Wednesday, April 27, 2011

കടല്‍...!!!


കടല്‍

കരകളില്‍ മിഴിവിളക്കണയുന്ന നേരത്ത്
കരയാതിരിക്കുവാന്‍ കഴിയുമോ കടലേ..?
തെല്ലിട...ശാന്തമായ്,കണ്ണു കലങ്ങാതെ
കാറ്റുവിറക്കാതെ,വിരലനക്കാതെ..

നിന്റെ കണ്ഡത്തിലെവിടെയോ ശൂന്യഗര്‍ത്തങ്ങളില്‍
വെളിച്ചം പതിക്കാത്ത പടുകുഴിയിലായിരം
ഓര്‍മകള്‍ അടക്കം പറഞ്ഞു കരയുന്ന പെട്ടകം
ഒരു വേള ഒന്നൊളിച്ചു വച്ചീടുവാന്‍.

ആര്‍ദ്ര മൗനങ്ങളെ പൂജക്കിരുത്തുവാന്‍
അമ്മ വാരിയെറിഞ്ഞ വാവിട്ടുകരയുന്ന
കുഞ്ഞിന്റെ അന്നനാളങ്ങളില്‍
കഴുമരക്കോലു കുത്തിയിറക്കുവാന്‍.

അടിത്തട്ടിലിനിയും പ്രണയത്തിനുറവ തേടുന്ന
കൗമാര സ്വപ്നങ്ങളെ, പൊട്ടിച്ചിരികളെ
കുപ്പിവളകളെ ,അട്ടഹാസങ്ങളെ
ആമത്തിലടക്കുവാന്‍.

അലിഞ്ഞുതീരാതെ ഇനിയും
കലപില കൂട്ടുന്ന അസ്ഥിമാലകളില്‍
മൗനം പുരട്ടുവാന്‍,മണ്ണിന്‍കുടങ്ങളില്‍
ദുരാത്മാക്കളെ പാടിയുറക്കുവാന്‍.

ഒരു ചണച്ചാക്കിനുള്ളില്‍ മുറുകി
മുറിവേറ്റു മൂളുന്ന ജീവനെ മുക്കിപിടിക്കുവാന്‍.
കാലിടറി വീഴുന്ന പന്തയക്കുതിരയെ
കല്‍ക്കരി വണ്ടിയെ ചളിപുതച്ചുറക്കി കിടത്തുവാന്‍.

ഇവിടെ ഈ തീരത്ത് പഴുത്തു ചുവന്ന മണല്‍ത്തരികളില്‍
സന്ധ്യയില്‍ ഇന്നിന്റെ മരണത്തിനരികെ നെറുകയില്‍
പൊട്ടിയൊലിച്ചു നില്‍ക്കുന്ന ചെന്കുടത്തെ
ഏറ്റുവാങ്ങുന്നു നീ തിരകളില്‍ സിരകളില്‍ രക്തമായ്.

പിറക്കട്ടെ ഇനിയും നാളെ ഉഷസന്ധ്യയില്‍
ചൂളം വിളിക്കുന്ന ചുവന്ന കൂത്താടികള്‍
പടരട്ടെ നേരിന്റെ രക്തം കരകളില്‍
അപ്പൊഴും കരയണം കണ്ണുനീര്‍ കരുതണം.

എന്റെ കല്ലുപാത്രങ്ങളില്‍ നീര്‍ക്കുമിള വറ്റിച്ചു
പരലുകുറുക്കവെ, ഉപ്പുതുപ്പുന്നു നീ
എന്റെ ഉണങ്ങിവരണ്ട ചോദ്യങ്ങളില്‍
പിന്നാന്പുറങ്ങളില്‍.

കറുപ്പു തൊട്ട് കരിനിഴല്‍ ചൂടി ഞാന്‍
നടന്നു നീങ്ങുന്പോള്‍, വഴികളില്‍
നേര്‍ത്ത തേങ്ങലായ് ദൂരെ ഉണര്‍ന്നിരിക്കുന്നുവോ?
അതോ നീണ്ട നിശ്വാസമായ് ശാന്തമായ് ഉറങ്ങിയോ?