
ഇടവേള ...!!!
കുമിയുന്ന പ്രാരാബ്ധ പടലങ്ങളൊക്കെയും
പേറുന്ന ജീവിത ചിറകഴിച്ചൊരുദിനം.
എരിയുന്ന സൂര്യന്‍റെ വര്‍ണങ്ങളലിയുന്ന
അലകടല്‍ തീരത്ത് വന്നിരിക്കാം .
മണലിന്‍റെ തിട്ടകള്‍ ഉഴുതുമറിച്ചിടാം
നനമണല്‍ കൊണ്ടൊരു കോട്ട കെട്ടാം
തീരത്ത് തെണ്ടുന്ന കൊച്ചു ബാല്യങ്ങളായ്
ഓര്‍മ്മതന്‍ ചിപ്പികള്‍ കണ്ടെടുക്കാം .
ഒരുപാടു നട കൊണ്ട പിഞ്ചു പാദങ്ങളെ
തഴുകുന്ന തിരകളെ കണ്ടുനില്‍ക്കാം .
മേല്‍ക്കുമേല്‍ ഉയരുന്ന അലകളെ പേടിച്ചു
പിന്നോട്ട് പിന്നെയും വന്നു നില്‍ക്കാം .
ചൂളം വിളിക്കുന്ന കാറ്റിന്‍റെ ഈണങ്ങള്‍
ഈരണ്ടു വരികളില്‍ ചേര്‍ത്തെടുക്കാം.
കനവിന്‍റെ പട്ടങ്ങള്‍ ഉയരെ പറത്തുവാന്‍
കാറ്റിന്‍റെ കൈകളില്‍ വച്ചുനോക്കാം .
ഒരുപാടു കഥ പറഞ്ഞടിയുന്ന കടലിന്‍റെ
ഉമിനീര് തൊട്ടെടുത്തുപ്പുനോക്കാം.
നനയുന്ന മണലിന്‍റെ തരികളില്‍ കാലൂന്നി
ഓര്‍ക്കുവാന്‍ കാലടിപ്പാടുതീര്‍ക്കാം .
വിട ചൊല്ലി മറയുന്ന അരുണന്‍റെ കിരണങ്ങള്‍
ഒരു നുള്ള് നെറുകയില്‍ തിലകമാക്കാം.
ഇരുളിന്‍റെ കരിനിഴല്‍ കരകളില്‍ പടരുന്ന-
നേരത്ത് പിന്നെയും ചിറകുതേടാം.
-Lipi
No comments:
Post a Comment