Saturday, March 17, 2012

നദിക്കരയിലെ വിസ്മയം !!!


ഒഴുകുന്ന പുഴ ,അലയുന്ന കാറ്റ്
തിളങ്ങുന്ന തിരച്ചാര്‍ത്ത് .
മണലൊഴിഞ്ഞ നദിക്കരയില്‍
ഇലകൊഴിഞ്ഞ  മരങ്ങളില്‍ വിസ്മയം .

ഉണക്ക മരച്ചില്ലകളില്‍
നിറയെ വെളുത്ത പൂക്കള്‍
വിടര്‍ന്നു ചിരിച്ചും , വാടിയും
മൊട്ടുപോല്‍ കൂമ്പിയും .

വെയിലിറങ്ങുന്ന വെള്ളത്തില്‍
പരല്‍ മീനുകള്‍ , മിന്നലാട്ടങ്ങള്‍ .
പൊഴിഞ്ഞു വീഴുന്ന വെണ്മലരുകള്‍
അകന്നു മാറുന്ന അലകള്‍ .

വിസ്മയം !

വിശപ്പാറ്റി ചിറകു കൊട്ടി
തിരിച്ചു കയറുന്ന പൂക്കള്‍
ചിറകു വിടര്‍ത്തി ചിരിക്കുന്നു .
നേരുപോല്‍  നേരിയ കാലൂന്നി
വെയില് കായും  കൊറ്റികള്‍ .

                                               -Lipi

Friday, March 9, 2012

പരിണയം .!!!

പരിണയം .!!!
=============


ഈറനാം കാര്‍മേഘ-
മുടിയിഴത്തുമ്പില്‍
തുമ്പക്കൊടി ചൂടുമെന്ന-
ഴകിനെ കാണാന്‍

ലോകനാര്‍ കാവിലെ
ആല്‍ത്തറ വിളക്കുകള്‍
പൊന്നരഞ്ഞാണങ്ങള്‍
അണിഞ്ഞുനില്‍ക്കെ.

അറിയല്ല, എന്തിന്നീ
മുക്കൂറ്റിക്കുറി തൊട്ട
സന്ധ്യതന്‍ സിന്ദൂരമോമനിപ്പൂ

ഉള്ളിലെന്നജ്ഞാത
ശിഖരത്തിലേതോ
ചെമ്പക മൊട്ടിലെ പ്രണയം.

അമ്പലമില്ലാതെ,
ആല്‍ത്തറയില്ലാതെ
കൈവിരല്‍ തുമ്പുകള്‍
തൊഴുതു നില്‍പൂ

തരളമീ രാവില്‍
നിലാവിന്‍റെ താളില്‍
എനിക്കായ് എഴുതിയ കവിത
 ദെവീ നിന്‍ -
കണ്മുന   എഴുതിയ കവിത .