
സമചിത്തന്‍ ...!!
ഒരു തെരു വിളക്കിന്‍റെ ചൂടു പറ്റി-
ചുടല പറമ്പിന്നു കാവല്‍ ഇവന്‍ .
ചിതയിലെ പുകയുന്ന കനലുതട്ടും -
ഉടലെരിയുന്നോര്‍ക്ക് തോഴന്‍ ഇവന്‍ .
കാലിലെ ചങ്ങല പാടുകള്‍ തീര്‍ക്കുന്ന -
നോവിന്‍റെ വേദനപ്പാട്ടുകാരന്‍ .
ഭൂമിയില്‍ കാലന്‍റെ വരവോതി മൂളുന്ന
കാലന്‍റെ കോഴിക്കു കൂട്ടുകാരന്‍ .
ചിത്തഭ്രമത്തിനു തെറ്റുകള്‍ പറ്റുന്ന -
കാലമാണെന്നതിന്‍ തെളിവാണിവന്‍.
കയ്യിലെ നീളുന്ന വടിയൂന്നി നേരിന്‍റെ-
വഴികളെ തേടുന്ന ഭ്രാന്തന്‍ ഇവന്‍ .
കരയുന്ന കണ്ണുകള്‍ കൊതിയോടെ കാണുന്ന -
കരളിന്‍റെ കരുണകള്‍ തീണ്ടാത്തവന്‍.
സമരങ്ങളില്ലാത്ത സമയം മുടക്കാത്ത -
സമചിത്ത ഭാവങ്ങള്‍ കാട്ടുന്നവന്‍ .
ആരവം കേള്‍ക്കുന്നു കാലന്‍റെ കാളകള്‍
കയറുകള്‍ വീഴുന്നു കാണാക്കയങ്ങളില്‍ .
വിടചൊല്ലി വഴിതേടി വരികയായ് പുതിയവര്‍ ,
അവനെ നമുക്കിന്നു വെറുതെ വിടാം .
No comments:
Post a Comment