Sunday, May 6, 2018

സന്ധ്യ !


വിരുന്ന് പോയ തിരകളൊന്നും
തിരിച്ചുവന്നില്ല.
വിളക്ക്  മരവും ,
തുള വീണ തോണിയും ,
ഞാനും.
അവരവരുടെ തീരങ്ങളിൽ-
തനിച്ചായിരുന്നു.

                                   -Lipi 

Tuesday, March 27, 2018

മടക്കം

കാറ്റ് കുറുക്കിയ  പാട്ട് വേണം
കാറ് മാഞ്ഞ വാനം പോലെ തെളിഞ്ഞൊരീണവും.

മുല്ല വള്ളി പടർന്ന വരികൾ
സുഗന്ധം പരത്തണം.

മുറിഞ്ഞു പോയ വഴികളിലെ തണലിനും 
തണുപ്പിനും, നന്ദി പറയണം.

മണ്ണിന്റെ കണ്ണിലെ മഞ്ഞു കോർത്തൊരു  
മാല തീർക്കണം.

തിരിഞ്ഞു  നോക്കാതെ മടങ്ങണം.
പാടി മുഴുവിക്കാതെ ഭൂമിയിൽ പാട്ട് നിർത്തണം.

                                                     -Lipi

Wednesday, December 20, 2017

മൺകൂനകൾ

മൺകൂനകൾ
=============
"ചില്ലയിൽ ഇലകൾ
മൗനമായ്‌ പൊഴിയുമ്പോഴും;
മുന്നിലൊരു പുഴ നിലയ്‌ക്കാതെ
ഒഴുകുമ്പോഴും;

കുഞ്ഞു വിരലുകൾ
ഉപേക്ഷിച്ചു പോയ  മൺചിരട്ട പോലെ,
നീ എടുത്ത് തിരിച്ചു വച്ച
ഹൃദയം.

ഞാൻ ഇനിയും തരാം.
നിനക്ക്  മതിവരുവോളം
മൺകൂനകൾ
തീർക്കാൻ.

വിളക്ക് വയ്ക്കും ഞാൻ
ഓരോ സന്ധ്യയിലും
പതിവായ്.
ആ മൺകൂനകളിൽ."
                                              - Lipi

പൂമരങ്ങൾ

പൂമരങ്ങൾ
==========
"പറഞ്ഞു തീർന്ന പ്രണയവും,
പെയ്തു തീർന്ന മഴയും,
പറയാതെ പോയ-
പെയ്യാതെ പോയ-
മേഘങ്ങളും,
പൂമരങ്ങൾ എത്ര കണ്ടു കാണും"
                                               
                                                    -Lipi

Sunday, September 17, 2017

കാറും കോളും


പ്രണയമുണ്ടായിരിക്കാം
പകലുപോൽ പരന്നു നാം
പറന്ന വഴികളിൽ .

കനവുകൾ കൊണ്ടായിരിക്കാം
മുറിവുകൾ മായാതെ
ഉണങ്ങാതെ ഇങ്ങനെ .

പെണ്ണൊരു  കാറ്റാണ്
മുടി അഴിച്ചിട്ട കാറ്റ് .
പ്രണയം ചിലപ്പോഴൊക്കെ
കാലം തെറ്റി പെയ്യുന്ന മഴയും  .

                                              -Lipi

Saturday, June 11, 2016

ഉദയം !!!

പൂ വിരിഞ്ഞു .
പുഴ വിരിഞ്ഞു .
പുലരികൾ ,
പൂത്തുലഞ്ഞു .

പുൽനാമ്പുകളിൽ .
പൂവിട്ട -
കിരണങ്ങൾ .
പൂമ്പാറ്റകളായ് -

പറന്നുയർന്നു ..

                                  -Lipi
                              

Friday, June 10, 2016

അർദ്ധ വിരാമം!!

കടലാസിനോട് 
പ്രണയം 
പറയും മുൻപേ 
പേന 
ചോര വാർന്നു 
മരിച്ചു .

                                     -Lipi