Monday, February 27, 2012

ഭവനഭേദനം !!!

ഭവനഭേദനം !!!
============

അടയാളങ്ങള്‍ കൃത്യമായിരുന്നു .
ചിറകരിഞ്ഞ നിലവിളികള്‍
കൈത്തുറുങ്കില്‍ നിശബ്ദരായി  .
മരിച്ചിട്ടും മരിക്കാത്ത കണ്ണുകളിലെ
പുഞ്ചിരിയാണ് എന്നെ കള്ളനാക്കിയത് .
ഭവനഭേദനമായിരുന്നില്ല ലക്‌ഷ്യം
അതിനായ് ആരും മുന്‍കൂര്‍
പണം വാങ്ങി ഏല്‍ക്കില്ല .
എന്നിട്ടും ആ മോതിരം മാത്രം
ഞാന്‍ കവര്‍ന്നു
പര്‍ദയിട്ടു പണം തന്ന കൈകളില്‍
ഞാനത് കണ്ടിരുന്നു
ഇനിയാരും തിരക്കി വരില്ലെന്നും
എനിക്ക് തോന്നി .

അങ്ങനെ ഒരു ആത്മഹത്യ
കൊലപാതകവും
ഭവനഭേദനവുമായി .

                                            -Lipi













ഹൃദയപ്പാതി കനക്കുമ്പോള്‍ !!!

എന്‍റെ ഹൃദയത്തില്‍ ,
ഉച്ചിയില്‍ ,
മട്ടുപ്പാവില്‍ .

നിന്റെ ചിരി പടര്‍ന്നു -
പന്തലിച്ച ചെടികളില്‍
ചിരിക്കുന്ന പൂക്കളില്‍ ,
സ്നേഹം തുള്ളികളായ്
മുട്ടയിട്ടു പെരുകുന്നു .

കനത്ത്  കട്ട പിടിച്ച്
പെയ്യാന്‍ ഒരുങ്ങി നില്‍ക്കുന്നു .


മിഴികളില്‍ ,
കാഴ്ചയുടെ ;
ഉത്തുംഗ ശൃംഗങ്ങളില്‍.,
സ്വപ്നങ്ങളുടെ
താഴ്വാരങ്ങളില്‍

മഴ ,
പ്രളയം ,
പ്രണയം.

                                                 -Lipi

Thursday, February 23, 2012

ഉറ്റവരറ്റുപോകുമ്പോള്‍ !!!

ഉറ്റവരറ്റുപോകുമ്പോള്‍ !!!
======================

മുഷ്ട്ടി ചുരുട്ടി ,
പല്ലിറുമ്പുന്നൊരു ഭ്രൂണം
യമലോകത്തിലും
കാത്തിരിപ്പുണ്ടാകുമോ?!
അമ്മയ്ക്കുമച്ഛനും
രണ്ടു പിച്ചാത്തികളുമായ് .

                                                 -Lipi

അസുരന്‍ .!!!

അസുരന്‍ .!!!
===========

പൊന്നു മായുന്ന സന്ധ്യയില്‍ ,
മഞ്ഞു വീണ്-
ഇരുട്ട്  പരക്കുന്ന കുളക്കടവില്‍;
ആകെ നനഞ്ഞ് ,
തുള്ളി ഇറ്റുന്ന മുടിയഴിച്ചിട്ട -
പേരാലിനെ,
ഒറ്റയ്ക്ക് തുറിച്ചു നോക്കുന്നു .

കറുത്ത പുകച്ചുരുളുകള്‍ പിന്നിലായ്
കുമിഞ്ഞു പുകയുന്നോരസുരനെപ്പോലെ
വിയര്‍ത്തു നില്‍ക്കുന്ന കാഞ്ഞിരം .

                                                               -Lipi

Tuesday, February 21, 2012

ചുംബനം !!!

ചുംബനം !!!
=========
ഞാന്‍  പിറന്ന മണ്ണില്‍
എന്‍റെ സ്വച്ഛ ഗേഹത്തില്‍  .
ഉച്ചയുറക്കം മതിയാക്കി
ഉമ്മറത്തിറങ്ങിയാല്‍  ,
കലപില കൂട്ടുന്ന കാറ്റുകള്‍ക്കിടയില്‍
ഇലമറച്ചു ചുംബിക്കുന്ന മരങ്ങളെ കാണാം
ചുണ്ടുകള്‍ പങ്കു കൊള്ളാത്ത
ചുംബനങ്ങള്‍ കാണാം .

                                            -Lipi

മണമുള്ള പുഞ്ചിരികള്‍!!

മണമുള്ള പുഞ്ചിരികള്‍!!!!! !!!!!! !!!!
======================
മുറ്റത്ത് ; മാവില്‍
അള്ളിപ്പിടിച്ചിരുന്ന -
കുഞ്ഞു മുല്ല വള്ളികള്‍.,
വിരലടര്‍ത്തി മാറ്റി നട്ടവയില്‍
പകലന്തിയോളം പിണക്കം -
മൊട്ടുകളായ് തല കുനിച്ചിരുന്നു .
രാത്രി ഏറെ വൈകി
അവയിലോരോന്നും
മണമുള്ള പുഞ്ചിരികള്‍
നല്‍കിയാണ്‌ അത് അവസാനിപ്പിച്ചത് .

                                                      -Lipi

കുറവുകള്‍ !!!

കുറവുകള്‍ !!!
============
വൃദ്ധ സദനത്തില്‍ ഒരമ്മയുടെ
പിണത്തിനു ഭാരക്കുറവ് .
നാലു പേര്‍ക്ക്  പകുത്തു പോയ
പൊക്കിള്‍ കൊടിയുടെ ഭാരം   .
ചിത  ഉറങ്ങും വരെ  കുറവ്
കുറവായി തന്നെ കൂട്ട് നിന്നു .

                                             -Lipi

ജാതകം !!!

ജാതകം !!!
========
രാശ്യാധിപന്‍ ഇടഞ്ഞു നില്‍ക്കുമ്പോഴും
എന്‍റെ നോട്ടം അഷ്ടമത്തില്‍ ആയിരുന്നു .
ഇല്ല ; കാണാനില്ല ,ഇതും അവളല്ല .
ആരെങ്കിലും കണ്ടോ എന്‍റെ ചൊവ്വയെ ?

മുനയുള്ള വാക്കുകള്‍ വലിചൂരുമ്പോള്‍
ചിരി പടരുന്ന ,തുന്നിക്കെട്ടിയ-
മുറിപ്പാടുകള്‍ക്കിപ്പുറം ഹൃദയത്തില്‍
ചോര പൊടിയുന്നുണ്ടായിരുന്നു .

                                                      -Lipi

Friday, February 17, 2012

പേരില്ല !!!

തനിച്ചായിരുന്നു നിനക്ക് മുന്‍പ് ;
നീയും ,ഞാനും .
ശീല്‍ക്കാരങ്ങള്‍  ഇല്ലാതെയാണ്
നീ വന്നത് .
ചിലങ്കയും ചിലമ്പും കൈവളകളും
കലമ്പലും  ഇല്ലാതെ .
കണ്ണുകളിലേക്കു നോക്കിയിരുന്നാല്‍
നിലാവ് കാണാം .
ആഴങ്ങളിലേക്ക് നീ ഇറങ്ങി പോയി
പല്ലുകളാഴ്ത്തി .
തുള വീണ ഹൃദയത്തിലും ധമനികളിലും
കറുത്ത രക്തം.
ഞാന്‍ വാര്‍ന്നു തീര്‍ന്നു കട്ടപിടിക്കും മുന്‍പ്
അറിഞ്ഞിരുന്നെങ്കില്‍ .
ഈ വരികള്‍ക്ക് ഞാന്‍ നിന്റെ പേര് കൊണ്ട്
തിലകം ചാര്ത്തിയേനെ.

                                           -Lipi

Thursday, February 9, 2012

പുലരി !



എന്റെ പാട്ടിലലിഞ്ഞു ചെര്‍ന്നുയരുന്ന രാഗങ്ങള്‍ .
നിന്‍റെ ചൊടിയിലെ  നൃത്തമാടും സ്വര മയൂരങ്ങള്‍ .

മന്ത്ര വീണാ തന്ത്രിയില്‍ പിറന്ന നാദങ്ങള്‍
നിന്‍റെ ഹൃദയമുടുക്കു കൊട്ടിയ ധ്വനി തരംഗങ്ങള്‍ 

എന്‍റെ പേന തുമ്പടര്‍ന്നു പടര്‍ന്ന ഛായങ്ങള്‍. .
നിന്‍റെ നീലക്കണ്ണിലെരിയും  കൃഷ്ണ കാന്തങ്ങള്‍ .

വസന്തമിവിടെ മറന്നു വച്ച വര്‍ണ്ണമേഘങ്ങള്‍  .
പുലരിനാളമിഴകളിട്ട കസവ് ചേല പുടവകള്‍ .

നിന്‍റെ പുടവ തുമ്പു തഴുകി ഉലഞ്ഞ സൂനങ്ങള്‍ 
കുഞ്ഞു സൂര്യനെ നെഞ്ചിലേറ്റിയ  മഞ്ഞണിഞ്ഞ കുറിഞ്ഞികള്‍ .