Saturday, July 31, 2010

ദൈവത്തെ കാണാം .!!!




ദൈവത്തെ കാണാം .!!!

പതിവാണിത് സന്ദര്‍ശനം നീണ്ട വരാന്തയില്‍ ,
ഈ ഇഴയുന്ന ചക്ര കസേരയില്‍ ; വീണ്ടുമോരുദിനം .
ഉണ്ടൊരു കോണിലായ് എന്റെ കാഴ്ചകള്‍ക്ക്
എന്നുമോരിരിപ്പിടം ഇടവഴിക്കരികിലെ ജനലിന്നരികിലായ് .

എന്തിഷ്ടമാണെന്നോ എനിക്കാ ഭംഗിയുള്ള ,
ജീവന്റെ ചലിക്കുന്ന തുടിപ്പുകള്‍ കാണുവാന്‍ .
പക്ഷെ ; ഇന്നാരാണവിടെ എന്നേക്കാള്‍ മുന്‍പേ ?!
അറിയില്ല അവള്‍ക്കും ,അറിയേണമെന്നുണ്ടെനിക്കും.

പേര്‌ ഉണ്ണിമോള്‍ , വയസ്സ് നാലു കാണും കഷ്ടി ,
ഒരു പൂ വിരിഞ്ഞു പുഞ്ചിരിച്ചു  നില്‍ക്കുന്നത് പോല്‍ .
ഓര്‍ത്തതെന്റെ  തൊടിയിലെ മുല്ലയെ ;എന്നെ നോക്കി,
കളിയാക്കി ചിരിക്കുമാ ജനലിന്നഴിയിലൂടെ വെറുതെ .

മാറ്റി നിര്‍ത്താതെ ഞാനെന്റെ മടിയിലിരുത്തിയാ കുരുന്നിനെ.
ഞങ്ങളോന്നിച്ചു കണ്ടു പറക്കുന്ന പക്ഷിയെ ,കാക്കയെ ,
ഓടുന്ന വണ്ടിയെ ,പിന്നെ ഒരുപാട് തിരക്ക് കൂട്ടുന്ന മനുഷ്യരെ .
അവളോരുമ്മയും തന്നു അഞ്ചു രൂപ മിട്ടായി മധുരത്തിന് പകരമായ് .

അല്പം കഴിഞ്ഞമ്മ വന്നെന്നെ മാറ്റി ,അവളെ നോക്കി
ചിരിച്ചു  നിന്നരികിലായ് ,പിന്നെ അകലെയായ് -
കൊണ്ടുപോയ് എന്നെയെന്‍ പതിവ് സന്ദര്‍ശനത്തിനായ്.
ഉണ്ടൊരു ചിരിയുമായ് കുഴല് തൂക്കിയ കഴുത്തുമായ് ദൈവം .

ഇടത്ത് വച്ചും വലത്ത് വച്ചും ചരിച്ചു വച്ചും
ശ്വാസം വലിച്ചു വിട്ടു കിടക്കയില്‍ നിവര്‍ന്നിരിക്കുമ്പോള്‍;
തിരക്കി ഞാനാ ഉണ്ണി മോളുടെ കാര്യങ്ങള്‍ വെറുതെ .
ഞെട്ടി തരിച്ചെന്റെ കാലുകള്‍ തളര്‍ച്ച ഇതാദ്യമല്ലെന്നറിയാതെ .

എന്റെ മധുരം കാര്‍ന്നു തിന്നു പുറത്ത് ചിരിച്ചു നില്‍ക്കുന്നതോ ?
അര്‍ബുദം നുണയുന്നോരാവണി പൂവോ ?
അച്ഛനറിയാതെ പോയോരമ്മയുണ്ട് പുറത്തു ഭിക്ഷയെടുക്കുന്നു .
അവള്‍ക്കു വേണ്ടിയല്ല, അരികൊണ്ടര വയറു നിറക്കുവാന്‍ വെയിലില്‍ .

ഓര്‍ത്തു പോയ്‌ ഞാനെന്റെ ശപിച്ചു തള്ളിയ രണ്ടു വ്യാഴവട്ടങ്ങളെ  ,
വെയിലേറ്റു ക്ഷീണിച്ച മൌനിയാം സായാഹ്നങ്ങളെ ,
മഴ തോര്‍ന്നു ശാന്തമാം പുലര്‍കാല സൂര്യ കണങ്ങളെ ,
കുളിര്‍ന്നു തണുത്ത്‌ പറന്നു മാഞ്ഞു പോം മഞ്ഞുമാസപ്പറവകളെ .

ഏകാമായിരുന്നാ കുരുവിക്ക് കൈകളില്‍ ഈച്ച പൊതിഞ്ഞ
മധുരത്തിന് പകരമായ് ഇവയിലേതെങ്കിലും ഒരെണ്ണം .
പകരുവാനാകാത്ത പകലിന്റെ ദൈര്‍ഘ്യമറിഞ്ഞു ഞാന്‍
ഉരുണ്ടു വണ്ടിയില്‍ പുറത്തേക്കു നീങ്ങവേ .

മടിച്ചുപോയ് ഒന്ന് നോക്കുവാന്‍ ഒരു യാത്ര പറയുവാന്‍ ,
അവള്‍ക്കില്ലാതെനിക്ക് തന്നൊരീ വിലയാര്‍ന്ന സമയത്തെയോര്‍ത്തു ഞാന്‍ .
കൊതിച്ചുപോയ് ഞാനെന്റെ വിറയാര്‍ന്ന പകലുകള്‍ ,
മഴ തോര്‍ന്ന പുലരികള്‍ , മഞ്ഞു വീണു നനഞ്ഞ മുന്തിരിത്തോപ്പുകള്‍ .

കണ്ടു ഞാനിന്നു കാത്തിരുന്ന ദൈവത്തെ .
കളിയായ്‌ , കാര്യമായ് , കാറ്റ് പോല്‍ നിശബ്ദമായ് .
ജന്മങ്ങളില്‍ നൂല് കോര്‍ത്ത്‌ രസിക്കുന്ന ,
പാവക്കൂത്ത്കാരനാം ..പാവം .. ദൈവം .!!!

No comments:

Post a Comment