Sunday, July 31, 2011

"വാവ് ബലി"!!!

"വാവ് ബലി"!!!
==============
"ദര്‍ഭയണിഞ്ഞ്,
എള്ള് കുടഞ്ഞ്,
ഉരുട്ടിവച്ച-
മൂന്നുരുളകളില്‍
വന്നിരുന്ന്,
ഗോഷ്ഠി കാട്ടി-
പറന്നുപോയത്;
അവരിലാരായിരിക്കും"?!!!

കിണ്ടിയിലെ
ശിഷ്ട ജലത്തില്‍
കാലു കഴുകിക്കൊണ്ടിരിക്കെ
മൂന്നു വയസ്സു തോന്നിക്കുന്നൊരു
അനാധ ബാല്യം
ചോദ്യത്തോടൊപ്പം
ഒരു പുഞ്ചിരികൂടി
ദക്ഷിണ വച്ചോടിപ്പോയി...

"സാക്ഷികള്‍ "!!!

"സാക്ഷികള്‍ "!!!
==============

പകല് കത്തി-
കരിഞ്ഞു വീഴുന്നോരീ 
കനല് കത്തുന്ന-
സന്ധ്യകള്‍  സാക്ഷികള്‍ 
ചിറകു കൊട്ടി കുടഞ്ഞു-
പോകുന്നോരീ 
പറവരാജികള്‍ മൂക-
ദൃസ്സാക്ഷികള്‍ .
മണലില്‍ ഉമ്മവച്ചു-
മ്മവച്ചടിയുന്ന; 
തിരകളെത്രയോ-
പ്രണയത്തിന്‍     
സാക്ഷികള്‍ .

"വരമ്പ്"!!!


"വരമ്പ്"!!!
======

നീ അറിഞ്ഞോ പൂവേ,
നീ അറിഞ്ഞോ പൂവേ
എന്‍ മനസ്സില് പൂ വിരിഞ്ഞൊരു-
കാരിയം നീ അറിഞ്ഞോ?!

നീ അറിഞ്ഞോ പൂവേ
ഞാന്‍ ഇന്നൊരുവളെ കണ്ടൂ;
കണ്ണുകൊണ്ടോരു കെണി എറിഞ്ഞതാ-
കണ്ണിലൊന്നു കൊണ്ടു;

കറുത്തിട്ടല്ലവള്‍ പൂവേ
വെളു-വെളുത്തിട്ടാണവള്‍ പൂവേ.
അടുത്തുനിന്നാല്‍ കറുത്തു പോകും
വെളുത്തവാവും പൂവേ.

പാടവരമ്പത്തൂടെ-
അവളോടി നടന്ന നേരം
പാറി വന്നൊരു പൈന്കിളി -
ഒരു പാട്ടു പാടി പൂവേ.

നീ അറിഞ്ഞോ പൂവേ
ഞാനിന്നുമവളെ കണ്ടു
കുളക്കടവില് കുളികഴിഞ്ഞ്-
മടങ്ങിവന്ന നേരം.

ഞാന്‍ ചൊന്നൊരു കാര്യം;
ആ കാറ്റു പറഞ്ഞ നേരം;
കാമിനിയവള്‍ കാലുകൊണ്ടൊരു-
കളം വരച്ചു പൂവേ.

കാട്ടു കൂവള പൂവേ
പൊന്‍ ചിങ്ങ മാസം വന്നേ,
തോഴിയവളെ താലികെട്ടി,
കൂടെ കൂട്ടി ഞാനേ.

മാമലയുടെ മുകളില്‍
മൂവന്തി മുറുക്കും നേരം,
മാമടിയില്‍ കണ്മണിയവള്‍;
മയങ്ങുകയാ പൂവേ.

മാറി നില്ക് പൂവേ...
നീ മാറി നില്ക് പൂവേ...

Wednesday, July 27, 2011

"വിശപ്പ്"!!!


വിശപ്പ്!!!
=======
വിശക്കുന്നെന്നുണ്ണി പറഞ്ഞു.
വിശപ്പില്ലെന്നമ്മയും.
എന്നിട്ടുമയാളത്-
രണ്ടിനും കൊടുത്തു.
കഴുക്കോലിലൊരൂഞ്ഞാലും കെട്ടി;
ഉറക്കമായി.
മരണം അത്താഴം കഴിഞ്ഞ്,
ഏമ്പക്കവും വിട്ട്,
ഉറങ്ങാന്‍ കിടന്നു.

                                   -Lipi

"ബാപ്പു."!!!


ബാപ്പു.!!
-----
ജ്വലിക്കുന്ന കണ്ണുകള്‍ക്കെന്തിനാ കണ്ണട.
ഉറച്ച കാലുകള്‍ക്കെന്തിനാ ദണ്ഡ്.
ഒരിക്കലീ മനുഷ്യനെ
കാണാതെ പോകുവോര്‍ക്ക്-
എടുത്തു വയ്ക്കാനുപേക്ഷിച്ചു
പോയതോ?
അഹിംസയെ മറക്കുമ്പോള്‍
ഹിംസിക്കുവാന്‍ ദണ്ഡും.

"ഇതെന്‍റെ ജന്മഭൂമി"!!!


ഇതെന്‍റെ ജന്മഭൂമി
===================
മഴനൂല് മീട്ടുന്ന മണിവീണയാണെന്‍റെ
മലയാളമുറങ്ങുന്ന ഭൂമി.

മണ്ണിലും വിണ്ണിലും മഴവില്ല് കോര്‍ക്കുന്ന
മഴത്തുള്ളി പെയ്യുന്ന ഭൂമി.

സഹ്യന്‍റെ വിരിമാറില്‍ അരുവികള്‍ അലന്കാര-
മാലകള്‍ ചാര്‍ത്തുന്ന ഭൂമി.

പുഴകളില്‍ അലകള്‍ വിരല്‍തുമ്പുകളാല്‍
കവിതകളെഴുതുന്ന ഭൂമി.

ഇത് മവേലിമന്നന്‍റെ മഹിമകള്‍ പാടും
പൊന്നോണമുണരുന്ന ഭൂമി.

അമ്പല നടയിലെ അരയാലിലകളില്‍
അരഞ്ഞാണമണിയുന്ന ഭൂമി.

ഇത് വയലാറും ഒവിയും ഒഎന്‍വിയും
ഇതിഹാസമെഴുതിയ ഭൂമി.

ഹിന്ദുവും ക്രിസ്ത്യനും മുസല്‍മാനുമായി നാം
ഇഴചേര്‍ന്നു വാഴുന്ന ഭൂമി.

മണ്ണിലീ ഭൂമിയിലിനിയൊരു ജന്‍മത്തി-
ലിനിയും പിറവികളുണ്ടെന്കിലപ്പൊഴും.

ഇവിടെ പിറക്കേണമീഹരിത ഭൂമിയില്‍
ഇനിയും മരിക്കണം മനുഷ്യനായ് മാത്രം.

Tuesday, July 26, 2011

ഭാര്യ..!!!


ഭാര്യ
====
ഇവളൊരു സുന്ദര കവിത.
അലന്കാരമില്ലാത്ത കവിത.

അര്‍ത്ഥങ്ങളറിയാതെ,
വൃത്തങ്ങളില്ലാതെ,
അഴകായെഴുതിയ കവിത.

മറക്കാതിരിക്കാന്‍
മനുഷ്യനു മാത്രം
മനസ്സുകള്‍ നല്കിയ ദൈവം.

ഭൂമിയിലെനിക്കായ്
തൂലികയില്ലാതെ
എഴുതിയതാണീ കവിത.

അര്‍ത്ഥ ഗര്‍ഭങ്ങളാം
എന്‍ കാമനകളെ
ഉദരത്തിലുറക്കുന്ന കവിത.

ആശയമുണ്ണിയായ്
അവതരിച്ചാല്‍ സ്വയം
അമ്മയാകുന്നവള്‍ കവിത.

കാവ്യമനോഹരി കവിത.
ഇവളെന്‍റെ സ്വന്തം കവിത.




Monday, July 25, 2011

"ആകാശം ....പാടുമ്പോള്‍"!!!


"ആകാശം ....പാടുമ്പോള്‍  .....മഴ
ആകാശം  മഴ പാടുമ്പോള്‍...
നയനങ്ങള്‍ സംഗീതം  കേള്‍ക്കുന്നു .
കാതുകള്‍ സൌന്ദര്യം  രുചിക്കുന്നു ."

Thursday, July 21, 2011

"ഇരുട്ടിലേക്ക്"!!!


ഇരുട്ടിലേക്ക്
=========
അച്ഛനെ ഉണര്‍ത്താതെ,
അമ്മയറിയാതെ,
കാട്ടുവഴി പിന്നിട്ട-
പാദങ്ങളെ തേടി;
കാക്കിയും കാക്കയും
കാക്കിയില്ലാത്ത നായ്ക്കളും
ചെകുത്താന്‍റെ അടുക്കളയില്‍
അടുപ്പിലേക്കെത്തിനോക്കുന്നു.

കൂര്‍ത്ത മഴച്ചീളുകള്‍
തറിച്ചു വീഴുന്ന
പാറ വിടവിലൂടെ
വെളുത്ത പുകച്ചുരുളുകള്‍
കിതച്ചു പൊങ്ങി
വെള്ളിമേഘങ്ങള്‍
തീര്‍ക്കുമ്പൊള്‍
മരണം മണക്കുന്നു.

                                  -Lipi

"അരുവികള്‍"!!!


"അരുവികള്‍"
=======
"ഉദിച്ചു പൊങ്ങുന്ന സൂര്യനും
കുതിച്ചു തുള്ളുന്ന അരുവിയും
മദിച്ചു വാഴുന്ന മനസ്സുമായ്
കിതപ്പു മാറാത്ത ബാല്യവും.

കൊരുത്ത വച്ചൊരു മാല
നൂര്‍ന്നടര്‍ത്തിവിട്ട മുത്തുകള്‍.
മണിച്ചിലമ്പിന്‍റെ നാദമായ്
കുടിച്ചതെന്‍റെ കാതുകള്‍."

                                          -Lipi

Tuesday, July 19, 2011

"ഓര്‍മ്മ"!!!

"ഓര്‍മ്മ"
======

ഇവിടെ മഴ പൊഴിയും
ചിലന്ക കെട്ടികൊണ്ട്.
ഞങ്ങളെത്ര നനഞ്ഞതാ!

ഇവിടെ മഞ്ഞു പൊഴിയും
തോളുരുമ്മിക്കൊണ്ട്‍‍.
ഞങ്ങളെത്ര കുളിര്‍ന്നതാ!

വാകമരച്ചുവട്ടിലും തേക്കുമരങ്ങള്‍ക്കിടയിലും,
പ്രണയങ്ങള്‍ പൂക്കും.
ഞങ്ങളെത്ര കണ്ടതാ!

ആരൊക്കെയോ പാടും
ഓര്‍മ്മകള്‍ നൃത്തം വയ്ക്കും.
ആരൊക്കെയൊ എഴുതും
ഹൃദയങ്ങള്‍ ഓര്‍ത്തു വയ്ക്കും.

ഇവിടെ ഈ നാലു ചുവരിന്‍റെ
ഓരങ്ങളില്‍,
ഇരിപ്പിടങ്ങളില്‍,
ഇപ്പോഴും കാണും;
തകിടു കൊണ്ട് പോറിയും,
മഷി പടര്‍ത്തിയും,
അടയാളമിട്ടും,
ഇഷ്ടം ഇഴകളിട്ടു നെയ്തെടുത്ത;
ഓരായിരം സൗഹൃദങ്ങള്‍.

Sunday, July 17, 2011

"വീണ്ടും ഒരോണം"!!!

"വീണ്ടും ഒരോണം"
============
തുമ്പിയെ കൊണ്ടു നാം-
കല്ലെടുപ്പിച്ചതും.

തുമ്പ വിളമ്പി-
ഒരൂണു കഴിച്ചതും

കുന്നി മണികളെ-
നോക്കി ചിരിച്ചതും

രാമനായണയുന്നു
നാക്കില മുന്പിലായ്.

വീണ്ടുമാ ഓര്‍മ്മകള്‍
ഓണമായ് നുണയുവാന്‍.

സീത നീ നെറ്റിയില്‍
മുക്കൂറ്റി ചാര്‍ത്തവെ...

                             -Lipi

Saturday, July 16, 2011

"ആ ഒരു തുള്ളി രക്തം"!!!

"ആ ഒരു തുള്ളി രക്തം"
================

"എടാ ചെകുത്താനെ
നിനക്കെന്നോട്
ശരിക്കും
പ്രണയമുണ്ടോ?"

"എടീ പൂതമേ
ഞാന്‍ ഊതിവിടുന്ന ജീവന്‍
പറന്നു പോയാലും
ഒഴുക്കു നിലച്ച
ധമനികളിലോരോ
മൂലയിലോരോ
തുള്ളി രക്തത്തിലും
കിനിയുന്നുണ്ടാകും
എനിക്ക് നിന്നോടുള്ള
പ്രണയം."

"എന്കില്‍
നമുക്കീ
കുടത്തിനുള്ളില്‍
പ്രണയിക്കാം
കൊമ്പ് കോര്‍ത്ത്
രമിക്കാം.
കുട്ടിച്ചാത്തന്‍മാരെ
പെറ്റുപോറ്റാം."

പുകച്ചുരുളുകളായവര്‍
കുടത്തിനുള്ളില്‍
ഊറി ഉറഞ്ഞു
കിടന്നു.
അങ്ങനെ രണ്ടാമത്തെ
കുടവും
മൂടപ്പെട്ടു.

സ്രഷ്ടാവ് തന്‍റെ
സ്രേഷ്ഠ സൃഷ്ടികളില്‍
തലയുടെ സ്ഥാനത്ത്
ആ കുടങ്ങള്‍
പ്രതിഷ്ഠിച്ചു.
അവയ്ക്കു ജീവന്‍ തുടിച്ചു.
ഭൂമിയില്‍
ഒരു മനുഷ്യനും
മനുഷ്യത്തിയും
പിറവിയെടുത്തു.

കുടങ്ങളില്‍
കുട്ടിച്ചാത്തന്‍മാര്‍ മാത്രം
പെരുകിക്കൊണ്ടിരുന്നു.
ഭൂമിയില്‍
മനുഷ്യരും
ദൈവങ്ങളും
മതങ്ങളും
ജാതികളും
വര്‍ഗ്ഗങ്ങളും
വിദ്വേഷങ്ങളും
പകയും.

എനിക്ക് തല പെരുക്കുന്നു
മറ്റൊരു പൂതത്തിന്‍റെ
പേറ്റുനോവ്.
മറ്റൊരു കുട്ടിച്ചാത്തന്‍
പിറക്കുന്നു.
സ്രഷ്ഠാവ്
തിരഞ്ഞുകൊണ്ടേയിരിക്കുന്നു
ചത്തു വീഴുന്ന
ചെകുത്താന്മാരുടെ
ധമനികളില്‍
ആ ഒരു തുള്ളി
രക്തം.

                                      -Lipi

Wednesday, July 13, 2011

"വേവാതൊരു കഷണം"!!!

"വേവാതൊരു കഷണം"
===============

എനിക്കു മുന്‍പേ
അവള്‍
പ്രണയിച്ചുകൊണ്ടേയിരുന്നു.
അവനെ.
ഇവള്‍ എന്നെയും.

അവളാദ്യം പോയി
പിന്നാലെ ഇവളും.
ഇട്ടിട്ടു പോണു ഞാനും
അവളേം പിന്നെ ഇവളേം.

രണ്ട് പ്രണയങ്ങള്‍ക്കിടയിലൂടെ
ഇഴഞ്ഞ്.
ഒടുവില്‍ ഞാനെന്‍റെ മാളത്തില്‍
ചുരുണ്ടു കൂടി.
ചുട്ടിട്ടു കൊടുക്കണം
എന്നെ അവള്‍ക്ക്.
ഉപ്പില്ലാത്തൊരു ഭാഗം
രുചിച്ചവള്‍ പറയും
അറിയില്ലെന്ന്.
അല്ലെന്കില്‍ ചിലപ്പോള്‍
ഇനിയും
വെന്തിട്ടില്ലെന്ന്.
തോലുമാറ്റാറുണ്ട് ഇടക്കിടക്ക്
ഞാനീ മാളത്തില്‍
എന്നെ ആരും
തിരിച്ചറിയാതിരിക്കാന്‍.

                                    -Lipi

‎"സ്ഫോടനം"!!!

‎"സ്ഫോടനം"
========

പര്‍ദ്ദയിട്ടൊരു
ഒറ്റമുലച്ചി മുല തപ്പുന്നു.
തറയിലിരുന്ന്.
ഇടത് ഭാഗത്ത്
മുല ഇല്ല.
ചുവന്ന് ഗര്‍ത്തമാണ്.
കാറിന്‍റെ ഡോറുതുറന്ന്.
ഏന്തിവലിഞ്ഞുനോക്കി.
സീറ്റിലില്ല.
എപ്പൊഴായിരുന്നു നഷ്ടമായത്.
അവള്‍ക്കോര്‍മ്മയില്ല.
മുല മാത്രമാണോ?അതോ?!
പിന്നെയും ഉണ്ട് ചിലത്.
രണ്ടു മൂന്ന് വിരലുകള്‍.
ഇടത് കണംകാല്‍.
അടിപ്പാവട.
പക്ഷെ അവള്‍ക്കു
മുല മാത്രം മതി.
അവനിപ്പോഴും
വലിച്ചു കുടിക്കുന്നുണ്ടോ?
എന്നറിയണം.
അതിന്‍റെ ഞെരടില്‍
ഇപ്പോഴും ഒരു
ജീവനുറങ്ങുന്നുണ്ടോന്നും.
അതെങ്ങനാ ഒന്നു തിരഞ്ഞു
തുടങ്ങുമ്പോഴേക്കും
രണ്ടാമതും പൊട്ടി .
തലമേല്‍ പൊക്കിവച്ച
പര്‍ദ്ദ മുഖത്തേക്ക്
അഴിഞ്ഞു വീണു .
ഇരുട്ട് കേറി .
കൂറ്റാക്കൂറ്റിരുട്ട്.

                        -Lipi

"വിധി"!.

"വിധി"!.
=====

അയാള്‍
പുഴകടന്നു വരികയാണെന്നു-
തോന്നുന്നു.
മുടി നനഞ്ഞിട്ടുണ്ട്.

പൊട്ടു മാഞ്ഞിരിക്കുന്നു .
ഉടുമുണ്ട് കുതിര്‍ന്നിരിക്കുന്നു.
കൊരുത്തു തൂക്കിയ രുദ്രാക്ഷങ്ങളില്‍
ഉപ്പ് പറ്റിയിരിക്കുന്നു.

നന്നേ മെലിഞ്ഞുണങ്ങിയ ,
പേശികള്‍ വലിഞ്ഞു നില്‍ക്കുന്നു.
അരക്കെട്ടില്‍ തിരുകിയ കത്തിയില്‍
ഇപ്പൊഴും ചോര മാഞ്ഞിട്ടില്ല.

കിതപ്പുണ്ട് നെഞ്ചില്‍.
ഉള്ളിലിപ്പൊഴും ചൂടുമുണ്ട്.
കണ്ണില്‍ തീയും.
കൈകളില്‍ വിറയുമുണ്ട് .

തുള്ളിയുറ്റുന്ന താടിയും
ചുവന്നു പൊങ്ങിയ
മീശരോമങ്ങളും.
ചെര്‍ന്നു മൊഴിഞ്ഞു; "വിധി"!.

"നാടു മുടിക്കാനായ്
പിറന്നൊരെണ്ണത്തെ
ഞാനങ്ങു കൊന്നൂ."
അയാള്‍ നടന്നകന്നു.

പിറകെ അഴിഞ്ഞു വീണ,
മുടിനാരു പോലെ .
അറുത്തെറിഞ്ഞ മണല് പറ്റിയ,
ഒരു പൂണൂലും .

Tuesday, July 12, 2011

ചുരത്താതൊരുതുള്ളി.!!!




ചുരത്താതൊരുതുള്ളി.
================
ചുരന്നോരീ ...
അകിടിന്‍ ചുവട്ടിലീ...
അമൃതത്തേക്കാള്‍
അമൃതമാണെന്നമ്മതന്‍
കണ്ണിലും ചുണ്ടിലും.
ബാക്കി വയ്ക്കുന്നു.
ഞാന്‍ ഒരു തുള്ളി.
പിന്നീടു കറന്നെടുക്കാന്‍
എപ്പൊഴും.

പ്രാതല്‍.!!!

പ്രാതല്‍
======

മുഖത്ത് പുള്ളി കുത്തിയ ദോശ.
നെഞ്ചിലേറ്റിയ ചിരട്ടപ്പുട്ട്.
ഒരു വട കൂടി വേണം വയറിന്.
വടയ്ക്കു പിറകെ വേണം-
തൊട്ടുതലോടാന്‍ ഒരു ചമ്മന്തി.
"മ്മ" ഇല്ലാത്തത്.
ഒരു കരിന്‍ചായ .
അല്ലെന്കില്‍ അതേ നിറമുള്ളതെന്തും.
എല്ലാരും വിശപ്പാറ്റി.
അവളു മാത്രം ഒന്നും കഴിച്ചില്ല.
ഒരു വേളി പൊലും.

Friday, July 8, 2011

ഒരാള്‍

ഒരാള്‍
=======

"വന്നതാരും വിളിച്ചിട്ടുമല്ല.
പോയതാരോടും പറഞ്ഞിട്ടുമല്ല.
വന്നിരുന്നെന്നൊരോര്‍മ്മയ്ക്കു മാത്രമായ്,
മാഞ്ഞു പോയവന്‍ മാത്രമാണെന്കിലും

മായുന്നതില്ലയീ അച്ഛയ്ക്കു കണ്ണിലും-
നോവൂ വറ്റാത്തൊരമമ്മതന്നുള്ളിലും,
പാതിയെന്കിലൂം പ്രാണനായ് അവളിലും.
എണ്ണമറ്റായിരം കരളിലും കനവിലും."

Friday, July 1, 2011

പൂവാലന്‍...!!!

പൂവാലന്‍
=========

നാട്ടിലെ മുന്തിയ വിദ്യാലയം
കാറിലിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍
വാഹനം ഓരത്തു നിര്‍ത്തിയിട്ടാ-
മതിലിന്നു മുകളിലിരുന്നു അവന്‍.

പുസ്തക സഞ്ചിയുമാട്ടിയാട്ടി
മൊത്തത്തിലൊന്നു കുലുക്കിയാട്ടി
മുത്തുകിലുങ്ങുന്ന കാലുമായി
മുന്തിയൊരെണ്ണം പുറത്തുവന്നു.

കണ്ണുകള്‍ രണ്ടും പുറത്തുതള്ളി
മൂക്കത്തു കൈവച്ചിരുന്നു അവന്‍
ചുണ്ടിലെ സിഗരറ്റു തുപ്പി മെല്ലെ
പഞ്ചാര വാക്കുമായ് ചെന്നടുത്തു.

എനിക്ക് മുന്നേ നീ നടന്നുവെന്നാല്‍
നിഴലായ് ഞാന്‍ നിന്‍റെ കൂടെയെത്താം
കടക്കണ്ണിലെന്നെ നീ നോക്കിയെന്നാല്‍
കാരണം കൂടാതെ മുന്നിലെത്താം.

മിഴിപൊത്തി നീ പുഞ്ചിരിച്ചുവെന്നാല്‍
അടയാളമായ് ഞാന്‍ എടുത്തുകൊള്ളാം
ഇത്രമാത്രം ഞാന്‍ കൊതിച്ചതെന്നാല്‍
കിതയ്ക്കുന്നതെന്തിനായ് നിന്‍ ഹൃദയം. 

വചനങ്ങളൊന്നും കുറിച്ചതില്ലാ
വ്യാകരണം ഞാന്‍ പഠിച്ചതില്ലാ
വാക്കുകള്‍ കൊണ്ടു വരിഞ്ഞുകെട്ടി
പ്രണയം നിനക്കായ് പൊതിഞ്ഞതില്ലാ

വായ-നോട്ടം എന്റെ ജോലിയല്ലാ
വട്ടുമൂത്തിട്ടു പറഞ്ഞതല്ലാ
വാനിനൊരമ്പിളി  എന്ന പോലെ
ഉള്ളിലൊരുത്തി നീ മാത്രമല്ലേ?!

മാരണം പോലെ ഞാന്‍ കൂടെ വന്നാല്‍
മറ്റുള്ളവര്‍ എന്നെ തല്ലിയെന്നാല്‍
കഷ്ടമാണെന്നു നീ ഒര്‍ത്തിടേണം
ഇഷ്ടമാണെന്നു നീ ഓതിടേണം.

വാഹനം സ്വന്തമായുണ്ട് പെണ്ണെ
ഇന്ദനം അച്ഛനടിച്ചുകൊള്ളും
ബസ്സിനേക്കാള്‍ മുന്നേ വീട്ടിലെത്താം
വീട്ടു പടിക്കലായ് ചെന്നിറങ്ങാം.

ഉച്ചയ്ക്ക്ക് ഊണു കഴിക്കുവാനായ്
നീ പുറത്തോട്ടു വരണ്ടതില്ലാ;
ഇടവേള നേരത്തു വന്നുവെന്നാല്‍
പൊതിച്ചോറുമായി ഞാന്‍ കാത്തുനില്‍ക്കാം

പുലംപുന്നതോന്നും  നീ കേട്ടതില്ലേ?
നിന്റെ വായ്കകത്തെന്താ കുഴക്കട്ടയോ?!
സഹികെട്ടു ചോദിച്ചുപോയി പാവം
പൂവാലനെന്കിലും പുരുഷനല്ലേ?..

അവള്‍ മൂക്കിലെ കണ്ണട തൊട്ടു നീക്കി
മൊത്തത്തില്‍ ദേഹം ഉഴിഞ്ഞു നോക്കി
മറുവാക്ക് തന്നതോ ഈ വിധത്തില്‍
"ഐ ഡോംറ്റ് നോ മലയാല-"മെന്ന്.