമഴ്ത്തി വച്ച വള്ളത്തിന്റെ പുറത്ത്
തല താഴ്ത്തി ഇരുന്നു .
"മുങ്ങി എടുത്തു തരാം " എന്നു പറഞ്ഞത് സത്യമായിട്ടു തന്നയാ .
പിന്നെ ആ പിണങ്ങുന്ന മുഖം കാണാന്‍
നീ എറിഞ്ഞപ്പോ "പറ്റിച്ചേ "!!
എന്നു ചുമ്മാ ഗോഷ്ടി കാട്ടി.
അവനിത് ആരോടെന്നില്ലാതെ പറയുമ്പോള്‍ വലുതുകയ്യില്‍ മുറുകെ പിടിച്ച വെള്ളിക്കൊലുസിനു പോലും ചിരിവന്നു .
പക്ഷെ കണ്ണില്‍ നിന്നും താടി ചേര്‍ത്തു വച്ച കാല്മുട്ടിലൂടെ , പിന്നെ കയ്യിലൂടെ ഇറങ്ങി വന്ന രണ്ടു മണി മുത്തുകള്‍ ആ ചിരി തഴുകി തണുപ്പിച്ചു കൊണ്ടു മണലില്‍ വീണു .
വരും! . കടക്കോണിലെ തുടച്ചു മാറ്റാത്ത തുള്ളിയും
പിണക്കം നിഴല് വീഴ്ത്തിയ മുഖവും
മുറിഞ്ഞു തീരാറായ നുറുങ്ങു തേങ്ങലും
ഉള്ളില്‍ എണ്ണ വറ്റാത്ത സ്നേഹത്തിന്റെ മണ്ണിന്‍ ചിരാതുമായ്‌.
അവള്‍ !.
കാത്തിരിക്കാം ...നമുക്കും !.

Monday, August 2, 2010

ഇത്ര മാത്രം !!!










ഇത്ര മാത്രം 

പലതും ആഗ്രഹിക്കും ...
നേടാനും ചിലത് തട്ടിപറിക്കാനും.
ലാഭങ്ങള്‍ കണക്കു കൂട്ടും ...
എന്നിട്ടും നഷ്ടങ്ങള്‍ ഏറ്റുവാങ്ങും .
ഒടുവില്‍ ലഭാങ്ങളെക്കാള്‍ നഷ്ടങ്ങളെ സ്നേഹിക്കും .
സ്വയം നഷ്ടപ്പെട്ടു തുടങ്ങുമ്പോള്‍ തിരിച്ചറിയും .
"സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും മാത്രമാണ്
ഭൂമിയില്‍ മനുഷ്യ ജന്മം എന്ന പരിപാവന സത്യം ."
തിരിഞ്ഞു നിന്നു  മാഞ്ഞു പോയ വഴികളെ നോക്കി നെടുവീര്‍പ്പിടും .
ഓര്‍മ്മകള്‍ മാത്രം ബാക്കിവച്ച് വീണ്ടും ജീവിക്കും . 
പരിഭവങ്ങളൊന്നും തന്നെ ഇല്ലാതെ .
നാം പോലുമറിയാതെ അവസാനിക്കും വരെ .
ഞാനും നീയും നമ്മുടെതുമായ എല്ലാം .

Saturday, July 31, 2010

ദൈവത്തെ കാണാം .!!!




ദൈവത്തെ കാണാം .!!!

പതിവാണിത് സന്ദര്‍ശനം നീണ്ട വരാന്തയില്‍ ,
ഈ ഇഴയുന്ന ചക്ര കസേരയില്‍ ; വീണ്ടുമോരുദിനം .
ഉണ്ടൊരു കോണിലായ് എന്റെ കാഴ്ചകള്‍ക്ക്
എന്നുമോരിരിപ്പിടം ഇടവഴിക്കരികിലെ ജനലിന്നരികിലായ് .

എന്തിഷ്ടമാണെന്നോ എനിക്കാ ഭംഗിയുള്ള ,
ജീവന്റെ ചലിക്കുന്ന തുടിപ്പുകള്‍ കാണുവാന്‍ .
പക്ഷെ ; ഇന്നാരാണവിടെ എന്നേക്കാള്‍ മുന്‍പേ ?!
അറിയില്ല അവള്‍ക്കും ,അറിയേണമെന്നുണ്ടെനിക്കും.

പേര്‌ ഉണ്ണിമോള്‍ , വയസ്സ് നാലു കാണും കഷ്ടി ,
ഒരു പൂ വിരിഞ്ഞു പുഞ്ചിരിച്ചു  നില്‍ക്കുന്നത് പോല്‍ .
ഓര്‍ത്തതെന്റെ  തൊടിയിലെ മുല്ലയെ ;എന്നെ നോക്കി,
കളിയാക്കി ചിരിക്കുമാ ജനലിന്നഴിയിലൂടെ വെറുതെ .

മാറ്റി നിര്‍ത്താതെ ഞാനെന്റെ മടിയിലിരുത്തിയാ കുരുന്നിനെ.
ഞങ്ങളോന്നിച്ചു കണ്ടു പറക്കുന്ന പക്ഷിയെ ,കാക്കയെ ,
ഓടുന്ന വണ്ടിയെ ,പിന്നെ ഒരുപാട് തിരക്ക് കൂട്ടുന്ന മനുഷ്യരെ .
അവളോരുമ്മയും തന്നു അഞ്ചു രൂപ മിട്ടായി മധുരത്തിന് പകരമായ് .

അല്പം കഴിഞ്ഞമ്മ വന്നെന്നെ മാറ്റി ,അവളെ നോക്കി
ചിരിച്ചു  നിന്നരികിലായ് ,പിന്നെ അകലെയായ് -
കൊണ്ടുപോയ് എന്നെയെന്‍ പതിവ് സന്ദര്‍ശനത്തിനായ്.
ഉണ്ടൊരു ചിരിയുമായ് കുഴല് തൂക്കിയ കഴുത്തുമായ് ദൈവം .

ഇടത്ത് വച്ചും വലത്ത് വച്ചും ചരിച്ചു വച്ചും
ശ്വാസം വലിച്ചു വിട്ടു കിടക്കയില്‍ നിവര്‍ന്നിരിക്കുമ്പോള്‍;
തിരക്കി ഞാനാ ഉണ്ണി മോളുടെ കാര്യങ്ങള്‍ വെറുതെ .
ഞെട്ടി തരിച്ചെന്റെ കാലുകള്‍ തളര്‍ച്ച ഇതാദ്യമല്ലെന്നറിയാതെ .

എന്റെ മധുരം കാര്‍ന്നു തിന്നു പുറത്ത് ചിരിച്ചു നില്‍ക്കുന്നതോ ?
അര്‍ബുദം നുണയുന്നോരാവണി പൂവോ ?
അച്ഛനറിയാതെ പോയോരമ്മയുണ്ട് പുറത്തു ഭിക്ഷയെടുക്കുന്നു .
അവള്‍ക്കു വേണ്ടിയല്ല, അരികൊണ്ടര വയറു നിറക്കുവാന്‍ വെയിലില്‍ .

ഓര്‍ത്തു പോയ്‌ ഞാനെന്റെ ശപിച്ചു തള്ളിയ രണ്ടു വ്യാഴവട്ടങ്ങളെ  ,
വെയിലേറ്റു ക്ഷീണിച്ച മൌനിയാം സായാഹ്നങ്ങളെ ,
മഴ തോര്‍ന്നു ശാന്തമാം പുലര്‍കാല സൂര്യ കണങ്ങളെ ,
കുളിര്‍ന്നു തണുത്ത്‌ പറന്നു മാഞ്ഞു പോം മഞ്ഞുമാസപ്പറവകളെ .

ഏകാമായിരുന്നാ കുരുവിക്ക് കൈകളില്‍ ഈച്ച പൊതിഞ്ഞ
മധുരത്തിന് പകരമായ് ഇവയിലേതെങ്കിലും ഒരെണ്ണം .
പകരുവാനാകാത്ത പകലിന്റെ ദൈര്‍ഘ്യമറിഞ്ഞു ഞാന്‍
ഉരുണ്ടു വണ്ടിയില്‍ പുറത്തേക്കു നീങ്ങവേ .

മടിച്ചുപോയ് ഒന്ന് നോക്കുവാന്‍ ഒരു യാത്ര പറയുവാന്‍ ,
അവള്‍ക്കില്ലാതെനിക്ക് തന്നൊരീ വിലയാര്‍ന്ന സമയത്തെയോര്‍ത്തു ഞാന്‍ .
കൊതിച്ചുപോയ് ഞാനെന്റെ വിറയാര്‍ന്ന പകലുകള്‍ ,
മഴ തോര്‍ന്ന പുലരികള്‍ , മഞ്ഞു വീണു നനഞ്ഞ മുന്തിരിത്തോപ്പുകള്‍ .

കണ്ടു ഞാനിന്നു കാത്തിരുന്ന ദൈവത്തെ .
കളിയായ്‌ , കാര്യമായ് , കാറ്റ് പോല്‍ നിശബ്ദമായ് .
ജന്മങ്ങളില്‍ നൂല് കോര്‍ത്ത്‌ രസിക്കുന്ന ,
പാവക്കൂത്ത്കാരനാം ..പാവം .. ദൈവം .!!!

Thursday, July 29, 2010

കണ്ണനുറങ്ങാന്‍!!!






കണ്ണനുറങ്ങാന്‍!!!

മഞ്ഞുള്ള രാവില്‍ നീ, എന്‍ മടി തൊട്ടിലില്‍
എന്നും മയങ്ങുന്ന കുഞ്ഞുവാവ .
മാനത്ത് രാവിന്‍റെ മേട്ടില്‍ ഉദിക്കുന്ന
മാമന്റെ ഓമന തിങ്കള്‍ കിളി .

മേടത്തില്‍ അമ്മയ്ക്ക് പൊന്നിന്‍ കണിയാകും
കണ്ണിന്‍ കണിക്കൊന്ന ആരിരാരോ ...
ചിങ്ങത്തിലൊരുകുമ്പിള്‍  തുമ്പപ്പൂ ചിരി തൂകും
പാലാഴി പൂ തിങ്കള്‍ ആരിരാരോ ...

കഞ്ഞെണ്ണി ചാലിച്ചു നീരാറ്റി വറ്റിച്ച -
കാച്ചെണ്ണ തേച്ചുണ്ണി നീരാടണം.
തേനും വയമ്പും കുങ്കുമപ്പൂവും -
എന്‍ നെഞ്ചിലെ പാലും നുണഞ്ഞിടേണം .

ഓട്ടു വിളക്കില്‍ തിരി വച്ച് കറ തീര്‍ത്തു
ചാലിച്ച കരിമഷി ചാന്തെടുത്ത്‌;
കണ്ണുകള്‍ ചിമ്മുന്ന നേരത്ത് കള്ളന്റെ
കണ്പീലി ഇതളുകള്‍ എഴുതിടേണം.

അറിയാതെ ഇഴയുന്ന നിമിഷങ്ങള്‍ എണ്ണാതെ
കൂവളപ്പൂവുകള്‍ കണ്ടിടേണം
കരയുന്ന നേരത്ത് കണ്ണുകള്‍ രണ്ടിലും
കണ്ണുനീര്‍ മുത്തിക്കുടിച്ചിടേണം.

അരമണിയാട്ടി നിന്‍ കുഴലുമായ് എന്നുമെന്‍ 
ആലില കണ്ണാ നീ അരികില്‍ വേണം .
എന്നുമാ കണ്ണിലെ കണ്മഷി പടരാതെ
പൊന്നിന്‍ കുടുക്കയെ കാത്തിടേണം .

Monday, July 26, 2010

മഴയില്‍ മുറിവേറ്റ ഭടന്‍!!!











 

മഴയില്‍ മുറിവേറ്റ ഭടന്‍

ഭാര്യയോട് -
മഴ കണ്ടു ഞാന്‍ നിന്‍റെ മിഴി കണ്ടു ഞാന്‍
കടക്കോണില്‍ ഓര്‍മ്മകള്‍ നോവാറ്റി വച്ചൊരാ-
നീര്‍ മണിയില്‍ മറയും നിഴല്‍പ്പാടു കണ്ടു ഞാന്‍ .
നിന്‍റെ ഹൃദയത്തിലൊഴുകുന്ന നീര്‍ ചാലു കണ്ടു ഞാന്‍ .
മറുപടി -
മഴ കൊണ്ടു നിന്നു നിന്‍  നിഴല്‍ കണ്ടു ഞാന്‍
കുട ചൂടി മറയുന്ന മഴ വീണ വഴികളില്‍
ഇടറുന്ന കാലടി മുറിപ്പാടു കണ്ടു ഞാന്‍
നിന്‍റെ മുറിവിലെ നീറും നിണപ്പാട് കണ്ടു ഞാന്‍ .
മടക്കയാത്ര -
പുഴ കണ്ടു ഞാന്‍ പിന്നെ തുഴ കണ്ടു ഞാന്‍
പുഴയിലെ മറയും തുഴപ്പാടു കണ്ടു ഞാന്‍ .
പുഴവരമ്പില്‍ നിന്‍റെ സ്വപ്‌നങ്ങള്‍ കണ്ടു ഞാന്‍ .
പണി പാതി തീര്‍ത്തിട്ട ശില്പങ്ങള്‍ കണ്ടു ഞാന്‍.
ഭടന്റെ കത്ത് -
രണ ഭൂവിലെത്തി ഞാന്‍ ഇവിടത്ത്തിലും പുഴ ;
മഴ വീണതല്ല ഇത് നിണമാണു പൊന്നെ .
അറിയില്ലിതാരെന്നും ആര്‍ക്കായി വീണെന്നും
എരിയുന്ന കണ്ണുനീര്‍ ഉരുകുന്നു കണ്ണില്‍ .
നാട്ടില്‍ -
പത്രത്ത്തിലാകെ പരസ്യങ്ങള്‍ വാര്‍ത്തകള്‍
പൊട്ടിത്തെറികളായ് എത്തുന്നു ചിത്രങ്ങള്‍ .
താളുകള്‍ ഓരോന്നും ഓമനേ നിന്മുഖം
തേടി തിരഞ്ഞു തളര്‍ന്നുറങ്ങീടുന്നു .
ഭാര്യയുടെ കത്ത് - 
ആദികള്‍ വായിച്ചു നിറയുന്നു  കണ്ണുകള്‍
മിഴിനീരു മായ്ക്കുന്ന കത്തിലെ വാക്കുകള്‍ .
പട വിട്ടു പോരൂ  നീ പിടയുന്നതെന്‍ മനം .
കണ്ണനെ കാണണ്ടേ ?പേരു വിളിക്കണ്ടേ ?
തിരിച്ചു വരവ് -
കണ്ണന്റെ അച്ഛനെ തേടിയ കത്തുമായ്
അച്ഛന്റെ കൂട്ടുകാര്‍ പെട്ടിയുമായെത്തി .
പെട്ടകം മുറ്റത്തു മഴ നനയാതെത്തി -
നില്‍ക്കുന്നു ചുറ്റിലും പട്ടാള വേഷങ്ങള്‍ .
ഭടനുവേണ്ടി -
പൂ പോലെ വാടിയെന്‍ ഓമലെ കാട്ടണം
പൂവാംകുരുന്നില കുഞ്ഞിനെ കാട്ടണം .
അച്ഛനെ കാട്ടണം അമ്മയെ കാട്ടണം .
പൂവുമായ് എത്തുന്നോരെല്ലാരും കാണണം.
മകനുവേണ്ടി  -
പിന്നെയും എന്തിന്നു പൂക്കുന്നു കായക്കുന്നു
പുഷ്പങ്ങള്‍ അര്‍പ്പിച്ചു പോരിന്നിറങ്ങുന്നു .
ഒന്നുമേ കൊണ്ടുപോകില്ല നാം ഓര്‍ക്കുക;
ഒരു തരി മണ്ണുമീ പൊന്നിന്‍ പതക്കവും .
 .
A Grand salute with tears...
To those souls...

Saturday, July 3, 2010

ഒരു പുലരിയില്‍ !!!







ഒരു പുലരിയില്‍ 


ഇലമഞ്ഞു പൊഴിയും വഴിയില്‍ ...
സുരലോകമുണരും  മിഴിയില്‍ ...

ഇലമഞ്ഞു പൊഴിയുന്ന വഴിയില്‍
സുരലോകമുണരുന്ന മിഴിയില്‍ 
അകലങ്ങള്‍ തേടാന്‍ അനുരാഗമോതന്‍
അറിയാതെ ഉഴറുന്ന കിളികള്‍

ഇലമഞ്ഞു പൊഴിയും വഴിയില്‍ ...
സുരലോകമുണരും  മിഴിയില്‍ ...

ഇനിനിറയും സ്വപ്‌നങ്ങള്‍ ഒരു വര്‍ണമാകും
ഇനി മൂളുമീണങ്ങള്‍ ഒരു രാഗമാകും
നിന്‍ കാതിലോതാന്‍ മോഴിയുന്നതെല്ലാം
അറിയാതെ അറിയാതെ അനുരാഗമാകും


ഇലമഞ്ഞു പൊഴിയും വഴിയില്‍ ...
സുരലോകമുണരും  മിഴിയില്‍ ...

ഹിമകണമതിനനുപമമിതു ജനിമൃതിയുടെ തീരം
ജലകണമണി നുരചിതറും രതിലയ ഭരഗീതം
കണ്ണോടു കണ്ണില്‍ കണി കണ്ടു നില്‍കാന്‍
ഒരു ദീപ നാളത്തിനോളി  ശോഭ മാത്രം

നിഴലിന്‍ ചലനങ്ങള്‍ മാത്രം .

ഇലമഞ്ഞു പൊഴിയുന്ന വഴിയില്‍
സുരലോകമുണരുന്ന മിഴിയില്‍ 
അകലങ്ങള്‍ തേടാന്‍ അനുരാഗമോതന്‍
അറിയാതെ ഉഴറുന്ന കിളികള്‍ ...