Sunday, May 6, 2018

സന്ധ്യ !


വിരുന്ന് പോയ തിരകളൊന്നും
തിരിച്ചുവന്നില്ല.
വിളക്ക്  മരവും ,
തുള വീണ തോണിയും ,
ഞാനും.
അവരവരുടെ തീരങ്ങളിൽ-
തനിച്ചായിരുന്നു.

                                   -Lipi 

Tuesday, March 27, 2018

മടക്കം

കാറ്റ് കുറുക്കിയ  പാട്ട് വേണം
കാറ് മാഞ്ഞ വാനം പോലെ തെളിഞ്ഞൊരീണവും.

മുല്ല വള്ളി പടർന്ന വരികൾ
സുഗന്ധം പരത്തണം.

മുറിഞ്ഞു പോയ വഴികളിലെ തണലിനും 
തണുപ്പിനും, നന്ദി പറയണം.

മണ്ണിന്റെ കണ്ണിലെ മഞ്ഞു കോർത്തൊരു  
മാല തീർക്കണം.

തിരിഞ്ഞു  നോക്കാതെ മടങ്ങണം.
പാടി മുഴുവിക്കാതെ ഭൂമിയിൽ പാട്ട് നിർത്തണം.

                                                     -Lipi

Wednesday, December 20, 2017

മൺകൂനകൾ

മൺകൂനകൾ
=============
"ചില്ലയിൽ ഇലകൾ
മൗനമായ്‌ പൊഴിയുമ്പോഴും;
മുന്നിലൊരു പുഴ നിലയ്‌ക്കാതെ
ഒഴുകുമ്പോഴും;

കുഞ്ഞു വിരലുകൾ
ഉപേക്ഷിച്ചു പോയ  മൺചിരട്ട പോലെ,
നീ എടുത്ത് തിരിച്ചു വച്ച
ഹൃദയം.

ഞാൻ ഇനിയും തരാം.
നിനക്ക്  മതിവരുവോളം
മൺകൂനകൾ
തീർക്കാൻ.

വിളക്ക് വയ്ക്കും ഞാൻ
ഓരോ സന്ധ്യയിലും
പതിവായ്.
ആ മൺകൂനകളിൽ."
                                              - Lipi

പൂമരങ്ങൾ

പൂമരങ്ങൾ
==========
"പറഞ്ഞു തീർന്ന പ്രണയവും,
പെയ്തു തീർന്ന മഴയും,
പറയാതെ പോയ-
പെയ്യാതെ പോയ-
മേഘങ്ങളും,
പൂമരങ്ങൾ എത്ര കണ്ടു കാണും"
                                               
                                                    -Lipi

Sunday, September 17, 2017

കാറും കോളും


പ്രണയമുണ്ടായിരിക്കാം
പകലുപോൽ പരന്നു നാം
പറന്ന വഴികളിൽ .

കനവുകൾ കൊണ്ടായിരിക്കാം
മുറിവുകൾ മായാതെ
ഉണങ്ങാതെ ഇങ്ങനെ .

പെണ്ണൊരു  കാറ്റാണ്
മുടി അഴിച്ചിട്ട കാറ്റ് .
പ്രണയം ചിലപ്പോഴൊക്കെ
കാലം തെറ്റി പെയ്യുന്ന മഴയും  .

                                              -Lipi

Saturday, June 11, 2016

ഉദയം !!!

പൂ വിരിഞ്ഞു .
പുഴ വിരിഞ്ഞു .
പുലരികൾ ,
പൂത്തുലഞ്ഞു .

പുൽനാമ്പുകളിൽ .
പൂവിട്ട -
കിരണങ്ങൾ .
പൂമ്പാറ്റകളായ് -

പറന്നുയർന്നു ..

                                  -Lipi
                              

Friday, June 10, 2016

അർദ്ധ വിരാമം!!

കടലാസിനോട് 
പ്രണയം 
പറയും മുൻപേ 
പേന 
ചോര വാർന്നു 
മരിച്ചു .

                                     -Lipi 

Saturday, May 7, 2016

"മരങ്ങൾ "!!

"മരങ്ങൾ "
=========

നമ്മൾ ഒരു മരമാണ്.
മനസ്സുകളിൽ വേരുകൾ  ആഴ്ത്തുന്ന മരം.

വേരുകളിൽ തണുത്ത ഓർമ്മകളുടെ 
നനവ് പടരുമ്പോൾ
ചുണ്ടിൽ  പൂക്കൾ 
വിരിയുന്ന മരം.
കണ്ണിൽ മുത്ത്‌ കായ്ക്കുന്ന മരം. 

                                                -Lipi

Sunday, February 14, 2016

ജയം !

ജയം !
=====

തോൽക്കുമ്പോൾ നീ എൻറെ  ചിതക്കപ്പുറം കരയുകയായിരിക്കും.
ജയിക്കുമ്പോൾ എനിക്കിപ്പുറം കനലുകൾ എരിഞ്ഞടങ്ങിയിരിക്കും.
                                       
                                                                                                                          -Lipi

Thursday, May 28, 2015

ആഞ്ഞിലി .!

ആഞ്ഞിലി .!
==========

അള്ളി പിടിച്ചിരുന്ന കല്ലും മണ്ണും
നെഞ്ചോടു ചേർത്ത് , മാനം  നോക്കി മലർന്നു വീഴുമ്പോഴും-
അവന് ഉറപ്പായിരുന്നു .

കണ്ണാരം പൊത്തി കളിച്ചപ്പോ,
കാറ്റിന് കാലിടറിയതാവും .
അല്ലാതെ അവനെന്നോട് എന്ത് ദേഷ്യം ?!

                                                                                         -Lipi

Monday, February 4, 2013

ക്ഷണികം


അറിയാത്തതെന്തോ എവിടെയോ നീറും
നോവായ്‌ മാറുന്നു പ്രണയം .

എത്രയോ പകലുകള്‍ തളര്‍ന്നു മയങ്ങും തീരം
അജ്ഞാതമേതോ സ്വകാര്യം.

ഒരു മയില്‍ പീലി തുണ്ടാലെഴുതിയ മിഴികള്‍
മഞ്ഞില്‍ വിരിഞ്ഞൊരു
മണിമുല്ല പൊട്ടിച്ചിരിക്കുന്ന  മൊഴികള്‍ .

ഉള്ളിലെന്നോളങ്ങള്‍  കൊത്തി  പറക്കുന്നു
ചിറകുള്ള പാട്ടിന്‍റെ  വരികള്‍ .

മുത്തായ് മാറുന്നു കണ്ണീര്‍ തുള്ളികള്‍
ഓര്‍ത്തു ഞാന്‍ കോര്‍ത്തെടുക്കുമ്പോള്‍ .

ഇട നെഞ്ച് തഴുകുന്ന തെന്നല്‍
മൗനം തുടിക്കുന്ന തിങ്കള്‍ .

                                                              -Lipi

Thursday, November 8, 2012


തെളിവുകള്‍
========
തെളിമയാര്‍ന്നത് അമ്മയും
തെളിയിക്കപ്പെട്ടത് അച്ഛനും

സത്യവും; തെളിവുകളും.
 എവിടെ ആയിരുന്നു ഞാന്‍?

കൈപിടിച്ചു നടത്തിയവരും
കയ്യില്‍ ചോക്ക് പെനസില്‍ പിടിപ്പിച്ചവരും

ഒരുപാടു തെറ്റിദ്ധരിപ്പിച്ചു
ഞാനാണ് സത്യമെന്ന്

ഒടുവില്‍ നീ വന്നപ്പോള്‍
എനിക്ക് എന്നെ നഷട്മായപ്പോള്‍

മറ്റൊരു ഞാന്‍ നിന്റെ മടിയില്‍
എന്റെ കവിളുകള്‍ സ്പര്‍ശിക്കാന്‍ കൈനീട്ടുന്നു.

നമ്മള്‍ ജീവിക്കുകയാണല്ലേ?
നീയെന്ന സത്യവ്യം ഞാനെന്ന തെളിവുകളും....

                                                                      -Lipi

Thursday, June 28, 2012

വേഴാമ്പല്‍ .!!!


വേഴാമ്പല്‍ .!!!
============
അവിടെ നിനക്കിന്നു നോക്കി നില്ക്കാന്‍
ഒരു  കുഞ്ഞു താരകം ബാക്കിയുണ്ടോ  ?
വഴി നീളെ ആരെയോ തേടുന്ന കുയിലിന്‍  
നാദമായ്  ഞാനിന്നു വന്നിരുന്നോ?

ചിരികൊണ്ടു മായ്ക്കുവനാകാതെ വിരിയും 
പൂക്കളുണ്ടോ നിന്‍റെ കണ്ണിലിന്നും ?

കാറ്റേറ്റു മേഘങ്ങള്‍ മാഞ്ഞുവെങ്കില്‍ !
വെയില്‍ വീണു പുല്‍ നാമ്പുണര്‍ന്നുവെങ്കില്‍ !
ഈ മണ്‍ വീണയില്‍ ഈ രണ്ടു തന്ത്രികളില്‍
ഈണങ്ങളായ് നാം പിറന്നുവെങ്കില്‍ ..!

തിരവന്നു മായ്ക്കുന്ന  തീരങ്ങളില്‍
കാണാതെ പോകുന്നു  കാല്‍ പാടുകള്‍ .

കനലെരിയുന്നോരീ  നെഞ്ഞിനുള്ളില്‍
ചിതയോരുങ്ങുന്ന നിന്‍ ഓര്‍മ്മകളില്‍ ...
ചിറകുള്ള സ്വപ്നങ്ങള്‍ ബാക്കി വയ്ക്കാം
മറ്റൊരു വേനലായ്‌ കാത്തിരിക്കാം .

ഒന്നുമേ പറയാതെ ഒരു തുള്ളി പൊഴിയാതെ
മഴ മേഘമായ്  നീ മടങ്ങുമ്പൊഴും ....

                                                                          -Lipi

Monday, June 11, 2012

Missed?!!!

"You exist 
In between 
Those whom you followed.
And those who followed you.
If missed !
Search there first......"


-LP

Saturday, March 17, 2012

നദിക്കരയിലെ വിസ്മയം !!!


ഒഴുകുന്ന പുഴ ,അലയുന്ന കാറ്റ്
തിളങ്ങുന്ന തിരച്ചാര്‍ത്ത് .
മണലൊഴിഞ്ഞ നദിക്കരയില്‍
ഇലകൊഴിഞ്ഞ  മരങ്ങളില്‍ വിസ്മയം .

ഉണക്ക മരച്ചില്ലകളില്‍
നിറയെ വെളുത്ത പൂക്കള്‍
വിടര്‍ന്നു ചിരിച്ചും , വാടിയും
മൊട്ടുപോല്‍ കൂമ്പിയും .

വെയിലിറങ്ങുന്ന വെള്ളത്തില്‍
പരല്‍ മീനുകള്‍ , മിന്നലാട്ടങ്ങള്‍ .
പൊഴിഞ്ഞു വീഴുന്ന വെണ്മലരുകള്‍
അകന്നു മാറുന്ന അലകള്‍ .

വിസ്മയം !

വിശപ്പാറ്റി ചിറകു കൊട്ടി
തിരിച്ചു കയറുന്ന പൂക്കള്‍
ചിറകു വിടര്‍ത്തി ചിരിക്കുന്നു .
നേരുപോല്‍  നേരിയ കാലൂന്നി
വെയില് കായും  കൊറ്റികള്‍ .

                                               -Lipi

Friday, March 9, 2012

പരിണയം .!!!

പരിണയം .!!!
=============


ഈറനാം കാര്‍മേഘ-
മുടിയിഴത്തുമ്പില്‍
തുമ്പക്കൊടി ചൂടുമെന്ന-
ഴകിനെ കാണാന്‍

ലോകനാര്‍ കാവിലെ
ആല്‍ത്തറ വിളക്കുകള്‍
പൊന്നരഞ്ഞാണങ്ങള്‍
അണിഞ്ഞുനില്‍ക്കെ.

അറിയല്ല, എന്തിന്നീ
മുക്കൂറ്റിക്കുറി തൊട്ട
സന്ധ്യതന്‍ സിന്ദൂരമോമനിപ്പൂ

ഉള്ളിലെന്നജ്ഞാത
ശിഖരത്തിലേതോ
ചെമ്പക മൊട്ടിലെ പ്രണയം.

അമ്പലമില്ലാതെ,
ആല്‍ത്തറയില്ലാതെ
കൈവിരല്‍ തുമ്പുകള്‍
തൊഴുതു നില്‍പൂ

തരളമീ രാവില്‍
നിലാവിന്‍റെ താളില്‍
എനിക്കായ് എഴുതിയ കവിത
 ദെവീ നിന്‍ -
കണ്മുന   എഴുതിയ കവിത .

Monday, February 27, 2012

ഭവനഭേദനം !!!

ഭവനഭേദനം !!!
============

അടയാളങ്ങള്‍ കൃത്യമായിരുന്നു .
ചിറകരിഞ്ഞ നിലവിളികള്‍
കൈത്തുറുങ്കില്‍ നിശബ്ദരായി  .
മരിച്ചിട്ടും മരിക്കാത്ത കണ്ണുകളിലെ
പുഞ്ചിരിയാണ് എന്നെ കള്ളനാക്കിയത് .
ഭവനഭേദനമായിരുന്നില്ല ലക്‌ഷ്യം
അതിനായ് ആരും മുന്‍കൂര്‍
പണം വാങ്ങി ഏല്‍ക്കില്ല .
എന്നിട്ടും ആ മോതിരം മാത്രം
ഞാന്‍ കവര്‍ന്നു
പര്‍ദയിട്ടു പണം തന്ന കൈകളില്‍
ഞാനത് കണ്ടിരുന്നു
ഇനിയാരും തിരക്കി വരില്ലെന്നും
എനിക്ക് തോന്നി .

അങ്ങനെ ഒരു ആത്മഹത്യ
കൊലപാതകവും
ഭവനഭേദനവുമായി .

                                            -Lipi













ഹൃദയപ്പാതി കനക്കുമ്പോള്‍ !!!

എന്‍റെ ഹൃദയത്തില്‍ ,
ഉച്ചിയില്‍ ,
മട്ടുപ്പാവില്‍ .

നിന്റെ ചിരി പടര്‍ന്നു -
പന്തലിച്ച ചെടികളില്‍
ചിരിക്കുന്ന പൂക്കളില്‍ ,
സ്നേഹം തുള്ളികളായ്
മുട്ടയിട്ടു പെരുകുന്നു .

കനത്ത്  കട്ട പിടിച്ച്
പെയ്യാന്‍ ഒരുങ്ങി നില്‍ക്കുന്നു .


മിഴികളില്‍ ,
കാഴ്ചയുടെ ;
ഉത്തുംഗ ശൃംഗങ്ങളില്‍.,
സ്വപ്നങ്ങളുടെ
താഴ്വാരങ്ങളില്‍

മഴ ,
പ്രളയം ,
പ്രണയം.

                                                 -Lipi

Thursday, February 23, 2012

ഉറ്റവരറ്റുപോകുമ്പോള്‍ !!!

ഉറ്റവരറ്റുപോകുമ്പോള്‍ !!!
======================

മുഷ്ട്ടി ചുരുട്ടി ,
പല്ലിറുമ്പുന്നൊരു ഭ്രൂണം
യമലോകത്തിലും
കാത്തിരിപ്പുണ്ടാകുമോ?!
അമ്മയ്ക്കുമച്ഛനും
രണ്ടു പിച്ചാത്തികളുമായ് .

                                                 -Lipi

അസുരന്‍ .!!!

അസുരന്‍ .!!!
===========

പൊന്നു മായുന്ന സന്ധ്യയില്‍ ,
മഞ്ഞു വീണ്-
ഇരുട്ട്  പരക്കുന്ന കുളക്കടവില്‍;
ആകെ നനഞ്ഞ് ,
തുള്ളി ഇറ്റുന്ന മുടിയഴിച്ചിട്ട -
പേരാലിനെ,
ഒറ്റയ്ക്ക് തുറിച്ചു നോക്കുന്നു .

കറുത്ത പുകച്ചുരുളുകള്‍ പിന്നിലായ്
കുമിഞ്ഞു പുകയുന്നോരസുരനെപ്പോലെ
വിയര്‍ത്തു നില്‍ക്കുന്ന കാഞ്ഞിരം .

                                                               -Lipi