Saturday, October 15, 2011

പറയാതെ പോയ പ്രണയം.!!!


"
എവിടെ, ഈ ഇടനാഴിയിലെവിടെ
നീനക്കായ് ഞാൻ  അത് മറന്നു വച്ചു.

മഴ മണിവീണ മീട്ടിയ തന്ത്രിയില്‍
വര്‍ണങ്ങള്‍ ചിറകടിച്ചുയരുന്ന വാനില്‍

തരളമായ് പൊഴിയുമീ വെണ്‍- തൂവലില്‍
മഞ്ഞു മഴവില്ല് തീര്‍ക്കുമീ പൂവിതള്‍ തുമ്പില്‍ .

പറയാതെ പോയ വരികളില്‍ വാക്കുകള്‍
പ്രണയം മാത്രം കരുതി വച്ചു."

                                                             -Lipi

Wednesday, October 12, 2011

ഒരു പ്രവാസിയുടെ ഭാര്യ .!!!


ഒരു പ്രവാസിയുടെ  ഭാര്യ .
=========================

കരയില്‍ ഇരുളിന്‍റെ കാര്‍കൂന്തലിഴവീണു
കടലില്‍ അരുണന്‍റെ നിണമലിഞ്ഞു.

ഒരു പകലൊടുങ്ങിയ സൂര്യനായവനും
അഴലിന്‍റെ ആഴിയില്‍ മെല്ലെ മെല്ലെ.

നീ തന്ന കനവുകള്‍ വിരലുകളാലിനി
കവിതകളെഴുതുന്ന രാവുണര്‍ന്നു.

അവസാന കിരണങ്ങള്‍ അഴകെഴും കുങ്കുമ
പൂക്കളായ് നെറുകയിലൊതുക്കി വച്ചു.

മോഹങ്ങളൊക്കെ ഒളിച്ചു വച്ചു മുല്ല-
മൊട്ടുകള്‍ മുടിയിഴക്കുള്ളിലായി.

ഒന്നുമേ പറയാതെ ഒരുവാക്ക് മിണ്ടാതെ
ഉള്ളിലെ സങ്കടം കടലെടുത്തു.

കൈത്തടം മറവച്ചൊളിച്ചു വച്ചു അവള്‍
കണ്ണില്‍ പിറന്ന കടലൊരുതുള്ളിയില്‍ .

കരിമഷി എഴുതിയ കടമിഴിക്കോണിലെ
ഒറ്റയ്ക്കു തേങ്ങുന്ന തേന്‍തുള്ളിയില്‍.

കന്നിപ്പടര്‍പ്പിനെ മാറത്തണച്ചവള്‍
വിങ്ങുന്ന മേഘമായ് മാറിനിന്നു.

തുള്ളികള്‍ പൊഴിയാതെ അകലുന്ന കാന്തന്‍റെ
കാലടിപ്പാടുകള്‍ നോക്കി നിന്നു.

കാത്തിരിപ്പാണിനി കാലങ്ങളറിയാതെ
കാഴ്ചകളില്ലാതെ കൂരിരുട്ടില്‍.

രാക്കിളിപ്പാട്ടിന്‍റെ താരാട്ട് കാതോര്‍ത്ത്
കാത്തിരിപ്പാണിനി കൂട്ടിനുള്ളില്‍.

രാവുതാണ്ടുന്നവന്‍ കതിരവന്‍ കൈകളില്‍
വര്‍ണങ്ങള്‍ വാരി മടങ്ങിയെത്തും

പുല്ലിലും പൂവിലും കണ്‍പീലിത്തുന്പിലും
ആയിരം സൂര്യനായ് തിരികെയെത്തും.

ഓളങ്ങള്‍ താലങ്ങളേന്തി നില്ക്കും കണ്ണി-
ലാനന്ദമരുവിയായ് ഒഴുകിയെത്തും.

മുടിയിഴ മറ നീക്കി മുല്ലകള്‍ വിരിയും
ഗന്ധ-നിശ്വാസങ്ങളിടകലരും.



Wednesday, October 5, 2011

സന്ധ്യ നീ മായാതെ!!!


"മുടിമുല്ല മണമുള്ള
മഴയുടെ തന്ത്രിയില്‍
രാഗങ്ങള്‍ ഒര്‍മ്മകള്‍
കോര്‍ത്തെടുത്തു.

മായുന്ന സന്ധ്യ നീ
മായാതെ ഉള്ളിലെന്‍
ചക്രവാളങ്ങളില്‍
ചുവന്നു നിന്നു.

കരയില്‍ ഞാനുമെന്‍ -
 സന്ധ്യയെ  കാത്തിരുന്നു ."

Wednesday, August 31, 2011

പൊഴിഞ്ഞ പൂവുകള്‍!!!


പൊഴിഞ്ഞ പൂവുകള്‍!!!
================

കൊഴിഞ്ഞു വീണ
പൂവിനെ നോക്കി;
കരഞ്ഞിരിക്കും യുവതി,
കഴിഞ്ഞകാലം,
വിരിഞ്ഞ് നിന്നൊരു,
പ്രണയമുണ്ടായിരുന്നൊ?
നിനക്കും!
പ്രണയമുണ്ടായിരുന്നൊ?

നനഞ്ഞ മിഴിയിതള്‍
കടഞ്ഞു നീയും
മഷി പുരട്ടാറുണ്ടോ?
കനവില്‍!
നിന്‍റെ തൂലിക മുനകള്‍,
അവയില്‍ കവിത
പടര്‍ത്താറുണ്ടോ?

കാലമിനിയും
യവനിക പണിയും
ഓര്‍മ്മകളെല്ലാം
മറയും
കണ്ണുനീരു കുടിച്ചു
ചീര്‍ത്ത നിന്‍
ചുണ്ടില്‍ പുഞ്ചിരി
വിടരും.

നീ വെറും
കാവ്യഭാവനയാകും
മണ്ണിലലിയും
ഭാവന മാത്രമായ് പൊഴിയും.


Monday, August 29, 2011

പേറ്റുനോവ്.!!!


പേറ്റുനോവ്.!!!
=========
നീ കടല കൊറിച്ച്
കടലുകണ്ട് മടങ്ങിയ-
ആകാശത്ത് അമ്പിളി
പുക മറച്ചുറങ്ങുമ്പോള്‍...

ഒരു കടലാസു തുണ്ടില്‍
താളു മറച്ച് എന്‍റെ പേന
പിഴച്ചു പെറ്റ കവിത.
ചാപിള്ളയാകുമോ?

                                  -Lipi

പിണങ്ങാത്ത പൂവ്.!!!


പിണങ്ങാത്ത പൂവ്.!!!
===============

സിന്ദൂര സന്ധ്യയിന്നെന്തേ
നിന്‍റെ ചുണ്ടിലെ ചെമ്പകം തൊട്ടൂ?
കന്നി-നിലാവിന്‍റെ നാണം
നിന്‍കവിള്‍ കണ്ണാടി നോക്കിയിട്ടാണോ?
മണ്ണിലും താരകം പൂത്തൂ
മഞ്ഞുതുള്ളിനിന്‍ ചിരിമുത്തെടുത്തോ?
കാറ്റുമ്മവയ്ക്കുന്ന തുമ്പില്‍
കുഞ്ഞു-കാര്‍മേഘമൂറിനില്‍പ്പുണ്ടോ?
പൂമുഖ വാതില്‍ പടിയില്‍
നിന്‍റെ കണ്ണിന്‍ ചിരാതു കൊളുത്തി;
കാലൊച്ചയോര്‍ത്തുകൊണ്ടെന്നും
മനം എന്നെയും കാത്തിരിപ്പുണ്ടോ?
കാലൊച്ചയോര്‍ത്തുകൊണ്ടെന്നും....
മനം എന്നെയും കാത്തിരിപ്പുണ്ടോ?.....

                                                 -Lipi

Thursday, August 18, 2011

" കടത്തുകാരന്‍ ."!!!


" കടത്തുകാരന്‍ ."!!!
=================

കടത്തുകാരന്‍ കാറ്റേ-
നിന്‍റെ കടത്തുതോണിയില്‍
കറുത്ത പെണ്ണിനെ-
അടുത്ത കരക്കിറക്കിവിടാമോ?!...
ഈന്ത മരത്തിലോന്തിരുന്ന്-
ഓത്തു ചൊല്ലണ നേരം.
മത്ത പൂത്ത മാമരത്തില്‍
തത്ത ഇരുന്നു പാടി....
ഒരു തത്ത ഇരുന്നു പാടി...