Thursday, May 19, 2011

എനിക്ക് കൂട്ടുണ്ട്...!!!

എനിക്ക് ...

എന്നിലേക്ക് ഒതുങ്ങുവാന്‍...
ചിറകു കൂട്ടുന്ന ഒരുപിടി മോഹങ്ങളുണ്ട്.
എപ്പോഴും കുറുകിക്കൊണ്ടിരിക്കുന്ന-
ഒരു ഹൃദയവും.

എന്‍റെ ചില്ലകളില്‍ ഒന്നിലും,
കൂടും കുരുവിക്കുഞ്ഞുങ്ങളും ഇല്ലെന്കിലും.
ഏതോ ഒരു കൂട്ടില്‍...
മൗനം അടയിരിക്കുന്ന ഒരു പ്രണയമുണ്ട്.

അതിനടുത്ത് എവിടെയോ...
ഒരു കോണിലായ് ഇപ്പൊഴും നീയുമുണ്ട്.
പിന്നെ ചിതലരിക്കാത്ത ഒരുപിടി ഓര്‍മ്മകളും.
നിന്റെ മഴ നനയാത്ത തൂവലുകളും .

കൂട്ടിനുണ്ട്.

                                          -Lipi

Wednesday, April 27, 2011

കടല്‍...!!!


കടല്‍

കരകളില്‍ മിഴിവിളക്കണയുന്ന നേരത്ത്
കരയാതിരിക്കുവാന്‍ കഴിയുമോ കടലേ..?
തെല്ലിട...ശാന്തമായ്,കണ്ണു കലങ്ങാതെ
കാറ്റുവിറക്കാതെ,വിരലനക്കാതെ..

നിന്റെ കണ്ഡത്തിലെവിടെയോ ശൂന്യഗര്‍ത്തങ്ങളില്‍
വെളിച്ചം പതിക്കാത്ത പടുകുഴിയിലായിരം
ഓര്‍മകള്‍ അടക്കം പറഞ്ഞു കരയുന്ന പെട്ടകം
ഒരു വേള ഒന്നൊളിച്ചു വച്ചീടുവാന്‍.

ആര്‍ദ്ര മൗനങ്ങളെ പൂജക്കിരുത്തുവാന്‍
അമ്മ വാരിയെറിഞ്ഞ വാവിട്ടുകരയുന്ന
കുഞ്ഞിന്റെ അന്നനാളങ്ങളില്‍
കഴുമരക്കോലു കുത്തിയിറക്കുവാന്‍.

അടിത്തട്ടിലിനിയും പ്രണയത്തിനുറവ തേടുന്ന
കൗമാര സ്വപ്നങ്ങളെ, പൊട്ടിച്ചിരികളെ
കുപ്പിവളകളെ ,അട്ടഹാസങ്ങളെ
ആമത്തിലടക്കുവാന്‍.

അലിഞ്ഞുതീരാതെ ഇനിയും
കലപില കൂട്ടുന്ന അസ്ഥിമാലകളില്‍
മൗനം പുരട്ടുവാന്‍,മണ്ണിന്‍കുടങ്ങളില്‍
ദുരാത്മാക്കളെ പാടിയുറക്കുവാന്‍.

ഒരു ചണച്ചാക്കിനുള്ളില്‍ മുറുകി
മുറിവേറ്റു മൂളുന്ന ജീവനെ മുക്കിപിടിക്കുവാന്‍.
കാലിടറി വീഴുന്ന പന്തയക്കുതിരയെ
കല്‍ക്കരി വണ്ടിയെ ചളിപുതച്ചുറക്കി കിടത്തുവാന്‍.

ഇവിടെ ഈ തീരത്ത് പഴുത്തു ചുവന്ന മണല്‍ത്തരികളില്‍
സന്ധ്യയില്‍ ഇന്നിന്റെ മരണത്തിനരികെ നെറുകയില്‍
പൊട്ടിയൊലിച്ചു നില്‍ക്കുന്ന ചെന്കുടത്തെ
ഏറ്റുവാങ്ങുന്നു നീ തിരകളില്‍ സിരകളില്‍ രക്തമായ്.

പിറക്കട്ടെ ഇനിയും നാളെ ഉഷസന്ധ്യയില്‍
ചൂളം വിളിക്കുന്ന ചുവന്ന കൂത്താടികള്‍
പടരട്ടെ നേരിന്റെ രക്തം കരകളില്‍
അപ്പൊഴും കരയണം കണ്ണുനീര്‍ കരുതണം.

എന്റെ കല്ലുപാത്രങ്ങളില്‍ നീര്‍ക്കുമിള വറ്റിച്ചു
പരലുകുറുക്കവെ, ഉപ്പുതുപ്പുന്നു നീ
എന്റെ ഉണങ്ങിവരണ്ട ചോദ്യങ്ങളില്‍
പിന്നാന്പുറങ്ങളില്‍.

കറുപ്പു തൊട്ട് കരിനിഴല്‍ ചൂടി ഞാന്‍
നടന്നു നീങ്ങുന്പോള്‍, വഴികളില്‍
നേര്‍ത്ത തേങ്ങലായ് ദൂരെ ഉണര്‍ന്നിരിക്കുന്നുവോ?
അതോ നീണ്ട നിശ്വാസമായ് ശാന്തമായ് ഉറങ്ങിയോ?

Monday, March 28, 2011

വേനല്‍ !!!



വേനല്‍ !!!

നീ ഉണരാതിരുന്ന നീണ്ട രാവുകളില്‍ 
ഞാന്‍ ഉറങ്ങാതിരുന്നിട്ടുണ്ട്...
നിലാവിനേക്കാള്‍ ഭംഗിയുള്ള പൂക്കളുടെ മന്ദഹാസം രുചിച്ചുകൊണ്ട് ...

നേര്‍ത്ത മഞ്ഞുള്ള പുലരികളില്‍ 
മണ്‍ചട്ടിയിലെ   ചുവന്ന പനിനീര്‍ ചെടി ,
അടിവേരിലൂടെ വെള്ളം വലിച്ചു കുടിക്കുന്നത് കേള്‍ക്കാന്‍ കതോര്തുകൊണ്ട്..

മീന മാസ സായാഹ്നങ്ങളില്‍ 
വാടിയ വല്ലികള്‍ക്ക് നീര് പകരുന്പോള്‍ 
വിരിയാറായ മുല്ലമൊട്ടു പകരം തരുന്ന ഉന്മത്ത ഗന്ധത്തെ കവച്ചു  വച്ചിട്ടുള്ളതും 
നീ നെറുകയില്‍ എനിക്ക് തന്ന ചുംബനങ്ങള്‍  മാത്രമാണ് .

"ഇന്നലെയും ഇന്നും നാളെയും ബാക്കി നില്‍ക്കെ 
പൂക്കളും ചെടികളും ഞാനും  കാത്തു നില്‍ക്കുന്നതും 
ഞങ്ങളറിയാതെ പോയ നിന്നെ മാത്രമാണ് ."

"ഒരു മഴ മാത്രമാണ് ".!!!

Sunday, October 17, 2010

ഉടഞ്ഞ മൌനങ്ങള്‍...!!!









ഉടഞ്ഞ മൌനങ്ങള്‍..!!!



നിന്‍റെ മൌനമുടഞ്ഞ വഴികളില്‍ ഞാനെന്‍റെ
വിരഹം പതിയെ ഒളിച്ചു വച്ചു.
ഇനിയും താഴിട്ടു പൂട്ടാത്ത മനസിന്‍റെ
ഉള്ളറ വാതിലില്‍ കരഞ്ഞിരുന്നു .

രാവേറെയായ്‌ നിന്‍റെ കൂവിളിപ്പാടുകള്‍
കര്‍ണപടങ്ങളില്‍ പ്രതിധ്വനിച്ചു .
ഹിമ ബിന്ദു ചൂടിയ പൂവിതള്‍ പോലെ നീ
ആ രാത്രി മഴയില്‍ കുതിര്‍ന്നു നിന്നു .

Monday, September 27, 2010

കറുത്ത മഴവില്ല് !!!

                                                      Abhilash



കറുത്ത മഴവില്ല് !!!

കൂട്ടുകാരാ പോകയോ നീ -
പാതി വഴിയില്‍ പറയാതെ;
പാട്ട് പൂര്‍ണമാക്കാതെ നിന്‍ -
കഥയ്ക്ക്‌ പേര്‌ കുറിക്കാതെ .

അമ്മതന്‍ കണ്ണുകള്‍ എരിയും തിരിയായ്
എണ്ണയില്ലാതെ നീറുമ്പോള്‍ .
പെങ്ങളുണ്ടരികില്‍ മറ്റൊരു കോണില്‍
വിറച്ചു വിറച്ചു വിതുമ്പുന്നു .

അച്ഛന്റെ കല്ലറയ്ക്കരികില്‍ നിന്‍ ചുരുളുകള്‍
പുക തീര്‍ത്തു വാനില്‍ പടരുമ്പോള്‍ .
മഴതോര്‍ന്ന വീടിനെ കരയാന്‍ തനിച്ചാക്കി
പാദങ്ങള്‍ ഓരോന്നായ്‌ വിടചൊല്ലി .

ഞങ്ങളീസ്നേഹിതര്‍ ഈ പാവം മനസ്സുകള്‍
വിങ്ങുന്ന നെഞ്ചുമായ്  പിരിയുന്നു  .
മഴ വീണു കുതിര്‍ന്നോരീ ചെമ്മണ്ണുപാതയില്‍
നീയില്ലാതെ മടങ്ങുന്നു  .

നല്ലൊരു നാളില്‍ നിന്‍ പുഞ്ചിരി കോര്‍ത്തൊരു
മഴവില്ല് നല്‍കി നീ കടന്നു വന്നു .
പിന്നൊരു നാളില്‍ കരിനിഴല്‍ വീഴ്ത്തി നീ
ആരോടും പറയാതെ കടന്നു പോയി .

മനസ്സില്‍ നിറയുന്ന മൌനവും  നൊമ്പര-
 പൂക്കളും ഓര്‍മ്മയില്‍ ബാക്കിയാക്കി .
ഈറനാം കണ്ണുനീര്‍ മുത്തുകള്‍ കോര്‍ത്തു
നിന്‍ അവസാന യാത്രയില്‍ യാത്രാമൊഴി .

Wednesday, August 4, 2010

കൊലുസ്സ് .




കൊലുസ്സ് .

കുളക്കടവില്‍ നോക്കി ...
വലിച്ചെറിഞ്ഞ മഞാടി മണികള്‍ പടവില്‍ തന്നെ ഉണ്ട് .
ഊഞ്ഞാല്‍ ചുവട്ടിലെ കരിയിലകള്‍ മാറ്റിയിട്ടില്ല...
മണ്ണിന്‍ ചിരട്ടയും പ്ലാവില കരണ്ടിയും മഴനനഞ്ഞ് കിടപ്പുണ്ട്.
കാവിലും ആല്‍ തറയിലും ഒറ്റയ്ക്ക് പോകില്ല ...
തണുത്ത്‌ വിറയ്ക്കുന്ന താടിയും നനഞ്ഞൊട്ടിയ നിക്കറുമായി തൊടിയിലൊക്കെ തിരഞ്ഞു .
പിന്നെ പുഴക്കരയിലെ കമഴ്ത്തി വച്ച വള്ളത്തിന്റെ പുറത്ത്
തല താഴ്ത്തി ഇരുന്നു .
"മുങ്ങി എടുത്തു തരാം " എന്നു പറഞ്ഞത് സത്യമായിട്ടു തന്നയാ .
പിന്നെ ആ പിണങ്ങുന്ന മുഖം കാണാന്‍
നീ എറിഞ്ഞപ്പോ "പറ്റിച്ചേ "!!
എന്നു ചുമ്മാ ഗോഷ്ടി കാട്ടി.
അവനിത് ആരോടെന്നില്ലാതെ പറയുമ്പോള്‍ വലുതുകയ്യില്‍ മുറുകെ പിടിച്ച വെള്ളിക്കൊലുസിനു പോലും ചിരിവന്നു .
പക്ഷെ കണ്ണില്‍ നിന്നും താടി ചേര്‍ത്തു വച്ച കാല്മുട്ടിലൂടെ , പിന്നെ കയ്യിലൂടെ ഇറങ്ങി വന്ന രണ്ടു മണി മുത്തുകള്‍ ആ ചിരി തഴുകി തണുപ്പിച്ചു കൊണ്ടു മണലില്‍ വീണു .
വരും! . കടക്കോണിലെ തുടച്ചു മാറ്റാത്ത തുള്ളിയും
പിണക്കം നിഴല് വീഴ്ത്തിയ മുഖവും
മുറിഞ്ഞു തീരാറായ നുറുങ്ങു തേങ്ങലും
ഉള്ളില്‍ എണ്ണ വറ്റാത്ത സ്നേഹത്തിന്റെ മണ്ണിന്‍ ചിരാതുമായ്‌.
അവള്‍ !.
കാത്തിരിക്കാം ...നമുക്കും !.

Monday, August 2, 2010

ഇത്ര മാത്രം !!!










ഇത്ര മാത്രം 

പലതും ആഗ്രഹിക്കും ...
നേടാനും ചിലത് തട്ടിപറിക്കാനും.
ലാഭങ്ങള്‍ കണക്കു കൂട്ടും ...
എന്നിട്ടും നഷ്ടങ്ങള്‍ ഏറ്റുവാങ്ങും .
ഒടുവില്‍ ലഭാങ്ങളെക്കാള്‍ നഷ്ടങ്ങളെ സ്നേഹിക്കും .
സ്വയം നഷ്ടപ്പെട്ടു തുടങ്ങുമ്പോള്‍ തിരിച്ചറിയും .
"സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും മാത്രമാണ്
ഭൂമിയില്‍ മനുഷ്യ ജന്മം എന്ന പരിപാവന സത്യം ."
തിരിഞ്ഞു നിന്നു  മാഞ്ഞു പോയ വഴികളെ നോക്കി നെടുവീര്‍പ്പിടും .
ഓര്‍മ്മകള്‍ മാത്രം ബാക്കിവച്ച് വീണ്ടും ജീവിക്കും . 
പരിഭവങ്ങളൊന്നും തന്നെ ഇല്ലാതെ .
നാം പോലുമറിയാതെ അവസാനിക്കും വരെ .
ഞാനും നീയും നമ്മുടെതുമായ എല്ലാം .