Thursday, July 29, 2010

കണ്ണനുറങ്ങാന്‍!!!






കണ്ണനുറങ്ങാന്‍!!!

മഞ്ഞുള്ള രാവില്‍ നീ, എന്‍ മടി തൊട്ടിലില്‍
എന്നും മയങ്ങുന്ന കുഞ്ഞുവാവ .
മാനത്ത് രാവിന്‍റെ മേട്ടില്‍ ഉദിക്കുന്ന
മാമന്റെ ഓമന തിങ്കള്‍ കിളി .

മേടത്തില്‍ അമ്മയ്ക്ക് പൊന്നിന്‍ കണിയാകും
കണ്ണിന്‍ കണിക്കൊന്ന ആരിരാരോ ...
ചിങ്ങത്തിലൊരുകുമ്പിള്‍  തുമ്പപ്പൂ ചിരി തൂകും
പാലാഴി പൂ തിങ്കള്‍ ആരിരാരോ ...

കഞ്ഞെണ്ണി ചാലിച്ചു നീരാറ്റി വറ്റിച്ച -
കാച്ചെണ്ണ തേച്ചുണ്ണി നീരാടണം.
തേനും വയമ്പും കുങ്കുമപ്പൂവും -
എന്‍ നെഞ്ചിലെ പാലും നുണഞ്ഞിടേണം .

ഓട്ടു വിളക്കില്‍ തിരി വച്ച് കറ തീര്‍ത്തു
ചാലിച്ച കരിമഷി ചാന്തെടുത്ത്‌;
കണ്ണുകള്‍ ചിമ്മുന്ന നേരത്ത് കള്ളന്റെ
കണ്പീലി ഇതളുകള്‍ എഴുതിടേണം.

അറിയാതെ ഇഴയുന്ന നിമിഷങ്ങള്‍ എണ്ണാതെ
കൂവളപ്പൂവുകള്‍ കണ്ടിടേണം
കരയുന്ന നേരത്ത് കണ്ണുകള്‍ രണ്ടിലും
കണ്ണുനീര്‍ മുത്തിക്കുടിച്ചിടേണം.

അരമണിയാട്ടി നിന്‍ കുഴലുമായ് എന്നുമെന്‍ 
ആലില കണ്ണാ നീ അരികില്‍ വേണം .
എന്നുമാ കണ്ണിലെ കണ്മഷി പടരാതെ
പൊന്നിന്‍ കുടുക്കയെ കാത്തിടേണം .

No comments:

Post a Comment