
ഹൃദയാഘാതം !!!
അറിയുവാന്‍ വൈകി ഞാന്‍ എന്നുമെന്‍ നെറുകയില്‍
പുണ്യമായ് പെയ്യുമെന്‍ അരുമയാം പൈതൃകം
ജന്മജന്മാന്തര സുകൃതമാം പൈതൃകം
പുണ്യ പ്രവാഹത്തിനുറവയാം പൈതൃകം
പൈതലായ് കണ്ണുകള്‍ അമ്മയെ തേടുന്ന
നേരത്തുമമ്മയ്ക്കു നിഴലായ് തണലായ്
പെണ്ണിനെ കാക്കുന്ന മണ്ണിനെ കാക്കുന്ന
മഹിമതന്‍ വേരുകള്‍ താതനായ് പൊരുളായ്
കണ്ണുകള്‍ കരയുവാന്‍ കണ്ണുനീരണിയുന്ന
നേരത്തു കൈകളാല്‍ പുണരുന്ന മൌനം
പതിവുകള്‍ തെറ്റാതെ പൊതികളായണയുന്ന
മധുരമായ് നാവുകള്‍ നുണയുന്ന സ്നേഹം .
അറിവുകള്‍ നേടുവാന്‍ ഇനി ഏറെ ഉണ്ടെന്നു
ചൊല്ലി പഠിപ്പിച്ച പരമ വിദ്യാലയം .
പടികളായ് പടവുകള്‍ പട വെട്ടി നേടുവാന്‍
ജ്ഞാനമായ് നിറയുന്ന പുണ്യ ദേവാലയം .
കള്ളി്മുള്ളിലകളില് മുള്ളുകള്‍ എന്ന പോല്‍
കണ്ണുകള്‍ ഭയഭീതി എന്നില്‍ നിറച്ചനാള്
പിന്നെയാ മുള്ളുകള്‍ ഉള്വലിഞ്ഞിന്നിതാ
മൃദുലതര ഹരിതാഭ ദളമായ് ജന്മം .
ഉള്ളിലാ മുള്ളുകള്‍ ആഴങ്ങളറിയുന്നു
കത്തുന്ന കണ്ണുകള്‍ കണ്ണുനീരണിയുന്നു
മുള്ളുകള്‍ ദ്വാരമാ ഹൃദയത്ത്തിലേകുന്നു
മറയാക്കി വച്ചൊരാ പുഞ്ചിരി മായ്ക്കുന്നു .
ഓര്‍മ്മകള്‍ നൃത്തം ചവിട്ടുന്ന മണലുകള്‍
ഉരുകുന്നു ചന്ദന തടികളാല്‍ ഭൂമിയില്‍ .
പുണ്യമാ ആത്മാവ് സ്വര്‍ഗം വരിക്കവേ
സ്വര്‍ഗങ്ങള്‍ കൈവിട്ട നൃപനായ് മാനവന് .
അറിയണം ഇനിയുമാ എരിയുമാത്മാവിനെ
ഇല്ലിനി ഒരു വേള ഇനിയെന്റെ പക്കലായ്
ഇനിയുമാ മടിയോടെ ശങ്കിച്ചു നില്ക്കുന്ന
തനയ രാശിക്കായി നല്കുന്നു ഞാനിതു .