Wednesday, August 31, 2011

പൊഴിഞ്ഞ പൂവുകള്‍!!!


പൊഴിഞ്ഞ പൂവുകള്‍!!!
================

കൊഴിഞ്ഞു വീണ
പൂവിനെ നോക്കി;
കരഞ്ഞിരിക്കും യുവതി,
കഴിഞ്ഞകാലം,
വിരിഞ്ഞ് നിന്നൊരു,
പ്രണയമുണ്ടായിരുന്നൊ?
നിനക്കും!
പ്രണയമുണ്ടായിരുന്നൊ?

നനഞ്ഞ മിഴിയിതള്‍
കടഞ്ഞു നീയും
മഷി പുരട്ടാറുണ്ടോ?
കനവില്‍!
നിന്‍റെ തൂലിക മുനകള്‍,
അവയില്‍ കവിത
പടര്‍ത്താറുണ്ടോ?

കാലമിനിയും
യവനിക പണിയും
ഓര്‍മ്മകളെല്ലാം
മറയും
കണ്ണുനീരു കുടിച്ചു
ചീര്‍ത്ത നിന്‍
ചുണ്ടില്‍ പുഞ്ചിരി
വിടരും.

നീ വെറും
കാവ്യഭാവനയാകും
മണ്ണിലലിയും
ഭാവന മാത്രമായ് പൊഴിയും.


Monday, August 29, 2011

പേറ്റുനോവ്.!!!


പേറ്റുനോവ്.!!!
=========
നീ കടല കൊറിച്ച്
കടലുകണ്ട് മടങ്ങിയ-
ആകാശത്ത് അമ്പിളി
പുക മറച്ചുറങ്ങുമ്പോള്‍...

ഒരു കടലാസു തുണ്ടില്‍
താളു മറച്ച് എന്‍റെ പേന
പിഴച്ചു പെറ്റ കവിത.
ചാപിള്ളയാകുമോ?

                                  -Lipi

പിണങ്ങാത്ത പൂവ്.!!!


പിണങ്ങാത്ത പൂവ്.!!!
===============

സിന്ദൂര സന്ധ്യയിന്നെന്തേ
നിന്‍റെ ചുണ്ടിലെ ചെമ്പകം തൊട്ടൂ?
കന്നി-നിലാവിന്‍റെ നാണം
നിന്‍കവിള്‍ കണ്ണാടി നോക്കിയിട്ടാണോ?
മണ്ണിലും താരകം പൂത്തൂ
മഞ്ഞുതുള്ളിനിന്‍ ചിരിമുത്തെടുത്തോ?
കാറ്റുമ്മവയ്ക്കുന്ന തുമ്പില്‍
കുഞ്ഞു-കാര്‍മേഘമൂറിനില്‍പ്പുണ്ടോ?
പൂമുഖ വാതില്‍ പടിയില്‍
നിന്‍റെ കണ്ണിന്‍ ചിരാതു കൊളുത്തി;
കാലൊച്ചയോര്‍ത്തുകൊണ്ടെന്നും
മനം എന്നെയും കാത്തിരിപ്പുണ്ടോ?
കാലൊച്ചയോര്‍ത്തുകൊണ്ടെന്നും....
മനം എന്നെയും കാത്തിരിപ്പുണ്ടോ?.....

                                                 -Lipi

Thursday, August 18, 2011

" കടത്തുകാരന്‍ ."!!!


" കടത്തുകാരന്‍ ."!!!
=================

കടത്തുകാരന്‍ കാറ്റേ-
നിന്‍റെ കടത്തുതോണിയില്‍
കറുത്ത പെണ്ണിനെ-
അടുത്ത കരക്കിറക്കിവിടാമോ?!...
ഈന്ത മരത്തിലോന്തിരുന്ന്-
ഓത്തു ചൊല്ലണ നേരം.
മത്ത പൂത്ത മാമരത്തില്‍
തത്ത ഇരുന്നു പാടി....
ഒരു തത്ത ഇരുന്നു പാടി...


Wednesday, August 17, 2011

"ഒരു രാത്രി സഞ്ചാരം‍"


"ഒരു രാത്രി സഞ്ചാരം‍"
==================

വാനിലൊരമ്പിളി മിന്നല്‍ പിണരെടുത്ത്
പല്ലിനിടയില്‍ കുത്തുന്നു.
എന്തോ ചെറുത് തുപ്പിക്കൊണ്ട്
പല്ലിളിച്ച് ചിരിച്ചു.

അകലത്തായ്
വൃണങ്ങളില്‍ നിന്നു പുഴുക്കളെ
അടര്‍ത്തി മാറ്റുമ്പോള്‍
വേദനകൊണ്ട് പുളഞ്ഞ്
കരയുന്ന കുന്നുകളുടെ
അലര്‍ച്ച കേള്‍ക്കാം.

ഇത്രയും നേരം
കുടപിടിച്ചു കൂടെനടന്ന
കറുത്ത മേഘം
ആകെ നനച്ചിട്ടെങ്ങോട്ട് പോയി?!

മഴ നനഞ്ഞ്
തിരിച്ചു നടക്കുമ്പോള്‍
മുളങ്കാടിന്‍റെ
രണ്ടാമത്തെ വളവ് തിരിഞ്ഞതും
നല്ല സുഗന്ധം പരന്നു

അടുത്തെവിടെയൊ
മലമുകളില്‍
ഒരു പുഴ വിരിഞ്ഞിട്ടുണ്ട്.

                                         -Lipi

കരിയിലാം കുന്നും മഞ്ചാടിക്കാവും.!!!


കരിയിലാം കുന്നും മഞ്ചാടിക്കാവും.
=================================
ചെമ്പാവ് പാടത്തൊ-
രോട്ടു വളകിലുക്കം;
കൈ നോക്കി കഥ പറയും
കുറത്തി ഒന്നു വരുന്നേ...

കാടും താണ്ടി മേടും താണ്ടി
കല്ലായി പുഴ താണ്ടി;
കാറ്റ് വീശും വരമ്പു താണ്ടി
കുറത്തി ഒന്നു വരുന്നേ...

മാല നെഞ്ചിലണിഞ്ഞ മാരന്‍
കാരിരുമ്പിന്‍ കരുത്ത് തുള്ളും
കരിമുകിലിന്‍ പുരികമോടെ
കുറവനുണ്ടെ കൂട്ടിന്...

നാടും ചുറ്റി വീടും ചുറ്റി
നാലമ്പലങ്ങള്‍ ചുറ്റി
നാടു വാഴും കാരണോന്‍റെ
പടിക്കലെത്തി കുറത്തി.

കുറത്തി ചുവന്ന ചുണ്ടിലൂടെ-
ഒലിച്ചിറങ്ങും തെളിനീര്‍
നാവുകൊണ്ട് തുടച്ചെടുത്ത്
പല്ല് മിനുക്കി ചിരിച്ചു.

കാരണോന്‍റെ കണ്ണുകരി-
വണ്ടുകളായ് പറന്നു.
കാട്ടുപൂവിന്‍ കരളിലൂറും
തേന്‍ കുടിക്കാന്‍ കൊതിച്ചു.

നാട്ടു വഴി കാത്തുനിന്ന
കുറവനാവിളി കേട്ടു.
കൂട്ടുവന്ന കുറത്തിപ്പെണ്ണിന്‍റെ-
നിലവിളികള്‍ കേട്ടു.

കാടിറങ്ങി വന്നവനെ
കാട്ടുതീയിലെരിക്കാന്‍
കാരണവന്‍ തന്‍റെ നാല്
കാവലാളെ അയച്ചു.

കാവലാള് കുറവനെ-
ഒരു കുന്നു മേലെയേറ്റി,
കാഞ്ഞിരത്തിന്‍ ചുവട്ടിലിട്ട്
തീ കൊളുത്തി  എരിച്ചു.

കാറ്റുവീശി കുറവനവന്‍
കരിയിലയില്‍ പടര്‍ന്നു.
കുന്നെരിച്ച് കൂടെ വന്ന
കാവലാളെ കൊന്നു...

കരിയിലകള്‍ കാവലാളെ
ചുട്ടെരിച്ച കുന്ന്
കരിയിലാംകുന്നെന്ന പേരി-
ലന്നു തൊട്ടറിഞ്ഞു.

കാട്ടുപുല്ലരിഞ്ഞരിവാള്‍
കൈയിലേന്തി കുറത്തി
കാരണവന്‍ തലയറുത്ത്
കരിയിലാം കുന്നേറി.

പാതി ജീവന്‍ വേച്ചുവേച്ച്
കുന്നലഞ്ഞു കുറത്തി
വീണുടഞ്ഞ ചോരമണികള്‍
മഞ്ചാടികള്‍ തീര്‍ത്തു.

കരിയിലാം കുന്നുമേലെ
കുടിയിരുന്നു കുറത്തി
മഞ്ചാടി കാവു തീര്‍ത്തു
ദേവിയായി വാണു.






Wednesday, August 10, 2011

"അന്നും ഇന്നും"!!!


"അന്നും ഇന്നും"
===========
പണ്ട് കറുത്തിരുണ്ട-
മേഘജാലങ്ങള്‍
കാത്തിരുന്ന് കരഞ്ഞ്
മടങ്ങുമ്പോള്‍
കുന്നുകള്‍
താടി വളര്‍ത്തിയിരുന്നു.

ഇന്ന് കുന്നിന്‍മുകളിലെ
കുറ്റിരോമങ്ങളില്‍
രണ്ട് കുട്ടിമേഘങ്ങള്‍
കാറി തുപ്പിയിട്ടോടിപ്പോയി.

കാലം മാറുന്നു...
ചിലപ്പോ അതുകൊണ്ടാവും.!

Monday, August 8, 2011

"മിന്നാമിനുങ്ങ്"!!!


"മിന്നാമിനുങ്ങ്"
=========
സന്ധ്യ ചുവന്നു-
കരിഞ്ഞു വീണ ഒരു
ഇരുട്ടില്‍ ,
ചെറിയൊരു,
വേനല്‍മഴയ്ക്കു ശേഷം
തൊടിയിലെ പുളിമരക്കൊമ്പുകളില്‍
നിറയെ കുഞ്ഞുനക്ഷത്രങ്ങള്‍ പൂത്തു.

ആകെ നനഞ്ഞ തെന്നല്‍
വിറച്ചുകൊണ്ട്-
മണ്ണില്‍ ഉമ്മവച്ചപ്പോള്‍
"അവ" ചില്ലകളില്‍ നിന്ന്
ചില്ലകളിലേക്ക്
തെന്നിമാറിക്കൊണ്ടിരുന്നു.

ഉള്ളില്‍
ഒരു നുറുങ്ങ് "വെട്ടം"
ഓര്‍മ്മകളില്‍ നിന്നും
ഓര്‍മ്മകളിലേക്ക്
അരിച്ചിറങ്ങുകയായിരുന്നു.


"അമ്പല ദര്‍ശനം"!!!


"അമ്പല ദര്‍ശനം"!!!
============

കുറി തൊട്ടു മടങ്ങുന്നു-
തിരുവാതിരാ...
മുടിത്തുമ്പില്‍ അണയുന്നു-
മലരായി ഞാന്‍ ...
നടന്നെത്തുമീ നാട്ടു-
വഴിയോരത്തേതോ,
മുളന്തണ്ടു മൂളുന്നു-
സങ്കീര്‍ത്തനം ...

പുലര്‍കാല കിരണങ്ങള്‍
അര്‍ച്ചന പൂക്കളായ്
കൈകളില്‍ പൂക്കൂട
നിറഞ്ഞു നില്‍കെ...
ചന്ദന ഗന്ധ-
സുഗന്ധിയാം ദേവിക്ക് ...
സോപാനം പാടുന്നു-
ചെന്താമര.


Thursday, August 4, 2011

"ഒരു ജനല്‍ കാഴ്ച"!!!


"ഒരു ജനല്‍ കാഴ്ച"
=============

"പൗര്‍ണ്ണമി നാളില്‍;
കടല്‍ക്കരയിലെ കറുത്ത-
പാറക്കെട്ടുകള്‍ക്കു മുകളില്‍,
ഒരു തിര ഇരുന്നു-
കടല് കാണുന്നു ."

എന്നെ കണ്ടതും
ചിലങ്ക കെട്ടിക്കൊണ്ടിരുന്ന-
മറ്റൊരു തിരയുടെ
കൈയ്യും പിടിച്ചവള്‍
കടലിലേക്കിറങ്ങി,
അപ്രത്യക്ഷയായി.!!!

ഉണര്‍ന്നപ്പോള്‍;
ഞാനെന്തിന് പൗര്‍ണ്ണമിക്ക്
കടപ്പുറത്ത് പോയെന്ന്
ജനലഴിപിടിച്ചെത്ര ആലോചിച്ചിട്ടും
പിടികിട്ടുന്നില്ല .!

Wednesday, August 3, 2011

"ആത്മഹത്യ"!!!


"ആത്മഹത്യ"
========
അണകെട്ടി നിര്‍ത്തിയ;
രണ്ട് പുഴകള്‍
ഒളിച്ചോടി-
കടലില്‍ചാടി ചത്തു.!

Tuesday, August 2, 2011

"നീല മഞ്ചാടികള്‍"!!!


"നീല മഞ്ചാടികള്‍"
============

കറുത്ത പെട്ടിക്കു
മുന്‍പിലെ
നീല വെളിച്ചത്തില്‍
മഞ്ചാടിയും കുന്നികുരുവും

അമ്മമാര്‍ക്ക് പ്രായം
കുറയുന്നു.
പതിനാറില്‍
ഗര്‍ഭഛിദ്രം.

കൊച്ചു ബീജ ദാതാവ്
ശാസന തുമ്പില്‍
അച്ഛന്‍റെ ചാട്ടയില്‍
തൂങ്ങി ചത്തു.

കുരുന്നു വഴികളില്‍
ചുവന്ന കണ്ണുള്ള
നീല കുറുക്കന്‍മാര്‍
കൗതുകം വിതറുന്നു.

ലഹരി നുരഞ്ഞ്,
കൗമാരവും കരളും
അരിച്ച്,
ബാല്യത്തില്‍ വീഴുന്നു.

തെറ്റിയത് വഴികളാണ്;
അവര്‍ക്കും, നമുക്കും.
ആര്‍ക്കാവും
ആദ്യം തെറ്റിയത്?!!

                                  -Lipi

"നേര്‍ച്ചകണ്ണട"!!!


"നേര്‍ച്ചകണ്ണട"!!!
==========

എനിക്കറിവുള്ള
മൂന്നിടങ്ങളില്‍
നേര്‍ച്ച രശീതി താളുകളില്‍
പൊന്നിന്‍ കുരിശിനും
ലോലാക്കിനും
ഓട്ടു വിളക്കിനും
ഇടയില്‍
ഞാന്‍ തിരഞ്ഞതൊരു
കണ്ണടയായിരുന്നു.
കണ്ണട വച്ചൊരു ദൈവത്തെ
നാളിതുവരെ ഞാന്‍ കണ്ടിട്ടില്ല.
എന്താണോ എന്തോ?!!!
ഇതിലൊന്നും
അത് ചേര്‍ത്തിട്ടുമില്ല.

Monday, August 1, 2011

"പിണക്കം "!!!


"പിണക്കം "!!!
=============
മഴവില്ല് മാഞ്ഞുപോയ് 
വേനലും വെയിലും പോയ്‌ 
കാര്‍മുകില്‍ കോണില്‍ 
ഈ മിഴിത്തുള്ളി -
എന്തെ ?
എന്നെയും നോക്കി ;
പെയ്യാതെ നില്പൂ .

"പുഴ പ്രണയിക്കുമോ?"!!!


"പുഴ പ്രണയിക്കുമോ?"!!!
================

അവളീ കുതിച്ചു ചാടി;
ഒച്ച വച്ച്,
പാറ മടക്കിലേക്കെടുത്തു-
ചടിയത് എന്തിനാവും?!

തഴെ വീണുടഞ്ഞു
ചിതറിയത്
അവളുടെ സ്വപ്നങ്ങളാവും.!
പളുങ്ക് പോലെ.!

പുഴ പ്രണയിക്കുമോ?
അവള്‍ക്കുമുണ്ടോ ദുഖ:ങ്ങള്‍?
മാനാഭിമാനങ്ങളും,
മരണവും.?

എത്രയെത്ര പുഴകളുടെ
ജഡങ്ങളാകും
ഇപ്പൊഴും
കടലിലൊഴുകി എത്തുന്നത്.!

നാളെയിലൊരു നിളയുടെ
ചിതാഭസ്മമൊഴുക്കാന്‍
ഒരു പുഴയെങ്കിലും
ബാക്കിയാകുമൊ?

എതെങ്കിലും
ഒരു മണ്‍കോണില്‍
ഒരു തുള്ളി.
ഉപ്പില്ലാതെ.