പ്രാതല്‍
======
മുഖത്ത് പുള്ളി കുത്തിയ ദോശ.
നെഞ്ചിലേറ്റിയ ചിരട്ടപ്പുട്ട്.
ഒരു വട കൂടി വേണം വയറിന്.
വടയ്ക്കു പിറകെ വേണം-
തൊട്ടുതലോടാന്‍ ഒരു ചമ്മന്തി.
"മ്മ" ഇല്ലാത്തത്.
ഒരു കരിന്‍ചായ .
അല്ലെന്കില്‍ അതേ നിറമുള്ളതെന്തും.
എല്ലാരും വിശപ്പാറ്റി.
അവളു മാത്രം ഒന്നും കഴിച്ചില്ല.
ഒരു വേളി പൊലും.
Tuesday, July 12, 2011
Friday, July 8, 2011
ഒരാള്‍
ഒരാള്‍
=======
"വന്നതാരും വിളിച്ചിട്ടുമല്ല.
പോയതാരോടും പറഞ്ഞിട്ടുമല്ല.
വന്നിരുന്നെന്നൊരോര്‍മ്മയ്ക്കു മാത്രമായ്,
മാഞ്ഞു പോയവന്‍ മാത്രമാണെന്കിലും
മായുന്നതില്ലയീ അച്ഛയ്ക്കു കണ്ണിലും-
നോവൂ വറ്റാത്തൊരമമ്മതന്നുള്ളിലും,
പാതിയെന്കിലൂം പ്രാണനായ് അവളിലും.
എണ്ണമറ്റായിരം കരളിലും കനവിലും."
=======
"വന്നതാരും വിളിച്ചിട്ടുമല്ല.
പോയതാരോടും പറഞ്ഞിട്ടുമല്ല.
വന്നിരുന്നെന്നൊരോര്‍മ്മയ്ക്കു മാത്രമായ്,
മാഞ്ഞു പോയവന്‍ മാത്രമാണെന്കിലും
മായുന്നതില്ലയീ അച്ഛയ്ക്കു കണ്ണിലും-
നോവൂ വറ്റാത്തൊരമമ്മതന്നുള്ളിലും,
പാതിയെന്കിലൂം പ്രാണനായ് അവളിലും.
എണ്ണമറ്റായിരം കരളിലും കനവിലും."
Friday, July 1, 2011
പൂവാലന്‍...!!!
പൂവാലന്‍
=========
നാട്ടിലെ മുന്തിയ വിദ്യാലയം
കാറിലിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍
വാഹനം ഓരത്തു നിര്‍ത്തിയിട്ടാ-
മതിലിന്നു മുകളിലിരുന്നു അവന്‍.
പുസ്തക സഞ്ചിയുമാട്ടിയാട്ടി
മൊത്തത്തിലൊന്നു കുലുക്കിയാട്ടി
മുത്തുകിലുങ്ങുന്ന കാലുമായി
മുന്തിയൊരെണ്ണം പുറത്തുവന്നു.
കണ്ണുകള്‍ രണ്ടും പുറത്തുതള്ളി
മൂക്കത്തു കൈവച്ചിരുന്നു അവന്‍
ചുണ്ടിലെ സിഗരറ്റു തുപ്പി മെല്ലെ
പഞ്ചാര വാക്കുമായ് ചെന്നടുത്തു.
എനിക്ക് മുന്നേ നീ നടന്നുവെന്നാല്‍
നിഴലായ് ഞാന്‍ നിന്‍റെ കൂടെയെത്താം
കടക്കണ്ണിലെന്നെ നീ നോക്കിയെന്നാല്‍
കാരണം കൂടാതെ മുന്നിലെത്താം.
മിഴിപൊത്തി നീ പുഞ്ചിരിച്ചുവെന്നാല്‍
അടയാളമായ് ഞാന്‍ എടുത്തുകൊള്ളാം
ഇത്രമാത്രം ഞാന്‍ കൊതിച്ചതെന്നാല്‍
കിതയ്ക്കുന്നതെന്തിനായ് നിന്‍ ഹൃദയം.
വചനങ്ങളൊന്നും കുറിച്ചതില്ലാ
വ്യാകരണം ഞാന്‍ പഠിച്ചതില്ലാ
വാക്കുകള്‍ കൊണ്ടു വരിഞ്ഞുകെട്ടി
പ്രണയം നിനക്കായ് പൊതിഞ്ഞതില്ലാ
വായ-നോട്ടം എന്റെ ജോലിയല്ലാ
വട്ടുമൂത്തിട്ടു പറഞ്ഞതല്ലാ
വാനിനൊരമ്പിളി എന്ന പോലെ
ഉള്ളിലൊരുത്തി നീ മാത്രമല്ലേ?!
മാരണം പോലെ ഞാന്‍ കൂടെ വന്നാല്‍
മറ്റുള്ളവര്‍ എന്നെ തല്ലിയെന്നാല്‍
കഷ്ടമാണെന്നു നീ ഒര്‍ത്തിടേണം
ഇഷ്ടമാണെന്നു നീ ഓതിടേണം.
വാഹനം സ്വന്തമായുണ്ട് പെണ്ണെ
ഇന്ദനം അച്ഛനടിച്ചുകൊള്ളും
ബസ്സിനേക്കാള്‍ മുന്നേ വീട്ടിലെത്താം
വീട്ടു പടിക്കലായ് ചെന്നിറങ്ങാം.
ഉച്ചയ്ക്ക്ക് ഊണു കഴിക്കുവാനായ്
നീ പുറത്തോട്ടു വരണ്ടതില്ലാ;
ഇടവേള നേരത്തു വന്നുവെന്നാല്‍
പൊതിച്ചോറുമായി ഞാന്‍ കാത്തുനില്‍ക്കാം
പുലംപുന്നതോന്നും നീ കേട്ടതില്ലേ?
നിന്റെ വായ്കകത്തെന്താ കുഴക്കട്ടയോ?!
സഹികെട്ടു ചോദിച്ചുപോയി പാവം
പൂവാലനെന്കിലും പുരുഷനല്ലേ?..
അവള്‍ മൂക്കിലെ കണ്ണട തൊട്ടു നീക്കി
മൊത്തത്തില്‍ ദേഹം ഉഴിഞ്ഞു നോക്കി
മറുവാക്ക് തന്നതോ ഈ വിധത്തില്‍
"ഐ ഡോംറ്റ് നോ മലയാല-"മെന്ന്.
Monday, May 30, 2011
"എന്‍ഡോ സള്‍ഫാന്‍" ...!!!
"എന്‍ഡോ സള്‍ഫാന്‍" ...!!!
ഇവിടെ ഒരു കൂരയിലോരമ്മയുണ്ട്
ഓമനിക്കാനായ് ഒരുണ്ണിയുണ്ട്.
ഉണ്ണിക്കു പാതിയൊരു ദേഹമുണ്ട് .
പാതി ജീവന്‍ കാത്തു മരണമുണ്ട് .
തൊടിയില്‍ വിയര്‍ക്കുന്നോരച്ഛനുണ്ട്
മണ്ണിന്റെ മണമുള്ള കാറ്റുമുണ്ട്.
ചീരയ്ക്ക് തടമിട്ടു വാഴയ്ക്ക് വളമിട്ടു
കോമനും ചിരിതയും കൂട്ടിനുണ്ട് .
ചികയുന്ന കോഴികള്‍ പുഴുവിനെകൊത്തി-
പിടഞ്ഞു മരിക്കുന്ന കാഴ്ചയുണ്ട് .
കോഴിയെ കാത്തൊരു ചെറുമനുണ്ട് .
ചെറുമനു നിഴലായി മരണമുണ്ട് .
പാല് ചുരത്തുന്ന മരമുണ്ട് ചുറ്റിലും -
പ്രാണന്‍ വെടിഞ്ഞ ചിതല്‍ പുറ്റുമുണ്ട് .
മഴ മേഘ പാളികള്‍ കീറി മുറിക്കുന്ന
കാളകൂടപ്പറവ കാവലുണ്ട് .
ഇവിടമെത്താന്‍ വഴികളേറെയുണ്ടെങ്കിലും .
അധി കമാരും വഴി അളന്നതില്ല.
കൊടിയുടെ വര്‍ണങ്ങള്‍ മാറുന്നതല്ലാതെ-
കോലത്തിലോന്നിനും മാറ്റമില്ല .
ഒടുവിലീ ജനതയ്ക്ക് കണ്ണിലും കയ്യിലും
വെട്ടമേകാന്‍ ചിലരെത്തിനോക്കി.
അവരാദ്യമാ പക്ഷിയെ കല്ലെറിഞ്ഞു .
അരിവാള് കൊണ്ടതിന്‍ ചിറകരിഞ്ഞു .
വഴിമുട്ടിനിന്നവര്‍ കൂട്ടിനെത്തി .
കൊടിയേന്തി നിന്നവര്‍ മുന്‍പിലെത്തി .
കാളകൂടം മണ്‍കുടത്തിലാക്കി
കുഴി കുത്തി അവരത് കുഴിച്ചു മൂടി .
അമ്മ കണ്ണീരു തുടച്ചു നില്‍കെ
അച്ഛന്റെ ചുണ്ടിലൊരു ചിരി പടര്‍ന്നു
നന്ദി വാക്കൊന്നും പറയാതെ അപ്പോഴും
ഒരു പാതി ജീവന്‍ പറന്നകന്നു .
Thursday, May 19, 2011
എനിക്ക് കൂട്ടുണ്ട്...!!!
എനിക്ക് ...
എന്നിലേക്ക് ഒതുങ്ങുവാന്‍...
ചിറകു കൂട്ടുന്ന ഒരുപിടി മോഹങ്ങളുണ്ട്.
എപ്പോഴും കുറുകിക്കൊണ്ടിരിക്കുന്ന-
ഒരു ഹൃദയവും.
എന്‍റെ ചില്ലകളില്‍ ഒന്നിലും,
കൂടും കുരുവിക്കുഞ്ഞുങ്ങളും ഇല്ലെന്കിലും.
ഏതോ ഒരു കൂട്ടില്‍...
മൗനം അടയിരിക്കുന്ന ഒരു പ്രണയമുണ്ട്.
അതിനടുത്ത് എവിടെയോ...
ഒരു കോണിലായ് ഇപ്പൊഴും നീയുമുണ്ട്.
പിന്നെ ചിതലരിക്കാത്ത ഒരുപിടി ഓര്‍മ്മകളും.
നിന്റെ മഴ നനയാത്ത തൂവലുകളും .
കൂട്ടിനുണ്ട്.
-Lipi
Wednesday, April 27, 2011
കടല്‍...!!!
കടല്‍
കരകളില്‍ മിഴിവിളക്കണയുന്ന നേരത്ത്
കരയാതിരിക്കുവാന്‍ കഴിയുമോ കടലേ..?
തെല്ലിട...ശാന്തമായ്,കണ്ണു കലങ്ങാതെ
കാറ്റുവിറക്കാതെ,വിരലനക്കാതെ..
നിന്റെ കണ്ഡത്തിലെവിടെയോ ശൂന്യഗര്‍ത്തങ്ങളില്‍
വെളിച്ചം പതിക്കാത്ത പടുകുഴിയിലായിരം
ഓര്‍മകള്‍ അടക്കം പറഞ്ഞു കരയുന്ന പെട്ടകം
ഒരു വേള ഒന്നൊളിച്ചു വച്ചീടുവാന്‍.
ആര്‍ദ്ര മൗനങ്ങളെ പൂജക്കിരുത്തുവാന്‍
അമ്മ വാരിയെറിഞ്ഞ വാവിട്ടുകരയുന്ന
കുഞ്ഞിന്റെ അന്നനാളങ്ങളില്‍
കഴുമരക്കോലു കുത്തിയിറക്കുവാന്‍.
അടിത്തട്ടിലിനിയും പ്രണയത്തിനുറവ തേടുന്ന
കൗമാര സ്വപ്നങ്ങളെ, പൊട്ടിച്ചിരികളെ
കുപ്പിവളകളെ ,അട്ടഹാസങ്ങളെ
ആമത്തിലടക്കുവാന്‍.
അലിഞ്ഞുതീരാതെ ഇനിയും
കലപില കൂട്ടുന്ന അസ്ഥിമാലകളില്‍
മൗനം പുരട്ടുവാന്‍,മണ്ണിന്‍കുടങ്ങളില്‍
ദുരാത്മാക്കളെ പാടിയുറക്കുവാന്‍.
ഒരു ചണച്ചാക്കിനുള്ളില്‍ മുറുകി
മുറിവേറ്റു മൂളുന്ന ജീവനെ മുക്കിപിടിക്കുവാന്‍.
കാലിടറി വീഴുന്ന പന്തയക്കുതിരയെ
കല്‍ക്കരി വണ്ടിയെ ചളിപുതച്ചുറക്കി കിടത്തുവാന്‍.
ഇവിടെ ഈ തീരത്ത് പഴുത്തു ചുവന്ന മണല്‍ത്തരികളില്‍
സന്ധ്യയില്‍ ഇന്നിന്റെ മരണത്തിനരികെ നെറുകയില്‍
പൊട്ടിയൊലിച്ചു നില്‍ക്കുന്ന ചെന്കുടത്തെ
ഏറ്റുവാങ്ങുന്നു നീ തിരകളില്‍ സിരകളില്‍ രക്തമായ്.
പിറക്കട്ടെ ഇനിയും നാളെ ഉഷസന്ധ്യയില്‍
ചൂളം വിളിക്കുന്ന ചുവന്ന കൂത്താടികള്‍
പടരട്ടെ നേരിന്റെ രക്തം കരകളില്‍
അപ്പൊഴും കരയണം കണ്ണുനീര്‍ കരുതണം.
എന്റെ കല്ലുപാത്രങ്ങളില്‍ നീര്‍ക്കുമിള വറ്റിച്ചു
പരലുകുറുക്കവെ, ഉപ്പുതുപ്പുന്നു നീ
എന്റെ ഉണങ്ങിവരണ്ട ചോദ്യങ്ങളില്‍
പിന്നാന്പുറങ്ങളില്‍.
കറുപ്പു തൊട്ട് കരിനിഴല്‍ ചൂടി ഞാന്‍
നടന്നു നീങ്ങുന്പോള്‍, വഴികളില്‍
നേര്‍ത്ത തേങ്ങലായ് ദൂരെ ഉണര്‍ന്നിരിക്കുന്നുവോ?
അതോ നീണ്ട നിശ്വാസമായ് ശാന്തമായ് ഉറങ്ങിയോ?
Monday, March 28, 2011
വേനല്‍ !!!
നീ ഉണരാതിരുന്ന നീണ്ട രാവുകളില്‍
ഞാന്‍ ഉറങ്ങാതിരുന്നിട്ടുണ്ട്...
നിലാവിനേക്കാള്‍ ഭംഗിയുള്ള പൂക്കളുടെ മന്ദഹാസം രുചിച്ചുകൊണ്ട് ...
നേര്‍ത്ത മഞ്ഞുള്ള പുലരികളില്‍
മണ്‍ചട്ടിയിലെ ചുവന്ന പനിനീര്‍ ചെടി ,
അടിവേരിലൂടെ വെള്ളം വലിച്ചു കുടിക്കുന്നത് കേള്‍ക്കാന്‍ കതോര്തുകൊണ്ട്..
മീന മാസ സായാഹ്നങ്ങളില്‍
വാടിയ വല്ലികള്‍ക്ക് നീര് പകരുന്പോള്‍
വിരിയാറായ മുല്ലമൊട്ടു പകരം തരുന്ന ഉന്മത്ത ഗന്ധത്തെ കവച്ചു വച്ചിട്ടുള്ളതും
നീ നെറുകയില്‍ എനിക്ക് തന്ന ചുംബനങ്ങള്‍ മാത്രമാണ് .
"ഇന്നലെയും ഇന്നും നാളെയും ബാക്കി നില്‍ക്കെ
പൂക്കളും ചെടികളും ഞാനും കാത്തു നില്‍ക്കുന്നതും
ഞങ്ങളറിയാതെ പോയ നിന്നെ മാത്രമാണ് ."
"ഒരു മഴ മാത്രമാണ് ".!!!
Subscribe to:
Posts (Atom)