Sunday, August 16, 2009

ഹൃദയാഘാതം !!!



























ഹൃദയാഘാതം !!!
അറിയുവാന്‍ വൈകി ഞാന്‍ എന്നുമെന്‍ നെറുകയില്‍
പുണ്യമായ് പെയ്യുമെന്‍ അരുമയാം പൈതൃകം
ജന്മജന്മാന്തര സുകൃതമാം പൈതൃകം
പുണ്യ പ്രവാഹത്തിനുറവയാം പൈതൃകം

പൈതലായ്‌ കണ്ണുകള്‍ അമ്മയെ തേടുന്ന
നേരത്തുമമ്മയ്ക്കു നിഴലായ്‌ തണലായ്‌
പെണ്ണിനെ കാക്കുന്ന മണ്ണിനെ കാക്കുന്ന
മഹിമതന്‍ വേരുകള്‍ താതനായ്‌ പൊരുളായ്

കണ്ണുകള്‍ കരയുവാന്‍ കണ്ണുനീരണിയുന്ന
നേരത്തു കൈകളാല്‍ പുണരുന്ന മൌനം
പതിവുകള്‍ തെറ്റാതെ പൊതികളായണയുന്ന
മധുരമായ്‌ നാവുകള്‍ നുണയുന്ന സ്നേഹം .

അറിവുകള്‍ നേടുവാന്‍ ഇനി ഏറെ ഉണ്ടെന്നു
ചൊല്ലി പഠിപ്പിച്ച പരമ വിദ്യാലയം .
പടികളായ് പടവുകള്‍ പട വെട്ടി നേടുവാന്‍
ജ്ഞാനമായ് നിറയുന്ന പുണ്യ ദേവാലയം .

കള്ളി്മുള്ളിലകളില്‍ മുള്ളുകള്‍ എന്ന പോല്‍
കണ്ണുകള്‍ ഭയഭീതി എന്നില്‍ നിറച്ചനാള്‍
പിന്നെയാ മുള്ളുകള്‍ ഉള്‍വലിഞ്ഞിന്നിതാ
മൃദുലതര ഹരിതാഭ ദളമായ് ജന്മം .

ഉള്ളിലാ മുള്ളുകള്‍ ആഴങ്ങളറിയുന്നു
കത്തുന്ന കണ്ണുകള്‍ കണ്ണുനീരണിയുന്നു
മുള്ളുകള്‍ ദ്വാരമാ ഹൃദയത്ത്തിലേകുന്നു
മറയാക്കി വച്ചൊരാ പുഞ്ചിരി മായ്ക്കുന്നു .

ഓര്‍മ്മകള്‍ നൃത്തം ചവിട്ടുന്ന മണലുകള്‍
ഉരുകുന്നു ചന്ദന തടികളാല്‍ ഭൂമിയില്‍ .
പുണ്യമാ ആത്മാവ് സ്വര്‍ഗം വരിക്കവേ
സ്വര്‍ഗങ്ങള്‍ കൈവിട്ട നൃപനായ് മാനവന്‍ .

അറിയണം ഇനിയുമാ എരിയുമാത്മാവിനെ
ഇല്ലിനി ഒരു വേള ഇനിയെന്റെ പക്കലായ്‌
ഇനിയുമാ മടിയോടെ ശങ്കിച്ചു നില്ക്കുന്ന
തനയ രാശിക്കായി നല്കുന്നു ഞാനിതു .


Friday, August 7, 2009

അച്ഛന്‍ ...!!!





























അച്ഛന്‍..!!!


കുന്നി മണികളില്‍ കുഞ്ഞു കിളികളില്‍ ,
തെന്നലലിയുന്ന കുഞ്ഞു തൂവലില്‍ ,
ചൂണ്ടു വിരലുമായ് ഒരു മുഖം .
ഞാന്‍ ഉമ്മ വയ്ക്കുന്ന കൊതിമുഖം .



കുഞ്ഞിലഞ്ഞി മരമോന്നുലച്ച്ച്ചു കൈ-
കുമ്പിള്‍ നിറയുന്ന മഞ്ഞു തുള്ളിപോല്‍
കൊന്ച്ചലോളിയുമായ് ഒരു മുഖം .
പുണ്യമാണെന്റെ പൈതൃകം .



മഞ്ഞു പെയ്യുന്ന രാവുകള്‍ ,
കുഞ്ഞു താരാട്ടു പാട്ടുകള്‍ ,
ആ നെഞ്ഞിലായ്‌ ചാഞ്ഞുറങ്ങുവാന്-
കൊതിയേറെ ഉണ്ടിന്നുമുള്ളിലായ്‌ .



പുല്ലു മേയുന്ന കാലികള്‍ ,
കതിര് കൊയ്യുന്ന കുരുവികള്‍ ,
വെയില് കായുന്ന കൊറ്റികള്‍ ,
ആ കൈ പിടിച്ച്ചോടും ഓര്‍മ്മകള്‍ .



കുഞ്ഞുറുമ്പിന്റെ കൂടുകള്‍ ,
മഴയില്‍ മണ്ണിര പുറ്റുകള്‍ ,
കഥകള്‍ ഒരുപാടു കേള്‍ക്കണം .
ആ തോളിലായ്‌ ആന കേറണം.



കുന്നു കേറണം കുഴല് വാങ്ങണം .
പട്ടു കുപ്പായമിട്ടോരുങ്ങണം .
വിരലുകള്‍ നുണഞ്ഞലിയണം .
ഓര്‍മതന്‍ മടിയിലലിയണം.



ആമ്പലല്ലികള്‍ മനസ്സു നിറയുന്ന
ആറ്റിലോളങ്ങളെറിയണം .
അരയിലീരില തോര്‍ത്ത് കെട്ടിയാ
കൈകളില്‍ നീന്തി നീങ്ങണം .



കുന്നി മണികളില്‍ , കുഞ്ഞു കിളികളില്‍
ഇനിയും ഓര്‍മ്മകള്‍ പതിയണം
പുണ്യമാണെന്റെ പൈതൃകം .
ധന്യമാണെന്റെ പൈതൃകം .

വന വീഥി...!!!
















വന വീഥി...!!!
ഒരുവഴിയമ്പല കതിരൊളി വെളിച്ചം
നിന്നൂ ..! നിന്‍ വഴി തിരഞ്ഞു ...
ഒരു വേളയെങ്കിലും പിന്തിരിയാതെ നീ
എങ്ങോ പോയി മറഞ്ഞു ...
കാടുകള്‍ മേടുകള്‍ കാട്ടരുവികളില്‍
നിന്‍ പദ ചലനം കേട്ടൂ...
പാദാരവിന്ദങ്ങള്‍ വാരിപ്‌പുണര്‍ന്നോരാ
പാദസരങ്ങള്‍ നീ വലിച്ചെറിഞ്ഞൂ...
കരിമഷി ചാലിച്ച മാനിമ ഇണകളില്‍
നിന്മിഴിപീലികള്‍ വിടര്‍ന്നൂ ...
കാതുകള്‍ കൂര്‍പ്പിച്ചു തെല്ലിട ഞോടിയിലാ
മാനുകള്‍ കാനന നിശയിലലിഞ്ഞ്ഞൂ...
നിന്മുഖ കാന്തിയില്‍ നാണിച്ചു ലജ്ജിച്ചു
പനിമതി മുകിലാല്‍ മുഖം മറച്ചൂ ...
മുടിയില്‍ പൂ വച്ചു പനിനീര് തളിച്ച്ചൂ
ഒരു രാത്രി മഴ നിന്നെ പറഞ്ഞയച്ചൂ ...
ഇനി ഒരു മാറ്റൊലി ഇല്ലെന്നുറപ്പിച്ചു
കിളികള്‍ വീണ്ടും ചിലചിലച്ചൂ ...
പഴയോരാ രാത്രിയില്‍ മഴ നനഞ്ഞുറങ്ങിയ
കതിരവന്‍ മലകളില്‍ പുന്ചിരിച്ച്ചൂ ...
അരുവികള്‍ വീണ്ടും ചിലങ്കകള്‍ അണിഞ്ഞൂ
മാനുകള്‍ മേച്ചില്‍ പുറങ്ങളില്‍ അലഞ്ഞൂ ...
കോതി ഒതുക്കാത്ത വന വല്ലികളില്‍
വാടിയ മുല്ലകള്‍ തങ്ങി നിന്നൂ ...
വാനം ചിരിച്ചൂ , വന വീഥി തെളിഞ്ഞൂ ...
മഞ്ഞില്‍ പൂക്കള്‍ പുന്ജിരിച്ച്ചൂ...
വിളക്കില്‍ തിരികള്‍ അണഞ്ഞിരുന്നെങ്കിലും
വഴിയമ്പല നട തുറന്നിരുന്നൂ ..
നിനക്കായെന്നും തുറന്നുതന്നിരുന്നു‌ ..

Friday, July 24, 2009

ഓണവില്ല്...!!!

















ഓണവില്ല്...!!!





കുളിരായ്‌ തെന്നലായ്‌ വഴികളില്‍ കൂട്ട് വാ ..
പുലരിതന്‍ ഇളവെയില്‍ ചില്ലകള്‍ തഴുകി വാ .
മറവിതന്‍ മരുവിലായ്‌ ഒരു മരീചിയായ്‌ ...
ഓര്‍മയില്‍ നനവ് പകരുന്ന മഴമയില്‍പീലിയായ്‌ .

ഊയലാടുന്ന തുമ്പ മലരിന്‍റെ വെണ്മ ചിരിതൂകി വാ ..
തുമ്പികള്‍ പാടും ഓണം ഈണത്തില്‍ ഉള്ളിലായ്‌ മൂളി വാ .

നാക്കില തുമ്പു നിറയെ നിറയുന്ന സദ്യ വട്ടങ്ങളായ്..
ചടുല താളത്തിലിളകിയാടുന്ന വന്‍ പുലിക്കോലമായ്.
മണ്ണ് മേഞ്ഞു മിനുക്കി മെഴുകിയ ,
മുറ്റമിന്നു നിറഞ്ഞു നില്ക്കും ,
പുതിയ പൂക്കള കൂട്ടമായ്‌ വാ.

കാല്‍ ചിലങ്കകള്‍ താളമേകുന്ന നൃത്ത നൃതൃങ്ങളായ്..
എന്റെ നാടിന്റെ നെടു വരമ്പിലൊരു ഞാറ്റുപാട്ടായി വാ.
ചെണ്ട മേളങ്ങള്‍ ഇമ്പമേകുന്ന ,
കത്തി വേഷങ്ങള്‍ കെട്ടിയാടുന്ന ,
കഥകളി കോലമായ്‌ വാ.

പള്ളി ഓടങ്ങള്‍ ഒഴുകി അലയിടും കായലോളങ്ങളില്‍..
പഞ്ചവാദ്യ തിടമ്പ് ചൂടുന്ന മണ്ണില്‍ ഓണമായ്‌ വാ .
മലകള്‍ തഴുകുന്ന പുഴകള്‍ ഒഴുകുന്ന ,
ഹരിത ഭൂവിന്നു ശ്രുതി ഉണര്‍ത്തുന്ന ,
മലയ മലയാളമായ്‌ വാ .

പുതിയ മലരായ്‌ , ഓണ മലരായ്‌...
ഓണ വില്ലിന്‍ , നിറ നിലാവായ്‌..
അമ്മയായ്‌ , ഓണമായ്‌ ...
പുതിയ തിരുവോണമായ് വാ.......







Tuesday, July 21, 2009

ചില്ല് ജാലകം...!!






















ചില്ല് ജാലകം...!!

കണ്ണുനീരിന്റെ നനവ് ചാലിച്ച പഴയ വര്ണങ്ങളോര്‍മ്മകള്‍.
മങ്ങി നിന്നെന്റെ ചില്ല് ജാലക പാളിയില്‍ തീര്‍ത്തു ചാലുകള്‍.
പുലരി മഞ്ഞിന്‍റെ പുതിയ ദാവണി പുടവ ചൂടുന്ന വയലുകള്‍ .
തഴുകി ഓടുന്ന കൊലുസുകള്‍ തീര്‍ത്ത പ്രണയ രാഗങ്ങളോര്‍മ്മകള്‍ .

ഇന്നുമുണ്ടെന്റെ നെഞ്ഞ്ജിലായ്‌ നിന്റെ മുഖപടം തീര്‍ക്കുമോര്‍മ്മകള്‍ .
പിന്നിലായ്‌ വന്നു കണ്ണുകള്‍ പൊത്തി ഉമ്മകള്‍ നല്കുമോര്‍മ്മകള്‍ .
കടവ് കണ്ണാടി നോക്കി നീങ്ങുന്ന പുഴയിലോളങ്ങളോര്‍മ്മകള്‍ .
കുഞ്ഞു തെന്നലിന്‍ കൈകള്‍ വന്നു നിന്‍ മുടിയുലയ്ക്കുന്നതോര്‍മ്മകള്‍ .

ഇന്നുമുന്ടെന്റെ കണ്ണിലായ് നമ്മളന്നു തീര്‍ത്ത്തോരാ പൂക്കളം
ചെണ്ട് മല്ലികള്‍ , മുല്ലകള്‍ അഴകേഴു ചാലിച്ച പൂക്കളം .
പുതിയ മഞാടി മുത്തുകള്‍ തേടി വഴിനടന്നതിന്നോര്‍മ്മകള്‍ .
മാരിവില്ലിന്റെ വര്‍ണമെണ്ണി‍ നാം മഴനനഞ്ഞതിന്നോര്‍മ്മകള്‍ .

മഴയിലായിരം വര്‍ണമുണ്ടെന്നു കളി പറഞ്ഞതിന്നോര്‍മ്മകള്‍ .
ഒടുവിലിന്നിതാ മഴമണിത്തുള്ളി കൊണ്ടു വന്നു നിന്നോര്‍മ്മകള്‍ .
ഇന്ന് നീ എന്റെ കൂടെ ഉണ്ടെന്നു കളവു ചൊല്ലുന്നു തുള്ളികള്‍ .
ചില്ല് പാളിയില്‍ തെന്നി നീങ്ങുമീ കണ്ണുനീരിന്റെ ചാലുകള്‍ .

                                                                                               -Lipi

Wednesday, July 15, 2009

കാട്ടു നൊമ്പരത്തി !!





















കാട്ടു നൊമ്പരത്തി !!

ഇനിയെന്‍റെ കാടിന്‍റെ നൊമ്പരം കേള്‍ക്ക നീ ,
ഇനിയെന്‍റെ മാറിന്‍റെ നൊമ്പരം കേള്‍ക്ക നീ .
ഒരുകുടം പേമാരി നിറകുടം പെയ്യുന്നു -
അടിയന്‍റെ കാടിന്‍റെ അടിവേരുമോഴുകുന്നു .

തലവെട്ടി ഇലമാറ്റി നിര്‍ത്തിയ മാമരം -
അടിയോടെ കടപുഴകി മണ്ണില്‍ പതിക്കുന്നു .
കാച്ചിലുകള്‍ കായ്ക്കുന്ന മേച്ചില്‍ പുറങ്ങളില്‍ -
മണ്ണിന്‍റെ മണമുള്ള ചോരമഴ പെയ്യുന്നു.

കാടിന്‍റെ കൊച്ചു കുറുമ്പനാം ഉണ്ണിയെ -
പൊട്ടാസ് പൊട്ടിച്ചു പടുകുഴിയില്‍ വീഴ്ത്തുന്നു.
വമ്പുകള്‍ കാട്ടുന്ന വന്‍പുലി ഒന്നിനെ -
പച്ചയ്ക്ക് ചീന്തുന്നു കമ്പളം തീര്‍ക്കുവാന്‍ .

കാടിന്‍റെ ഓമന കൊമ്പന്‍റെ ദന്തങ്ങള്‍ -
അറവാളു പല്ലുകള്‍ കാറി മുറിക്കുന്നു .
കാടിന്‍റെ നിശ്വാസമീണങ്ങള്‍ തീര്‍ക്കുന്ന
പാഴ്മുളം തണ്ടുകള്‍ ചുട്ടു കരിക്കുന്നു .

കാടിനെ കാക്കണം നാടിനെ കാക്കണം .
കാടിന്‍റെ മക്കളുടെ മാനങ്ങള്‍ കാക്കണം .
അടരാടി നേടുവാന്‍ അമ്പുകള്‍ ,വില്ലുകള്‍ ,
അരിവാളുമല്ലാതെ അടിയനെന്താആയുധം .

ഭൂമിയെ പിളരുന്ന വിള്ളലുകളടയുവാന്‍
ഇനി വരും തലമുറകളടിവേര് തീര്‍ക്കണം .
അടിയനെ കാക്കണം അടിയോടെ കാക്കണം
അടിയന്‍റെ വേരുകള്‍ മുറിയാതെ നോക്കണം .






Wednesday, July 1, 2009

ഇടവേള ...!!!





















ഇടവേള ...!!!

കുമിയുന്ന പ്രാരാബ്ധ പടലങ്ങളൊക്കെയും
പേറുന്ന ജീവിത ചിറകഴിച്ചൊരുദിനം.
എരിയുന്ന സൂര്യന്‍റെ വര്‍ണങ്ങളലിയുന്ന
അലകടല്‍ തീരത്ത് വന്നിരിക്കാം .

മണലിന്‍റെ തിട്ടകള്‍ ഉഴുതുമറിച്ചിടാം
നനമണല്‍ കൊണ്ടൊരു കോട്ട കെട്ടാം
തീരത്ത് തെണ്ടുന്ന കൊച്ചു ബാല്യങ്ങളായ്
ഓര്‍മ്മതന്‍ ചിപ്പികള്‍ കണ്ടെടുക്കാം .

ഒരുപാടു നട കൊണ്ട പിഞ്ചു പാദങ്ങളെ
തഴുകുന്ന തിരകളെ കണ്ടുനില്‍ക്കാം .
മേല്‍ക്കുമേല്‍ ഉയരുന്ന അലകളെ പേടിച്ചു
പിന്നോട്ട് പിന്നെയും വന്നു നില്‍ക്കാം .

ചൂളം വിളിക്കുന്ന കാറ്റിന്‍റെ ഈണങ്ങള്‍
ഈരണ്ടു വരികളില്‍ ചേര്‍ത്തെടുക്കാം.
കനവിന്‍റെ പട്ടങ്ങള്‍ ഉയരെ പറത്തുവാന്‍
കാറ്റിന്‍റെ കൈകളില്‍ വച്ചുനോക്കാം .

ഒരുപാടു കഥ പറഞ്ഞടിയുന്ന കടലിന്‍റെ
ഉമിനീര് തൊട്ടെടുത്തുപ്പുനോക്കാം.
നനയുന്ന മണലിന്‍റെ തരികളില്‍ കാലൂന്നി
ഓര്‍ക്കുവാന്‍ കാലടിപ്പാടുതീര്‍ക്കാം .

വിട ചൊല്ലി മറയുന്ന അരുണന്‍റെ കിരണങ്ങള്‍
ഒരു നുള്ള് നെറുകയില്‍ തിലകമാക്കാം.
ഇരുളിന്‍റെ കരിനിഴല്‍ കരകളില്‍ പടരുന്ന-
നേരത്ത് പിന്നെയും ചിറകുതേടാം.

                                                               -Lipi