Wednesday, August 17, 2011

കരിയിലാം കുന്നും മഞ്ചാടിക്കാവും.!!!


കരിയിലാം കുന്നും മഞ്ചാടിക്കാവും.
=================================
ചെമ്പാവ് പാടത്തൊ-
രോട്ടു വളകിലുക്കം;
കൈ നോക്കി കഥ പറയും
കുറത്തി ഒന്നു വരുന്നേ...

കാടും താണ്ടി മേടും താണ്ടി
കല്ലായി പുഴ താണ്ടി;
കാറ്റ് വീശും വരമ്പു താണ്ടി
കുറത്തി ഒന്നു വരുന്നേ...

മാല നെഞ്ചിലണിഞ്ഞ മാരന്‍
കാരിരുമ്പിന്‍ കരുത്ത് തുള്ളും
കരിമുകിലിന്‍ പുരികമോടെ
കുറവനുണ്ടെ കൂട്ടിന്...

നാടും ചുറ്റി വീടും ചുറ്റി
നാലമ്പലങ്ങള്‍ ചുറ്റി
നാടു വാഴും കാരണോന്‍റെ
പടിക്കലെത്തി കുറത്തി.

കുറത്തി ചുവന്ന ചുണ്ടിലൂടെ-
ഒലിച്ചിറങ്ങും തെളിനീര്‍
നാവുകൊണ്ട് തുടച്ചെടുത്ത്
പല്ല് മിനുക്കി ചിരിച്ചു.

കാരണോന്‍റെ കണ്ണുകരി-
വണ്ടുകളായ് പറന്നു.
കാട്ടുപൂവിന്‍ കരളിലൂറും
തേന്‍ കുടിക്കാന്‍ കൊതിച്ചു.

നാട്ടു വഴി കാത്തുനിന്ന
കുറവനാവിളി കേട്ടു.
കൂട്ടുവന്ന കുറത്തിപ്പെണ്ണിന്‍റെ-
നിലവിളികള്‍ കേട്ടു.

കാടിറങ്ങി വന്നവനെ
കാട്ടുതീയിലെരിക്കാന്‍
കാരണവന്‍ തന്‍റെ നാല്
കാവലാളെ അയച്ചു.

കാവലാള് കുറവനെ-
ഒരു കുന്നു മേലെയേറ്റി,
കാഞ്ഞിരത്തിന്‍ ചുവട്ടിലിട്ട്
തീ കൊളുത്തി  എരിച്ചു.

കാറ്റുവീശി കുറവനവന്‍
കരിയിലയില്‍ പടര്‍ന്നു.
കുന്നെരിച്ച് കൂടെ വന്ന
കാവലാളെ കൊന്നു...

കരിയിലകള്‍ കാവലാളെ
ചുട്ടെരിച്ച കുന്ന്
കരിയിലാംകുന്നെന്ന പേരി-
ലന്നു തൊട്ടറിഞ്ഞു.

കാട്ടുപുല്ലരിഞ്ഞരിവാള്‍
കൈയിലേന്തി കുറത്തി
കാരണവന്‍ തലയറുത്ത്
കരിയിലാം കുന്നേറി.

പാതി ജീവന്‍ വേച്ചുവേച്ച്
കുന്നലഞ്ഞു കുറത്തി
വീണുടഞ്ഞ ചോരമണികള്‍
മഞ്ചാടികള്‍ തീര്‍ത്തു.

കരിയിലാം കുന്നുമേലെ
കുടിയിരുന്നു കുറത്തി
മഞ്ചാടി കാവു തീര്‍ത്തു
ദേവിയായി വാണു.






No comments:

Post a Comment