Saturday, December 17, 2011

അണപൊട്ടുമ്പോള്‍ !!!


അണപൊട്ടുമ്പോള്‍!!!
===========
ദിഗന്ധ‌ങ്ങള്‍ കൊടുമ്പിരികൊണ്ട്
നെഞ്ച് പൊട്ടിക്കരയുന്ന മലകള്‍
വിറളി പിടിച്ച അലമുറകള്‍ക്കിടയില്‍
നാവുനീട്ടി അടുക്കുന്ന ജലസര്‍പ്പങ്ങള്‍

അണപൊട്ടുമ്പോള്‍ ഞാന്‍ ഉറക്കമായിരുന്നു
അച്ഛനൊപ്പം അമ്മയ്ക്കൊപ്പം
മരുഭൂമികള്‍ക്കും കടലലകള്‍ക്കുമിപ്പുറം
കാത്തിരുന്ന പൂവിനും പൂവാങ്കുരുന്നിനുമൊപ്പം.

മലയാളം മരിച്ചുവീണ ത്മിഴകത്തോ,
തമിഴു തലയറ്റ കേരനാട്ടിലോ,
ഏതൊക്കെയോ വീടുകളില്‍
ആരെങ്കിലുമൊക്കെ ഇനിയും ഉറങ്ങിക്കാണില്ല.

കണ്ണിലുറവ വറ്റാതെ
ഉറങ്ങാത്ത തിരിനാളങ്ങളെ നോക്കി
ഇടക്കു ചിരിക്കുന്ന
വാടിയ മുഖങ്ങളെ കാണാം

ഉച്ചിയിലുമ്മ വയ്ക്കുന്ന ദൈവങ്ങളും
മതങ്ങളും, ഖദറിട്ട പ്രഭാഷണങ്ങളും
ചുവന്ന തടാകവും അതിനെക്കാള്‍ ചുവന്ന
താമരയും ചിലപ്പോ ഉറക്കമാവും

ദാ, അണപൊട്ടി.
ഇനി നമുക്കെല്ലാം ഓര്‍മ്മവരും
ബ്രിട്ടനും സായിപ്പും പീരങ്കിയും സമരങ്ങളും
പോരാട്ടവും ആര്‍ഷഭാരത സംസ്കാരവും ...എല്ലാം.

കാലം തെറ്റുകള്‍ തിരുത്തി ,അതിര്‍വരന്പുകള്‍ ഭേദിച്ച്
ഒരേ ദിശയില്‍
കല്ലായും മണ്ണായും മരമായും മനുഷ്യനായും മൃഗമായും
ഒരേ വേഗതയില്‍.

ഇതൊരവസ്ഥയാവാം
അല്ലെങ്കില്‍ ഒരു അവസ്ഥാന്തരം
തണുത്ത് മരവിച്ച മനസുമായി
കഴുത്ത് മുട്ടെ വെള്ളത്തില്‍

മഴ, കൂളിര്‍ത്ത് പെയ്യുന്ന മഴ
ജലപ്പരപ്പിലെ കുമിളകള്‍ക്ക് കാതോര്‍ക്കാം
ആകെ നനഞ്ഞ ഉടലില്‍
ഉള്ള് നനക്കുന്ന ഓര്‍മ്മകളാണ് മഴ.

ചുറ്റിലും പരന്നു കിടക്കുന്ന തണുപ്പ്
ഇരുട്ടു പോലെ.
ജലപ്പരപ്പിനു മേലെ കണ്ണടച്ചു കിടക്കുന്ന
മുഖംമൂടിക്കു കീഴില്‍ ഭാരമില്ലാത്ത ശരീരം.

കണികകള്‍ വസ്ത്രവും,ത്വക്കും,മാംസവും,മജ്ജയും താണ്ടി
ഉള്ളറകളിലേക്ക് കിനിഞ്ഞിറങ്ങുന്പോള്‍
അവിടെയും ഭാരങ്ങളഴിഞ്ഞുവീഴുന്നു.
ശാന്തം.

ഇപ്പൊ എനിക്കു സ്വന്തമായുള്ളത്
ജീവനുണ്ടെന്ന് ഓര്‍മിക്കാന്‍
ദൃതി വച്ച് ശരീരത്തില്‍ കേറി ഇറങ്ങുന്ന
ജീവവായു പോലും സ്വന്തമാണോ എന്ന സംശയം മാത്രം.

                                                                         -Lipi