Tuesday, June 30, 2009

അമ്മയ്ക്കൊരുമ്മ ...!!!



















അമ്മയ്ക്കൊരുമ്മ ...!!!

അച്ഛന്‍ കൊടുത്തോരാ കൊച്ചു കളിക്കോപ്പ്-
തറയില്‍ ഉടച്ചിട്ട് കരയുന്നു കുട്ടി .
അമ്മയെ കാണണം അമ്മിഞ്ഞ നുകരണം
അമ്മതന്‍ താരാട്ടു കേട്ടിട്ടുറങ്ങണം.

കുട്ടിതന്‍ വാക്കുകള്‍ കത്തുന്ന കൊള്ളിപോല്‍
തൊട്ടിട്ടോരച്ഛന്‍റെ നെഞ്ചകം പിടയുന്നു .
അമ്മായിമാര്‍ വന്നു കുട്ടിയെ വാങ്ങുന്നു-
ഉമ്മകള്‍ നല്കുന്നു , ഇക്കിളി കൂട്ടുന്നു .

സമയം പതിനൊന്നു കഴിയുന്ന നേരത്ത്
ആരോ പറഞ്ഞെന്‍റെ അമ്മ വരുന്നെന്നു .
നാലഞ്ച്‌ പേരു ചെര്‍ന്നമ്മ ഉറങ്ങുന്ന -
മന്ചലു പൊക്കി ചുമന്നിട്ടു വരികയായ്‌ .

എല്ലാരുമൊന്നിച്ചു നില്ക്കുന്നു ശാന്തരായ്
അമ്മയെ കാണുവാന്‍ എന്തിനാണിത്രപേര്‍.
ചന്ദനത്തിരികളും തിരിയും തെളിക്കുന്നു
തൊടിയിലെ വാഴതന്‍ ഇലകളെ വെട്ടുന്നു .

വീണ്ടും എടുക്കുന്നു അമ്മയെ തൊടിയിലെ
മാവിന്‍ ചുവട്ടിലായ്‌ വെട്ടിയ കുഴിക്കുനേര്‍.
എന്താണിതെന്ന എന്‍ ചോദ്യത്തിനുത്തരം
തട്ടി തടഞ്ഞെത്തി താതന്‍റെ വാക്കുകള്‍ .

മിഴികളെ തഴുകുന്ന പുഴയാണ് കണ്ണുനീര്‍
മൊഴികളെ പൊതിയുന്ന വാക്കാണ്‌ മൌനം .
ഇല്ല നീ വരികില്ല മലര്‍വാടിയില്‍ ഇനി
വിരിയുന്ന പൂക്കളെ തൊട്ടു നോക്കീടുവാന്‍ .

ഇനിയൊന്നുമില്ല നിന്നമ്മയ്ക്ക് നല്‍കുവാന്‍
ഒരുപിടി മണ്ണുമീക്കണ്ണീരുമല്ലാതെ.
ഉണ്ടെന്നു പിടിവിട്ടു കുതറുന്നു കുട്ടി
അമ്മയ്ക്ക് കവിളിലായ്‌ പൊള്ളുന്നൊരുമ്മ...!!







1 comment:

  1. “ഉണ്ടെന്നു പിടിവിട്ടു കുതറുന്നു കുട്ടി
    അമ്മയ്ക്ക് കവിളിലായ്‌ പൊള്ളുന്നൊരുമ്മ...!!!”

    വായിയ്ക്കുമ്പോള്‍ പൊള്ളുന്നു...

    ReplyDelete