Saturday, July 16, 2011

"ആ ഒരു തുള്ളി രക്തം"!!!

"ആ ഒരു തുള്ളി രക്തം"
================

"എടാ ചെകുത്താനെ
നിനക്കെന്നോട്
ശരിക്കും
പ്രണയമുണ്ടോ?"

"എടീ പൂതമേ
ഞാന്‍ ഊതിവിടുന്ന ജീവന്‍
പറന്നു പോയാലും
ഒഴുക്കു നിലച്ച
ധമനികളിലോരോ
മൂലയിലോരോ
തുള്ളി രക്തത്തിലും
കിനിയുന്നുണ്ടാകും
എനിക്ക് നിന്നോടുള്ള
പ്രണയം."

"എന്കില്‍
നമുക്കീ
കുടത്തിനുള്ളില്‍
പ്രണയിക്കാം
കൊമ്പ് കോര്‍ത്ത്
രമിക്കാം.
കുട്ടിച്ചാത്തന്‍മാരെ
പെറ്റുപോറ്റാം."

പുകച്ചുരുളുകളായവര്‍
കുടത്തിനുള്ളില്‍
ഊറി ഉറഞ്ഞു
കിടന്നു.
അങ്ങനെ രണ്ടാമത്തെ
കുടവും
മൂടപ്പെട്ടു.

സ്രഷ്ടാവ് തന്‍റെ
സ്രേഷ്ഠ സൃഷ്ടികളില്‍
തലയുടെ സ്ഥാനത്ത്
ആ കുടങ്ങള്‍
പ്രതിഷ്ഠിച്ചു.
അവയ്ക്കു ജീവന്‍ തുടിച്ചു.
ഭൂമിയില്‍
ഒരു മനുഷ്യനും
മനുഷ്യത്തിയും
പിറവിയെടുത്തു.

കുടങ്ങളില്‍
കുട്ടിച്ചാത്തന്‍മാര്‍ മാത്രം
പെരുകിക്കൊണ്ടിരുന്നു.
ഭൂമിയില്‍
മനുഷ്യരും
ദൈവങ്ങളും
മതങ്ങളും
ജാതികളും
വര്‍ഗ്ഗങ്ങളും
വിദ്വേഷങ്ങളും
പകയും.

എനിക്ക് തല പെരുക്കുന്നു
മറ്റൊരു പൂതത്തിന്‍റെ
പേറ്റുനോവ്.
മറ്റൊരു കുട്ടിച്ചാത്തന്‍
പിറക്കുന്നു.
സ്രഷ്ഠാവ്
തിരഞ്ഞുകൊണ്ടേയിരിക്കുന്നു
ചത്തു വീഴുന്ന
ചെകുത്താന്മാരുടെ
ധമനികളില്‍
ആ ഒരു തുള്ളി
രക്തം.

                                      -Lipi

Wednesday, July 13, 2011

"വേവാതൊരു കഷണം"!!!

"വേവാതൊരു കഷണം"
===============

എനിക്കു മുന്‍പേ
അവള്‍
പ്രണയിച്ചുകൊണ്ടേയിരുന്നു.
അവനെ.
ഇവള്‍ എന്നെയും.

അവളാദ്യം പോയി
പിന്നാലെ ഇവളും.
ഇട്ടിട്ടു പോണു ഞാനും
അവളേം പിന്നെ ഇവളേം.

രണ്ട് പ്രണയങ്ങള്‍ക്കിടയിലൂടെ
ഇഴഞ്ഞ്.
ഒടുവില്‍ ഞാനെന്‍റെ മാളത്തില്‍
ചുരുണ്ടു കൂടി.
ചുട്ടിട്ടു കൊടുക്കണം
എന്നെ അവള്‍ക്ക്.
ഉപ്പില്ലാത്തൊരു ഭാഗം
രുചിച്ചവള്‍ പറയും
അറിയില്ലെന്ന്.
അല്ലെന്കില്‍ ചിലപ്പോള്‍
ഇനിയും
വെന്തിട്ടില്ലെന്ന്.
തോലുമാറ്റാറുണ്ട് ഇടക്കിടക്ക്
ഞാനീ മാളത്തില്‍
എന്നെ ആരും
തിരിച്ചറിയാതിരിക്കാന്‍.

                                    -Lipi

‎"സ്ഫോടനം"!!!

‎"സ്ഫോടനം"
========

പര്‍ദ്ദയിട്ടൊരു
ഒറ്റമുലച്ചി മുല തപ്പുന്നു.
തറയിലിരുന്ന്.
ഇടത് ഭാഗത്ത്
മുല ഇല്ല.
ചുവന്ന് ഗര്‍ത്തമാണ്.
കാറിന്‍റെ ഡോറുതുറന്ന്.
ഏന്തിവലിഞ്ഞുനോക്കി.
സീറ്റിലില്ല.
എപ്പൊഴായിരുന്നു നഷ്ടമായത്.
അവള്‍ക്കോര്‍മ്മയില്ല.
മുല മാത്രമാണോ?അതോ?!
പിന്നെയും ഉണ്ട് ചിലത്.
രണ്ടു മൂന്ന് വിരലുകള്‍.
ഇടത് കണംകാല്‍.
അടിപ്പാവട.
പക്ഷെ അവള്‍ക്കു
മുല മാത്രം മതി.
അവനിപ്പോഴും
വലിച്ചു കുടിക്കുന്നുണ്ടോ?
എന്നറിയണം.
അതിന്‍റെ ഞെരടില്‍
ഇപ്പോഴും ഒരു
ജീവനുറങ്ങുന്നുണ്ടോന്നും.
അതെങ്ങനാ ഒന്നു തിരഞ്ഞു
തുടങ്ങുമ്പോഴേക്കും
രണ്ടാമതും പൊട്ടി .
തലമേല്‍ പൊക്കിവച്ച
പര്‍ദ്ദ മുഖത്തേക്ക്
അഴിഞ്ഞു വീണു .
ഇരുട്ട് കേറി .
കൂറ്റാക്കൂറ്റിരുട്ട്.

                        -Lipi

"വിധി"!.

"വിധി"!.
=====

അയാള്‍
പുഴകടന്നു വരികയാണെന്നു-
തോന്നുന്നു.
മുടി നനഞ്ഞിട്ടുണ്ട്.

പൊട്ടു മാഞ്ഞിരിക്കുന്നു .
ഉടുമുണ്ട് കുതിര്‍ന്നിരിക്കുന്നു.
കൊരുത്തു തൂക്കിയ രുദ്രാക്ഷങ്ങളില്‍
ഉപ്പ് പറ്റിയിരിക്കുന്നു.

നന്നേ മെലിഞ്ഞുണങ്ങിയ ,
പേശികള്‍ വലിഞ്ഞു നില്‍ക്കുന്നു.
അരക്കെട്ടില്‍ തിരുകിയ കത്തിയില്‍
ഇപ്പൊഴും ചോര മാഞ്ഞിട്ടില്ല.

കിതപ്പുണ്ട് നെഞ്ചില്‍.
ഉള്ളിലിപ്പൊഴും ചൂടുമുണ്ട്.
കണ്ണില്‍ തീയും.
കൈകളില്‍ വിറയുമുണ്ട് .

തുള്ളിയുറ്റുന്ന താടിയും
ചുവന്നു പൊങ്ങിയ
മീശരോമങ്ങളും.
ചെര്‍ന്നു മൊഴിഞ്ഞു; "വിധി"!.

"നാടു മുടിക്കാനായ്
പിറന്നൊരെണ്ണത്തെ
ഞാനങ്ങു കൊന്നൂ."
അയാള്‍ നടന്നകന്നു.

പിറകെ അഴിഞ്ഞു വീണ,
മുടിനാരു പോലെ .
അറുത്തെറിഞ്ഞ മണല് പറ്റിയ,
ഒരു പൂണൂലും .

Tuesday, July 12, 2011

ചുരത്താതൊരുതുള്ളി.!!!




ചുരത്താതൊരുതുള്ളി.
================
ചുരന്നോരീ ...
അകിടിന്‍ ചുവട്ടിലീ...
അമൃതത്തേക്കാള്‍
അമൃതമാണെന്നമ്മതന്‍
കണ്ണിലും ചുണ്ടിലും.
ബാക്കി വയ്ക്കുന്നു.
ഞാന്‍ ഒരു തുള്ളി.
പിന്നീടു കറന്നെടുക്കാന്‍
എപ്പൊഴും.

പ്രാതല്‍.!!!

പ്രാതല്‍
======

മുഖത്ത് പുള്ളി കുത്തിയ ദോശ.
നെഞ്ചിലേറ്റിയ ചിരട്ടപ്പുട്ട്.
ഒരു വട കൂടി വേണം വയറിന്.
വടയ്ക്കു പിറകെ വേണം-
തൊട്ടുതലോടാന്‍ ഒരു ചമ്മന്തി.
"മ്മ" ഇല്ലാത്തത്.
ഒരു കരിന്‍ചായ .
അല്ലെന്കില്‍ അതേ നിറമുള്ളതെന്തും.
എല്ലാരും വിശപ്പാറ്റി.
അവളു മാത്രം ഒന്നും കഴിച്ചില്ല.
ഒരു വേളി പൊലും.

Friday, July 8, 2011

ഒരാള്‍

ഒരാള്‍
=======

"വന്നതാരും വിളിച്ചിട്ടുമല്ല.
പോയതാരോടും പറഞ്ഞിട്ടുമല്ല.
വന്നിരുന്നെന്നൊരോര്‍മ്മയ്ക്കു മാത്രമായ്,
മാഞ്ഞു പോയവന്‍ മാത്രമാണെന്കിലും

മായുന്നതില്ലയീ അച്ഛയ്ക്കു കണ്ണിലും-
നോവൂ വറ്റാത്തൊരമമ്മതന്നുള്ളിലും,
പാതിയെന്കിലൂം പ്രാണനായ് അവളിലും.
എണ്ണമറ്റായിരം കരളിലും കനവിലും."