Tuesday, July 26, 2011

ഭാര്യ..!!!


ഭാര്യ
====
ഇവളൊരു സുന്ദര കവിത.
അലന്കാരമില്ലാത്ത കവിത.

അര്‍ത്ഥങ്ങളറിയാതെ,
വൃത്തങ്ങളില്ലാതെ,
അഴകായെഴുതിയ കവിത.

മറക്കാതിരിക്കാന്‍
മനുഷ്യനു മാത്രം
മനസ്സുകള്‍ നല്കിയ ദൈവം.

ഭൂമിയിലെനിക്കായ്
തൂലികയില്ലാതെ
എഴുതിയതാണീ കവിത.

അര്‍ത്ഥ ഗര്‍ഭങ്ങളാം
എന്‍ കാമനകളെ
ഉദരത്തിലുറക്കുന്ന കവിത.

ആശയമുണ്ണിയായ്
അവതരിച്ചാല്‍ സ്വയം
അമ്മയാകുന്നവള്‍ കവിത.

കാവ്യമനോഹരി കവിത.
ഇവളെന്‍റെ സ്വന്തം കവിത.




Monday, July 25, 2011

"ആകാശം ....പാടുമ്പോള്‍"!!!


"ആകാശം ....പാടുമ്പോള്‍  .....മഴ
ആകാശം  മഴ പാടുമ്പോള്‍...
നയനങ്ങള്‍ സംഗീതം  കേള്‍ക്കുന്നു .
കാതുകള്‍ സൌന്ദര്യം  രുചിക്കുന്നു ."

Thursday, July 21, 2011

"ഇരുട്ടിലേക്ക്"!!!


ഇരുട്ടിലേക്ക്
=========
അച്ഛനെ ഉണര്‍ത്താതെ,
അമ്മയറിയാതെ,
കാട്ടുവഴി പിന്നിട്ട-
പാദങ്ങളെ തേടി;
കാക്കിയും കാക്കയും
കാക്കിയില്ലാത്ത നായ്ക്കളും
ചെകുത്താന്‍റെ അടുക്കളയില്‍
അടുപ്പിലേക്കെത്തിനോക്കുന്നു.

കൂര്‍ത്ത മഴച്ചീളുകള്‍
തറിച്ചു വീഴുന്ന
പാറ വിടവിലൂടെ
വെളുത്ത പുകച്ചുരുളുകള്‍
കിതച്ചു പൊങ്ങി
വെള്ളിമേഘങ്ങള്‍
തീര്‍ക്കുമ്പൊള്‍
മരണം മണക്കുന്നു.

                                  -Lipi

"അരുവികള്‍"!!!


"അരുവികള്‍"
=======
"ഉദിച്ചു പൊങ്ങുന്ന സൂര്യനും
കുതിച്ചു തുള്ളുന്ന അരുവിയും
മദിച്ചു വാഴുന്ന മനസ്സുമായ്
കിതപ്പു മാറാത്ത ബാല്യവും.

കൊരുത്ത വച്ചൊരു മാല
നൂര്‍ന്നടര്‍ത്തിവിട്ട മുത്തുകള്‍.
മണിച്ചിലമ്പിന്‍റെ നാദമായ്
കുടിച്ചതെന്‍റെ കാതുകള്‍."

                                          -Lipi

Tuesday, July 19, 2011

"ഓര്‍മ്മ"!!!

"ഓര്‍മ്മ"
======

ഇവിടെ മഴ പൊഴിയും
ചിലന്ക കെട്ടികൊണ്ട്.
ഞങ്ങളെത്ര നനഞ്ഞതാ!

ഇവിടെ മഞ്ഞു പൊഴിയും
തോളുരുമ്മിക്കൊണ്ട്‍‍.
ഞങ്ങളെത്ര കുളിര്‍ന്നതാ!

വാകമരച്ചുവട്ടിലും തേക്കുമരങ്ങള്‍ക്കിടയിലും,
പ്രണയങ്ങള്‍ പൂക്കും.
ഞങ്ങളെത്ര കണ്ടതാ!

ആരൊക്കെയോ പാടും
ഓര്‍മ്മകള്‍ നൃത്തം വയ്ക്കും.
ആരൊക്കെയൊ എഴുതും
ഹൃദയങ്ങള്‍ ഓര്‍ത്തു വയ്ക്കും.

ഇവിടെ ഈ നാലു ചുവരിന്‍റെ
ഓരങ്ങളില്‍,
ഇരിപ്പിടങ്ങളില്‍,
ഇപ്പോഴും കാണും;
തകിടു കൊണ്ട് പോറിയും,
മഷി പടര്‍ത്തിയും,
അടയാളമിട്ടും,
ഇഷ്ടം ഇഴകളിട്ടു നെയ്തെടുത്ത;
ഓരായിരം സൗഹൃദങ്ങള്‍.

Sunday, July 17, 2011

"വീണ്ടും ഒരോണം"!!!

"വീണ്ടും ഒരോണം"
============
തുമ്പിയെ കൊണ്ടു നാം-
കല്ലെടുപ്പിച്ചതും.

തുമ്പ വിളമ്പി-
ഒരൂണു കഴിച്ചതും

കുന്നി മണികളെ-
നോക്കി ചിരിച്ചതും

രാമനായണയുന്നു
നാക്കില മുന്പിലായ്.

വീണ്ടുമാ ഓര്‍മ്മകള്‍
ഓണമായ് നുണയുവാന്‍.

സീത നീ നെറ്റിയില്‍
മുക്കൂറ്റി ചാര്‍ത്തവെ...

                             -Lipi

Saturday, July 16, 2011

"ആ ഒരു തുള്ളി രക്തം"!!!

"ആ ഒരു തുള്ളി രക്തം"
================

"എടാ ചെകുത്താനെ
നിനക്കെന്നോട്
ശരിക്കും
പ്രണയമുണ്ടോ?"

"എടീ പൂതമേ
ഞാന്‍ ഊതിവിടുന്ന ജീവന്‍
പറന്നു പോയാലും
ഒഴുക്കു നിലച്ച
ധമനികളിലോരോ
മൂലയിലോരോ
തുള്ളി രക്തത്തിലും
കിനിയുന്നുണ്ടാകും
എനിക്ക് നിന്നോടുള്ള
പ്രണയം."

"എന്കില്‍
നമുക്കീ
കുടത്തിനുള്ളില്‍
പ്രണയിക്കാം
കൊമ്പ് കോര്‍ത്ത്
രമിക്കാം.
കുട്ടിച്ചാത്തന്‍മാരെ
പെറ്റുപോറ്റാം."

പുകച്ചുരുളുകളായവര്‍
കുടത്തിനുള്ളില്‍
ഊറി ഉറഞ്ഞു
കിടന്നു.
അങ്ങനെ രണ്ടാമത്തെ
കുടവും
മൂടപ്പെട്ടു.

സ്രഷ്ടാവ് തന്‍റെ
സ്രേഷ്ഠ സൃഷ്ടികളില്‍
തലയുടെ സ്ഥാനത്ത്
ആ കുടങ്ങള്‍
പ്രതിഷ്ഠിച്ചു.
അവയ്ക്കു ജീവന്‍ തുടിച്ചു.
ഭൂമിയില്‍
ഒരു മനുഷ്യനും
മനുഷ്യത്തിയും
പിറവിയെടുത്തു.

കുടങ്ങളില്‍
കുട്ടിച്ചാത്തന്‍മാര്‍ മാത്രം
പെരുകിക്കൊണ്ടിരുന്നു.
ഭൂമിയില്‍
മനുഷ്യരും
ദൈവങ്ങളും
മതങ്ങളും
ജാതികളും
വര്‍ഗ്ഗങ്ങളും
വിദ്വേഷങ്ങളും
പകയും.

എനിക്ക് തല പെരുക്കുന്നു
മറ്റൊരു പൂതത്തിന്‍റെ
പേറ്റുനോവ്.
മറ്റൊരു കുട്ടിച്ചാത്തന്‍
പിറക്കുന്നു.
സ്രഷ്ഠാവ്
തിരഞ്ഞുകൊണ്ടേയിരിക്കുന്നു
ചത്തു വീഴുന്ന
ചെകുത്താന്മാരുടെ
ധമനികളില്‍
ആ ഒരു തുള്ളി
രക്തം.

                                      -Lipi