Monday, May 30, 2011

"എന്‍ഡോ സള്‍ഫാന്‍" ...!!!

                  


  "എന്‍ഡോ സള്‍ഫാന്‍" ...!!!

ഇവിടെ ഒരു കൂരയിലോരമ്മയുണ്ട്
ഓമനിക്കാനായ് ഒരുണ്ണിയുണ്ട്.
ഉണ്ണിക്കു പാതിയൊരു ദേഹമുണ്ട് .
പാതി ജീവന്‍ കാത്തു മരണമുണ്ട് .

തൊടിയില്‍ വിയര്‍ക്കുന്നോരച്ഛനുണ്ട് 
മണ്ണിന്റെ മണമുള്ള കാറ്റുമുണ്ട്‌.
ചീരയ്ക്ക് തടമിട്ടു വാഴയ്ക്ക് വളമിട്ടു 
കോമനും ചിരിതയും കൂട്ടിനുണ്ട് .

ചികയുന്ന കോഴികള്‍ പുഴുവിനെകൊത്തി-
പിടഞ്ഞു മരിക്കുന്ന കാഴ്ചയുണ്ട് .
കോഴിയെ കാത്തൊരു ചെറുമനുണ്ട് .
ചെറുമനു  നിഴലായി മരണമുണ്ട് . 

പാല് ചുരത്തുന്ന മരമുണ്ട്  ചുറ്റിലും -
പ്രാണന്‍ വെടിഞ്ഞ ചിതല്‍ പുറ്റുമുണ്ട് .
മഴ മേഘ പാളികള്‍ കീറി മുറിക്കുന്ന 
കാളകൂടപ്പറവ കാവലുണ്ട് .

ഇവിടമെത്താന്‍ വഴികളേറെയുണ്ടെങ്കിലും .
അധി കമാരും വഴി അളന്നതില്ല. 
കൊടിയുടെ വര്‍ണങ്ങള്‍ മാറുന്നതല്ലാതെ-
കോലത്തിലോന്നിനും മാറ്റമില്ല .

ഒടുവിലീ ജനതയ്ക്ക് കണ്ണിലും കയ്യിലും 
വെട്ടമേകാന്‍ ചിലരെത്തിനോക്കി.
അവരാദ്യമാ പക്ഷിയെ കല്ലെറിഞ്ഞു .
അരിവാള് കൊണ്ടതിന്‍ ചിറകരിഞ്ഞു .

വഴിമുട്ടിനിന്നവര്‍ കൂട്ടിനെത്തി .
കൊടിയേന്തി നിന്നവര്‍ മുന്‍പിലെത്തി .
കാളകൂടം മണ്‍കുടത്തിലാക്കി 
കുഴി കുത്തി അവരത് കുഴിച്ചു മൂടി .

അമ്മ കണ്ണീരു തുടച്ചു നില്‍കെ 
അച്ഛന്റെ ചുണ്ടിലൊരു ചിരി പടര്‍ന്നു 
നന്ദി വാക്കൊന്നും പറയാതെ അപ്പോഴും 
ഒരു പാതി ജീവന്‍ പറന്നകന്നു .

No comments:

Post a Comment