Friday, July 24, 2009

ഓണവില്ല്...!!!

















ഓണവില്ല്...!!!





കുളിരായ്‌ തെന്നലായ്‌ വഴികളില്‍ കൂട്ട് വാ ..
പുലരിതന്‍ ഇളവെയില്‍ ചില്ലകള്‍ തഴുകി വാ .
മറവിതന്‍ മരുവിലായ്‌ ഒരു മരീചിയായ്‌ ...
ഓര്‍മയില്‍ നനവ് പകരുന്ന മഴമയില്‍പീലിയായ്‌ .

ഊയലാടുന്ന തുമ്പ മലരിന്‍റെ വെണ്മ ചിരിതൂകി വാ ..
തുമ്പികള്‍ പാടും ഓണം ഈണത്തില്‍ ഉള്ളിലായ്‌ മൂളി വാ .

നാക്കില തുമ്പു നിറയെ നിറയുന്ന സദ്യ വട്ടങ്ങളായ്..
ചടുല താളത്തിലിളകിയാടുന്ന വന്‍ പുലിക്കോലമായ്.
മണ്ണ് മേഞ്ഞു മിനുക്കി മെഴുകിയ ,
മുറ്റമിന്നു നിറഞ്ഞു നില്ക്കും ,
പുതിയ പൂക്കള കൂട്ടമായ്‌ വാ.

കാല്‍ ചിലങ്കകള്‍ താളമേകുന്ന നൃത്ത നൃതൃങ്ങളായ്..
എന്റെ നാടിന്റെ നെടു വരമ്പിലൊരു ഞാറ്റുപാട്ടായി വാ.
ചെണ്ട മേളങ്ങള്‍ ഇമ്പമേകുന്ന ,
കത്തി വേഷങ്ങള്‍ കെട്ടിയാടുന്ന ,
കഥകളി കോലമായ്‌ വാ.

പള്ളി ഓടങ്ങള്‍ ഒഴുകി അലയിടും കായലോളങ്ങളില്‍..
പഞ്ചവാദ്യ തിടമ്പ് ചൂടുന്ന മണ്ണില്‍ ഓണമായ്‌ വാ .
മലകള്‍ തഴുകുന്ന പുഴകള്‍ ഒഴുകുന്ന ,
ഹരിത ഭൂവിന്നു ശ്രുതി ഉണര്‍ത്തുന്ന ,
മലയ മലയാളമായ്‌ വാ .

പുതിയ മലരായ്‌ , ഓണ മലരായ്‌...
ഓണ വില്ലിന്‍ , നിറ നിലാവായ്‌..
അമ്മയായ്‌ , ഓണമായ്‌ ...
പുതിയ തിരുവോണമായ് വാ.......







Tuesday, July 21, 2009

ചില്ല് ജാലകം...!!






















ചില്ല് ജാലകം...!!

കണ്ണുനീരിന്റെ നനവ് ചാലിച്ച പഴയ വര്ണങ്ങളോര്‍മ്മകള്‍.
മങ്ങി നിന്നെന്റെ ചില്ല് ജാലക പാളിയില്‍ തീര്‍ത്തു ചാലുകള്‍.
പുലരി മഞ്ഞിന്‍റെ പുതിയ ദാവണി പുടവ ചൂടുന്ന വയലുകള്‍ .
തഴുകി ഓടുന്ന കൊലുസുകള്‍ തീര്‍ത്ത പ്രണയ രാഗങ്ങളോര്‍മ്മകള്‍ .

ഇന്നുമുണ്ടെന്റെ നെഞ്ഞ്ജിലായ്‌ നിന്റെ മുഖപടം തീര്‍ക്കുമോര്‍മ്മകള്‍ .
പിന്നിലായ്‌ വന്നു കണ്ണുകള്‍ പൊത്തി ഉമ്മകള്‍ നല്കുമോര്‍മ്മകള്‍ .
കടവ് കണ്ണാടി നോക്കി നീങ്ങുന്ന പുഴയിലോളങ്ങളോര്‍മ്മകള്‍ .
കുഞ്ഞു തെന്നലിന്‍ കൈകള്‍ വന്നു നിന്‍ മുടിയുലയ്ക്കുന്നതോര്‍മ്മകള്‍ .

ഇന്നുമുന്ടെന്റെ കണ്ണിലായ് നമ്മളന്നു തീര്‍ത്ത്തോരാ പൂക്കളം
ചെണ്ട് മല്ലികള്‍ , മുല്ലകള്‍ അഴകേഴു ചാലിച്ച പൂക്കളം .
പുതിയ മഞാടി മുത്തുകള്‍ തേടി വഴിനടന്നതിന്നോര്‍മ്മകള്‍ .
മാരിവില്ലിന്റെ വര്‍ണമെണ്ണി‍ നാം മഴനനഞ്ഞതിന്നോര്‍മ്മകള്‍ .

മഴയിലായിരം വര്‍ണമുണ്ടെന്നു കളി പറഞ്ഞതിന്നോര്‍മ്മകള്‍ .
ഒടുവിലിന്നിതാ മഴമണിത്തുള്ളി കൊണ്ടു വന്നു നിന്നോര്‍മ്മകള്‍ .
ഇന്ന് നീ എന്റെ കൂടെ ഉണ്ടെന്നു കളവു ചൊല്ലുന്നു തുള്ളികള്‍ .
ചില്ല് പാളിയില്‍ തെന്നി നീങ്ങുമീ കണ്ണുനീരിന്റെ ചാലുകള്‍ .

                                                                                               -Lipi

Wednesday, July 15, 2009

കാട്ടു നൊമ്പരത്തി !!





















കാട്ടു നൊമ്പരത്തി !!

ഇനിയെന്‍റെ കാടിന്‍റെ നൊമ്പരം കേള്‍ക്ക നീ ,
ഇനിയെന്‍റെ മാറിന്‍റെ നൊമ്പരം കേള്‍ക്ക നീ .
ഒരുകുടം പേമാരി നിറകുടം പെയ്യുന്നു -
അടിയന്‍റെ കാടിന്‍റെ അടിവേരുമോഴുകുന്നു .

തലവെട്ടി ഇലമാറ്റി നിര്‍ത്തിയ മാമരം -
അടിയോടെ കടപുഴകി മണ്ണില്‍ പതിക്കുന്നു .
കാച്ചിലുകള്‍ കായ്ക്കുന്ന മേച്ചില്‍ പുറങ്ങളില്‍ -
മണ്ണിന്‍റെ മണമുള്ള ചോരമഴ പെയ്യുന്നു.

കാടിന്‍റെ കൊച്ചു കുറുമ്പനാം ഉണ്ണിയെ -
പൊട്ടാസ് പൊട്ടിച്ചു പടുകുഴിയില്‍ വീഴ്ത്തുന്നു.
വമ്പുകള്‍ കാട്ടുന്ന വന്‍പുലി ഒന്നിനെ -
പച്ചയ്ക്ക് ചീന്തുന്നു കമ്പളം തീര്‍ക്കുവാന്‍ .

കാടിന്‍റെ ഓമന കൊമ്പന്‍റെ ദന്തങ്ങള്‍ -
അറവാളു പല്ലുകള്‍ കാറി മുറിക്കുന്നു .
കാടിന്‍റെ നിശ്വാസമീണങ്ങള്‍ തീര്‍ക്കുന്ന
പാഴ്മുളം തണ്ടുകള്‍ ചുട്ടു കരിക്കുന്നു .

കാടിനെ കാക്കണം നാടിനെ കാക്കണം .
കാടിന്‍റെ മക്കളുടെ മാനങ്ങള്‍ കാക്കണം .
അടരാടി നേടുവാന്‍ അമ്പുകള്‍ ,വില്ലുകള്‍ ,
അരിവാളുമല്ലാതെ അടിയനെന്താആയുധം .

ഭൂമിയെ പിളരുന്ന വിള്ളലുകളടയുവാന്‍
ഇനി വരും തലമുറകളടിവേര് തീര്‍ക്കണം .
അടിയനെ കാക്കണം അടിയോടെ കാക്കണം
അടിയന്‍റെ വേരുകള്‍ മുറിയാതെ നോക്കണം .






Wednesday, July 1, 2009

ഇടവേള ...!!!





















ഇടവേള ...!!!

കുമിയുന്ന പ്രാരാബ്ധ പടലങ്ങളൊക്കെയും
പേറുന്ന ജീവിത ചിറകഴിച്ചൊരുദിനം.
എരിയുന്ന സൂര്യന്‍റെ വര്‍ണങ്ങളലിയുന്ന
അലകടല്‍ തീരത്ത് വന്നിരിക്കാം .

മണലിന്‍റെ തിട്ടകള്‍ ഉഴുതുമറിച്ചിടാം
നനമണല്‍ കൊണ്ടൊരു കോട്ട കെട്ടാം
തീരത്ത് തെണ്ടുന്ന കൊച്ചു ബാല്യങ്ങളായ്
ഓര്‍മ്മതന്‍ ചിപ്പികള്‍ കണ്ടെടുക്കാം .

ഒരുപാടു നട കൊണ്ട പിഞ്ചു പാദങ്ങളെ
തഴുകുന്ന തിരകളെ കണ്ടുനില്‍ക്കാം .
മേല്‍ക്കുമേല്‍ ഉയരുന്ന അലകളെ പേടിച്ചു
പിന്നോട്ട് പിന്നെയും വന്നു നില്‍ക്കാം .

ചൂളം വിളിക്കുന്ന കാറ്റിന്‍റെ ഈണങ്ങള്‍
ഈരണ്ടു വരികളില്‍ ചേര്‍ത്തെടുക്കാം.
കനവിന്‍റെ പട്ടങ്ങള്‍ ഉയരെ പറത്തുവാന്‍
കാറ്റിന്‍റെ കൈകളില്‍ വച്ചുനോക്കാം .

ഒരുപാടു കഥ പറഞ്ഞടിയുന്ന കടലിന്‍റെ
ഉമിനീര് തൊട്ടെടുത്തുപ്പുനോക്കാം.
നനയുന്ന മണലിന്‍റെ തരികളില്‍ കാലൂന്നി
ഓര്‍ക്കുവാന്‍ കാലടിപ്പാടുതീര്‍ക്കാം .

വിട ചൊല്ലി മറയുന്ന അരുണന്‍റെ കിരണങ്ങള്‍
ഒരു നുള്ള് നെറുകയില്‍ തിലകമാക്കാം.
ഇരുളിന്‍റെ കരിനിഴല്‍ കരകളില്‍ പടരുന്ന-
നേരത്ത് പിന്നെയും ചിറകുതേടാം.

                                                               -Lipi