Wednesday, July 13, 2011

"വേവാതൊരു കഷണം"!!!

"വേവാതൊരു കഷണം"
===============

എനിക്കു മുന്‍പേ
അവള്‍
പ്രണയിച്ചുകൊണ്ടേയിരുന്നു.
അവനെ.
ഇവള്‍ എന്നെയും.

അവളാദ്യം പോയി
പിന്നാലെ ഇവളും.
ഇട്ടിട്ടു പോണു ഞാനും
അവളേം പിന്നെ ഇവളേം.

രണ്ട് പ്രണയങ്ങള്‍ക്കിടയിലൂടെ
ഇഴഞ്ഞ്.
ഒടുവില്‍ ഞാനെന്‍റെ മാളത്തില്‍
ചുരുണ്ടു കൂടി.
ചുട്ടിട്ടു കൊടുക്കണം
എന്നെ അവള്‍ക്ക്.
ഉപ്പില്ലാത്തൊരു ഭാഗം
രുചിച്ചവള്‍ പറയും
അറിയില്ലെന്ന്.
അല്ലെന്കില്‍ ചിലപ്പോള്‍
ഇനിയും
വെന്തിട്ടില്ലെന്ന്.
തോലുമാറ്റാറുണ്ട് ഇടക്കിടക്ക്
ഞാനീ മാളത്തില്‍
എന്നെ ആരും
തിരിച്ചറിയാതിരിക്കാന്‍.

                                    -Lipi

‎"സ്ഫോടനം"!!!

‎"സ്ഫോടനം"
========

പര്‍ദ്ദയിട്ടൊരു
ഒറ്റമുലച്ചി മുല തപ്പുന്നു.
തറയിലിരുന്ന്.
ഇടത് ഭാഗത്ത്
മുല ഇല്ല.
ചുവന്ന് ഗര്‍ത്തമാണ്.
കാറിന്‍റെ ഡോറുതുറന്ന്.
ഏന്തിവലിഞ്ഞുനോക്കി.
സീറ്റിലില്ല.
എപ്പൊഴായിരുന്നു നഷ്ടമായത്.
അവള്‍ക്കോര്‍മ്മയില്ല.
മുല മാത്രമാണോ?അതോ?!
പിന്നെയും ഉണ്ട് ചിലത്.
രണ്ടു മൂന്ന് വിരലുകള്‍.
ഇടത് കണംകാല്‍.
അടിപ്പാവട.
പക്ഷെ അവള്‍ക്കു
മുല മാത്രം മതി.
അവനിപ്പോഴും
വലിച്ചു കുടിക്കുന്നുണ്ടോ?
എന്നറിയണം.
അതിന്‍റെ ഞെരടില്‍
ഇപ്പോഴും ഒരു
ജീവനുറങ്ങുന്നുണ്ടോന്നും.
അതെങ്ങനാ ഒന്നു തിരഞ്ഞു
തുടങ്ങുമ്പോഴേക്കും
രണ്ടാമതും പൊട്ടി .
തലമേല്‍ പൊക്കിവച്ച
പര്‍ദ്ദ മുഖത്തേക്ക്
അഴിഞ്ഞു വീണു .
ഇരുട്ട് കേറി .
കൂറ്റാക്കൂറ്റിരുട്ട്.

                        -Lipi

"വിധി"!.

"വിധി"!.
=====

അയാള്‍
പുഴകടന്നു വരികയാണെന്നു-
തോന്നുന്നു.
മുടി നനഞ്ഞിട്ടുണ്ട്.

പൊട്ടു മാഞ്ഞിരിക്കുന്നു .
ഉടുമുണ്ട് കുതിര്‍ന്നിരിക്കുന്നു.
കൊരുത്തു തൂക്കിയ രുദ്രാക്ഷങ്ങളില്‍
ഉപ്പ് പറ്റിയിരിക്കുന്നു.

നന്നേ മെലിഞ്ഞുണങ്ങിയ ,
പേശികള്‍ വലിഞ്ഞു നില്‍ക്കുന്നു.
അരക്കെട്ടില്‍ തിരുകിയ കത്തിയില്‍
ഇപ്പൊഴും ചോര മാഞ്ഞിട്ടില്ല.

കിതപ്പുണ്ട് നെഞ്ചില്‍.
ഉള്ളിലിപ്പൊഴും ചൂടുമുണ്ട്.
കണ്ണില്‍ തീയും.
കൈകളില്‍ വിറയുമുണ്ട് .

തുള്ളിയുറ്റുന്ന താടിയും
ചുവന്നു പൊങ്ങിയ
മീശരോമങ്ങളും.
ചെര്‍ന്നു മൊഴിഞ്ഞു; "വിധി"!.

"നാടു മുടിക്കാനായ്
പിറന്നൊരെണ്ണത്തെ
ഞാനങ്ങു കൊന്നൂ."
അയാള്‍ നടന്നകന്നു.

പിറകെ അഴിഞ്ഞു വീണ,
മുടിനാരു പോലെ .
അറുത്തെറിഞ്ഞ മണല് പറ്റിയ,
ഒരു പൂണൂലും .

Tuesday, July 12, 2011

ചുരത്താതൊരുതുള്ളി.!!!




ചുരത്താതൊരുതുള്ളി.
================
ചുരന്നോരീ ...
അകിടിന്‍ ചുവട്ടിലീ...
അമൃതത്തേക്കാള്‍
അമൃതമാണെന്നമ്മതന്‍
കണ്ണിലും ചുണ്ടിലും.
ബാക്കി വയ്ക്കുന്നു.
ഞാന്‍ ഒരു തുള്ളി.
പിന്നീടു കറന്നെടുക്കാന്‍
എപ്പൊഴും.

പ്രാതല്‍.!!!

പ്രാതല്‍
======

മുഖത്ത് പുള്ളി കുത്തിയ ദോശ.
നെഞ്ചിലേറ്റിയ ചിരട്ടപ്പുട്ട്.
ഒരു വട കൂടി വേണം വയറിന്.
വടയ്ക്കു പിറകെ വേണം-
തൊട്ടുതലോടാന്‍ ഒരു ചമ്മന്തി.
"മ്മ" ഇല്ലാത്തത്.
ഒരു കരിന്‍ചായ .
അല്ലെന്കില്‍ അതേ നിറമുള്ളതെന്തും.
എല്ലാരും വിശപ്പാറ്റി.
അവളു മാത്രം ഒന്നും കഴിച്ചില്ല.
ഒരു വേളി പൊലും.

Friday, July 8, 2011

ഒരാള്‍

ഒരാള്‍
=======

"വന്നതാരും വിളിച്ചിട്ടുമല്ല.
പോയതാരോടും പറഞ്ഞിട്ടുമല്ല.
വന്നിരുന്നെന്നൊരോര്‍മ്മയ്ക്കു മാത്രമായ്,
മാഞ്ഞു പോയവന്‍ മാത്രമാണെന്കിലും

മായുന്നതില്ലയീ അച്ഛയ്ക്കു കണ്ണിലും-
നോവൂ വറ്റാത്തൊരമമ്മതന്നുള്ളിലും,
പാതിയെന്കിലൂം പ്രാണനായ് അവളിലും.
എണ്ണമറ്റായിരം കരളിലും കനവിലും."

Friday, July 1, 2011

പൂവാലന്‍...!!!

പൂവാലന്‍
=========

നാട്ടിലെ മുന്തിയ വിദ്യാലയം
കാറിലിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍
വാഹനം ഓരത്തു നിര്‍ത്തിയിട്ടാ-
മതിലിന്നു മുകളിലിരുന്നു അവന്‍.

പുസ്തക സഞ്ചിയുമാട്ടിയാട്ടി
മൊത്തത്തിലൊന്നു കുലുക്കിയാട്ടി
മുത്തുകിലുങ്ങുന്ന കാലുമായി
മുന്തിയൊരെണ്ണം പുറത്തുവന്നു.

കണ്ണുകള്‍ രണ്ടും പുറത്തുതള്ളി
മൂക്കത്തു കൈവച്ചിരുന്നു അവന്‍
ചുണ്ടിലെ സിഗരറ്റു തുപ്പി മെല്ലെ
പഞ്ചാര വാക്കുമായ് ചെന്നടുത്തു.

എനിക്ക് മുന്നേ നീ നടന്നുവെന്നാല്‍
നിഴലായ് ഞാന്‍ നിന്‍റെ കൂടെയെത്താം
കടക്കണ്ണിലെന്നെ നീ നോക്കിയെന്നാല്‍
കാരണം കൂടാതെ മുന്നിലെത്താം.

മിഴിപൊത്തി നീ പുഞ്ചിരിച്ചുവെന്നാല്‍
അടയാളമായ് ഞാന്‍ എടുത്തുകൊള്ളാം
ഇത്രമാത്രം ഞാന്‍ കൊതിച്ചതെന്നാല്‍
കിതയ്ക്കുന്നതെന്തിനായ് നിന്‍ ഹൃദയം. 

വചനങ്ങളൊന്നും കുറിച്ചതില്ലാ
വ്യാകരണം ഞാന്‍ പഠിച്ചതില്ലാ
വാക്കുകള്‍ കൊണ്ടു വരിഞ്ഞുകെട്ടി
പ്രണയം നിനക്കായ് പൊതിഞ്ഞതില്ലാ

വായ-നോട്ടം എന്റെ ജോലിയല്ലാ
വട്ടുമൂത്തിട്ടു പറഞ്ഞതല്ലാ
വാനിനൊരമ്പിളി  എന്ന പോലെ
ഉള്ളിലൊരുത്തി നീ മാത്രമല്ലേ?!

മാരണം പോലെ ഞാന്‍ കൂടെ വന്നാല്‍
മറ്റുള്ളവര്‍ എന്നെ തല്ലിയെന്നാല്‍
കഷ്ടമാണെന്നു നീ ഒര്‍ത്തിടേണം
ഇഷ്ടമാണെന്നു നീ ഓതിടേണം.

വാഹനം സ്വന്തമായുണ്ട് പെണ്ണെ
ഇന്ദനം അച്ഛനടിച്ചുകൊള്ളും
ബസ്സിനേക്കാള്‍ മുന്നേ വീട്ടിലെത്താം
വീട്ടു പടിക്കലായ് ചെന്നിറങ്ങാം.

ഉച്ചയ്ക്ക്ക് ഊണു കഴിക്കുവാനായ്
നീ പുറത്തോട്ടു വരണ്ടതില്ലാ;
ഇടവേള നേരത്തു വന്നുവെന്നാല്‍
പൊതിച്ചോറുമായി ഞാന്‍ കാത്തുനില്‍ക്കാം

പുലംപുന്നതോന്നും  നീ കേട്ടതില്ലേ?
നിന്റെ വായ്കകത്തെന്താ കുഴക്കട്ടയോ?!
സഹികെട്ടു ചോദിച്ചുപോയി പാവം
പൂവാലനെന്കിലും പുരുഷനല്ലേ?..

അവള്‍ മൂക്കിലെ കണ്ണട തൊട്ടു നീക്കി
മൊത്തത്തില്‍ ദേഹം ഉഴിഞ്ഞു നോക്കി
മറുവാക്ക് തന്നതോ ഈ വിധത്തില്‍
"ഐ ഡോംറ്റ് നോ മലയാല-"മെന്ന്.